പരീക്ഷയെഴുതുന്നതിനു മുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലം; ഉത്തർപ്രദേശിനെതിരെ പരിഹാസവുമായി ശശി തരൂർ

ന്യൂഡൽഹി: ഉത്തർപ്രദേശിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനു മുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു തരൂരിന്റെ പരിഹാസം. നീറ്റ് നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു തരൂരിന്റെ പരാമർശം. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഉത്തരക്കടലാസിന്റെ മാതൃക ഉപയോഗിച്ചായിരുന്നു തരൂർ ഈ പരിഹാസം ഉന്നയിച്ചത്.

ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും. ചോദ്യം ഇങ്ങനെ: ഉത്തർ പ്രദേശ് എന്നാൽ എന്ത്. ഉത്തരം: പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ (ഉത്തർ) അറിയുന്ന സംസ്ഥാനം. അതിശയകരം എന്നർഥം വരുന്ന വാക്കിനൊപ്പം പരീക്ഷാ പേ ചർച്ച എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്. അതേസമയം, തരൂരിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

സഹജീവികളായ ഇന്ത്യക്കാരെ അപമാനിക്കുന്ന നാണംകെട്ട രാഷ്ട്രീയ പോസ്റ്റുകളാണ് തരൂരിന്റേതെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇത് കോൺഗ്രസിന്റെ ശൈലിയാണ്. സ്വയം പ്രഖ്യാപിത വിശ്വപൗരനിൽ നിന്നാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നത് ലജ്ജാകരമാണ്. മാസങ്ങൾക്കു മുൻപ് മറ്റൊരു വിശ്വപൗരൻ പിത്രോഡ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോടും ചൈനാക്കാരോടും പശ്ചിമേഷ്യക്കാരോടും ഉപമിച്ചു. ഇത്തരം മേധാവിത്വ ചിന്തകൾ കോൺഗ്രസുകാരുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.