പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; പെഗാസസ് ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ !

ന്യൂഡല്‍ഹി: പെഗാസസ് കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിപക്ഷ ആരോപണങ്ങളെ തളളി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി തയ്യാറാക്കിയ രണ്ട് പേജുളള സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഫോണ്‍ ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം ഒരു വിദഗദ്ധ സമിതിക്ക് രൂപം നല്‍കുമെന്നും, ഇസ്രയേലി ചാര സോഫ്റ്റ്വെയറുമായി സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്നും, ചില നിക്ഷിപ്ത താല്പര്യക്കാര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഏറ്റവുമൊടുവിലത്തെ കേസിലായി ഇരുപത്തിയൊന്നാമതായി പെഗാസസ് കേസ് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഫോണ്‍ ചോര്‍ന്നതായി കാട്ടി പ്രതിപക്ഷ നേതാക്കളും മാദ്ധ്യമപ്രവര്‍ത്തകരുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കേസ് വളരെ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതിയും നേരത്തെ നിരീക്ഷിച്ചിരുന്നു.