മുഖ്യമന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധമെന്നു സുകുമാരൻ നായർ

തിരുവനന്തപുരം: എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും മുഖ്യമന്ത്രിയുടെ ഭാഗത്ത്നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമായിരുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘വിശ്വാസികളുടെ പ്രതിഷേധം മുൻപ് മുതലേയുണ്ട്. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീർച്ചയായും ഉണ്ടാകും. ഭരണമാ‌റ്റം ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാ‌റ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ.

അതിനെക്കുറിച്ച് ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല.’ ഇങ്ങനെയായിരുന്നു താൻ തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.ഈ നാടിന്റെ അവസ്ഥ അതാണ്. ഇത് ജനങ്ങൾക്ക് മനസിലായി. ജനങ്ങൾക്ക് സ്വൈരവും സമാധാനവും നൽകുന്ന സർക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഇതുതന്നെയാണ് താൻ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ പ്രസ്‌താവന വളച്ചൊടിച്ച് എൻ.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളർത്താനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പത്രക്കുറിപ്പിലാണ് സുകുമാരൻ നായർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം എന്നീ മൂല്യം സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.

തന്റെ ഈ പ്രസ്‌താവന വളച്ചൊടിച്ചും രാഷ്‌ട്രീയവൽക്കരിച്ചും ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും എൻ.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളർത്താനുള‌ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത്നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നെന്നും സുകുമാരൻ നായർ പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തിൽ എൻ.എസ്.എസിന്റെ നിലപാട് തുടരുമെന്നും അദ്ദേഹം അറിയിച്ചു.