Recent Posts (Page 26)

kerala governer

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ദേശീയ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടക്കും.

ജില്ലാതല ആഘോഷ പരിപാടികളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ബന്ധപ്പെട്ട മന്ത്രിമാർ ദേശീയ പതാക ഉയർത്തും. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി.  പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാക നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഗ്രീൻ പോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ നിർദേശം നൽകി.

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  2022 ഒക്ടോബർ 14 ന് കാമുകൻ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു. ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം ഒക്ടോബർ 25 ന് സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതി കേസിൽ 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഭൂമി അഴിമതി കേസിലാണ് നടപടി. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിയെ ഏഴ് വര്‍ഷം തടവിനും ശിക്ഷിച്ചു. 2023 ഡിസംബറിലാണ് ഇമ്രാൻ ഖാനെതിരേ കേസ് ഫയല്‍ ചെയ്യുന്നത്.ഇമ്രാൻ ഖാന്റെ ഭരണകാലത്ത് യുണൈറ്റഡ് കിംഗ്ഡം പാകിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് കനാല്‍ ഭൂമിയും കൈമാറാന്‍ ഖാനും ബുഷ്റ ബീബിയും സൗകര്യമൊരുക്കിയെന്നാണ് ആരോപണം.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നി​ഗമനം .പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും മുംബൈ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന വ്യാജപേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകളും വ്യാജമാണ്. ഹൗസ് കീപ്പിം​ഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്തെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും മുംബൈ പൊലീസ് പറഞ്ഞു . 

ടെൽഅവീവ്: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമാണെന്നും ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു . യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും , നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചത് . ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള രൂപകൽപ്പന ചെയ്ത അസാപ് എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. എട്ടുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയുവാനായി തയ്യാറാക്കിയ പോർട്ടലാണ് അസാപ് എ.സി.ഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാലുവേഷൻ). വിമൻസ് കോളേജ്‌ നടത്തുന്ന കോഗ്‌നിറ്റോപ്പിയ: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. അസാപ് കേരളയുടെ ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡിറക്ടറായ ഡോ. ഉഷ ടൈറ്റസിന്റെ സാനിധ്യത്തിൽ എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂളിന്റെയും, ദി സ്‌കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് ന്റെയും പ്രിൻസിപ്പൽമാർക്ക് എ.സി.ഇ  ടെസ്റ്റ് റിപ്പോർട്ട് കൈമാറിക്കൊണ്ടാണ് മന്ത്രി എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

തിരുവനന്തപുരം എംഎൽഎ അഡ്വ. ആന്റണി രാജു, വിമൻസ് കോളേജ് പ്രിൻസിപ്പലായ അനില.ജെ.എസ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ.കെ, അഡീഷണൽ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.സുനിൽ.ജോൺ.ജെ, വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്. വി.എസ് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരു മരണവും നിരവധിപേർക്ക് പരുക്കും പറ്റി , കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് 49 പേരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി 10.20 ഓടെയായിരുന്നു അപകടം. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു , ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അപകടത്തിന് പിന്നാലെ ഓടിപ്പോയ ഡ്രൈവര്‍ ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അരുണ്‍ദാസ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇയാൾക്ക് നിസ്സാരപരിക്കുണ്ട്. മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി കേന്ദ്രം ഉയർത്തി. രാജ്യത്തെ പത്ത് ആശുപത്രികൾക്ക് മാത്രമുള്ള അപൂർവ നേട്ടമാണത്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുകയും സിഡിസിയിൽ ജനറ്റിക്സ് ലാബ് സജ്ജമാക്കുകയും ചെയ്തു. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായി എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നു. വന്ധ്യതാ ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്യം പോലെയുള്ള പദ്ധതികളിലൂടെ നവജാത ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാൻ സാധിച്ചു. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോൾ അതിനുതകുന്ന ചികിത്സ ആശുപത്രിയിൽ ലഭിക്കണം.

സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഒന്നാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. 200ലധികം വർഷം പഴക്കമുള്ള ആശുപത്രി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശ്രയ കേന്ദ്രമാണ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുകയാണ്. ആശുപത്രിയിൽ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ ഇരട്ടിയായി വർധിപ്പിച്ചു. ലക്ഷ്യ ലേബർ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.

2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലേബർ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങൾ മാത്രം നടത്താൻ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങൾക്കുള്ള സൗകര്യമുണ്ട്. അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകൾ ഉൾപ്പെടുന്ന ഇൻബോൺ നഴ്സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗൺസിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് ഒ.പി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി: തനിക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്ക് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ഉമയെ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ഹോസ്പിറ്റലിൽ മുഖ്യമന്ത്രി സന്ദർശിക്കുകയും കുറച്ചു മിനിറ്റുകൾ അദ്ദേഹം ഉമ തോമസിനോട് സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞമാസം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, ആശുപത്രിക്കകത്ത് ഡോക്ടറുടെ കൈ പിടിച്ച് ഉമ തോമസ് നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ  സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയോജനങ്ങളുടെ  പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവർ തനിച്ചായിപോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

ആയിരത്തിയറുന്നൂറ് രൂപാ നിരക്കിൽ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കിവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ പെൻഷനർഹതയുള്ള എല്ലാവർക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു. ഇതാണ് മുതിർന്ന പൗരരോടുള്ള കേരള സർക്കാരിന്റെ കരുതൽ.

മുതിർന്ന പൗരരുടെ വിവിധ തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന  മാനസിക സമ്മർദം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും നൽകുന്ന വയോഅമൃതം പദ്ധതി അതിൽ ഒന്നാണ്. അതുപോലെ മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈൻ. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ഈ ഹെൽപ്പ്‌ലൈൻ മുഖേന ബന്ധപ്പെടാനാകും. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം എന്ന പേരിൽ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ  വകുപ്പിന് കീഴിലുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി സ്വയംപ്രഭാ ഹോം പദ്ധതി ആരംഭിച്ചു.

        മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തുന്നവർക്കും സംരക്ഷിക്കാൻ ബന്ധുക്കളില്ലാത്ത നിർധനരായ വയോജനങ്ങക്കും പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, പുനരധിവാസം തുടങ്ങിയവയ്ക്കായി പണം ചിലവഴിക്കുന്നതിനു ജില്ലാ സാമൂഹ്യനീതി ഓഫിസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. മറവി രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണ് ഓർമ്മത്തോണി.

മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ പരമാവധി ഐടി അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച സേവനം മുതിർന്ന പൗരന്മാർക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. വാതിൽപ്പടി സേവനങ്ങൾ പ്രധാനമായും മുതിർന്ന പൗരന്മാരെ ഉദ്ദേശിച്ചാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫിസുകളിൽ ചെല്ലേണ്ടതില്ലാത്ത വിധം വീട്ടുപടിക്കൽ തന്നെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ്.

മുതിർന്ന പൗരരുടെ ക്ഷേമത്തിനായി മാർഗ്ഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും മുതിർന്ന പൗരരുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും ഉത്തരവുകളും കാര്യക്ഷമമായി നടപ്പില്ലാക്കുന്നത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുമായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കും. ഇതിനായുള്ള വയോജന കമ്മീഷൻ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന വയോജന നയം 2013 പരിഷ്‌ക്കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതിനും നടപടി ആരംഭിക്കും. അതോടൊപ്പം സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഫോർ ദി എൽഡേർലി തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഒപ്പം തന്നെ മുതിർന്ന പൗരന്മാരുടെ മേഖലയിൽ സമഗ്ര നിയമനിർമ്മാണം നടത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.