Latest News (Page 9)

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ്  നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

          മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ  സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കി.  സാമ്പത്തിക ബാധ്യത  കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ വിപണന മേള ക്രമീകരിക്കുന്നത്.

        മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും. മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്.

        285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ  35 മുതൽ 40 ശതമാനം വിലകുറച്ച് വില കുറച്ച് നൽകുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി പരമാവധി വില കുറയ്ക്കാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നത്കൊണ്ടാണ് ഇത്തരത്തിൽ വില കുറച്ച് പരമാവധി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക്  എത്തിക്കുവാൻ കഴിയുന്നത്. ഉത്സവ കാലയളവിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള ‘നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. അതു കൂടാതെ മറ്റ് ഉൽപ്പനങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്.

സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം  വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടിക്കെതിരെ നൽകിയ ഹർജിയിൽ, കേസ് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ, കേസിൽ തുടരന്വേഷണം വേണമെന്നും അവർ കോടതിയിൽ വാദിച്ചു.

ഹർജി സ്വീകരിച്ച ഹൈക്കോടതി, സിബിഐയുടെ മറുപടിക്കായി ഏപ്രിൽ ഒന്നിലേക്ക് നീട്ടി. കുട്ടികളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും അതിനെ അനുകൂലിക്കുന്ന തെളിവുകൾ സി ബി ഐ അപലപനീയമായി അവഗണിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്നതിനുള്ള തെളിവുകൾ ഉണ്ടായിട്ടും മാതാപിതാക്കളെ പ്രതിചേർത്തത് തെറ്റായ നടപടിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സിബിഐയുടെ കണ്ടെത്തലിൽ, ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു വിലയിരുത്തൽ.

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായാണ് രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി ചുമതലയേറ്റത്. സംസ്ഥാന കൗൺസിൽ യോഗത്തിൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . കേരളത്തിന്റെ ബിജെപി പ്രഭാരിയായ പ്രകാശ് ജാവദേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ രാജീവിന്റെ പേര് മുന്നോട്ടുവച്ചത്. ഇന്നലെ നടന്ന സമ്മേളനത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച അദ്ദേഹം, ഇന്ന് ഔദ്യോഗികമായി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടു.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയായിരുന്നു എന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറിയതിൽ അഭിമാനമുണ്ടെന്നും, , മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ പാർട്ടിക്ക് ഉന്മേഷം നൽകുമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബർ 7 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങൾ നടത്താനായി. ഇതിലൂടെ പ്രിവന്റീവ് ടിബി എക്‌സാമിനേഷൻ നിരക്ക് വർഷത്തിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1500ൽ നിന്ന് 2201 ആയി ഉയർത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാർച്ച് ആദ്യ ആഴ്ചയോടെ അവരിൽ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1,98,101 പേർക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കാനായതായും മന്ത്രി വ്യക്തമാക്കി.

‘അതെ! നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം: പ്രതിബദ്ധത, നിക്ഷേപം, വാതിൽപ്പടി സേവനം’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, സ്റ്റേറ്റ് ടി ബി സെൽ, ജില്ലാ ടിബി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ക്ഷയരോഗ ദിനാചരണത്തിന്റേയും 100 ദിന കർമ്മ പരിപാടിയുടെ സമാപനത്തിന്റേയും ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഹാളിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയലും പങ്കുവഹിച്ചിട്ടുണ്ടെന്നു സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്തമാണ്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ജെ.സി. ഡാനിയലും അദ്ദേഹത്തിന്റെ ‘വിഗതകുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ജെ.സി. ഡാനിയലിന്റെ പ്രവർത്തനങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ജെ സി ഡാനിയലിന്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് സിനിമ മേഖല രൂപപ്പെടുത്തേണ്ടതുണ്ടെന്നും വർത്തമാനകാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ ഫലമായി മദ്രാസിനെ ആശ്രയിച്ചിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാൻ സാധിച്ചു. അതിനുശേഷം അഭിമാനകരമായ ഒരുപാട് സിനിമകൾ കെ എസ് എഫ് ഡി സിയുടെയും ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും സാങ്കേതിക സഹായത്തോടുകൂടി നിർമിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഈ വർഷം രൂപീകരണത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ സി ഡാനിയലിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലയാള സിനിമയ്ക്ക് നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിന്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലയ്ക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും വിപ്ലവശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

 ചടങ്ങിൽ ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം മുരളി എന്നിവരെ മന്ത്രി ആദരിച്ചു.

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പുതിയ മാറ്റം. മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. കോർ കമ്മിറ്റിയിലാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ, കർണാടകയിൽ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.

വികസന രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി പുതിയ കാലഘട്ടത്തിന് അനുയോജ്യനായ നേതാവായാണ് ബിജെപി രാജീവിനെ ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സമഗ്രമായ പദ്ധതികൾ അവതരിപ്പിക്കാനും ശേഷിയുള്ള നേതാവായാണ് അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നത്.

1964ൽ അഹമ്മദാബാദിൽ ജനിച്ച രാജീവ് ചന്ദ്രശേഖർ, ബിസിനസ് രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ്. ഐടി, ഇലക്ട്രോണിക്സ്, നൈപുണ്യവികസനം എന്നീ മേഖലകളിൽ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹത്തിന്, സമഗ്രമായ വ്യവസായപരിചയമുണ്ട്. കേരള ബിജെപിയിൽ സംഘടനാ പ്രശ്‌നങ്ങൾക്കിടയിൽ, ഒരു ശക്തമായ നേതാവായി പ്രവർത്തിക്കാൻ രാജീവിന് കഴിയുമെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24 ന്  മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ  പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5.30 ന്   തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. ‘നെറ്റ്‌സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ മൊബൈൽ ആപ്പ് പ്രകാശനവും, ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ‘നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ’ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ശശിതരൂർ എം.പി, ആന്റണി രാജു എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, കെ.എസ്.ഡബ്യു.എം.പി. പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്.  അയ്യർ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു. പി. അലക്‌സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്,  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എം. കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി. പി. മുരളി, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ രവിരാജ് ആർ, ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ്‌കുമാർ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി. എൻ. സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ പ്രതിനിധികൾ, കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമാകും.

തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നയത്തെയാണ് കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും പ്രശംസിച്ചത്. ദില്ലിയിൽ നടന്ന ‘റായ്സിന ഡയലോഗ്’ സെഷനിൽ സംസാരിക്കുമ്പോഴാണ് തരൂർ മോദിയുടെ നയതന്ത്രം ശരിയാണെന്ന് വിലയിരുത്തിയത്. രണ്ടു രാജ്യങ്ങളുമായും ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞു, മുമ്പ് താൻ അതിനെ എതിർത്തത് തെറ്റായിപ്പോയെന്നും തരൂർ വ്യക്തമാക്കി.

തരൂരിന്റെ പ്രസ്താവന ബിജെപി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ബിജെപി നേതാക്കൾ അതിനെ സ്വാഗതം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എക്സിൽ തരൂരിനെ ടാഗ് ചെയ്ത് അഭിനന്ദന കുറിപ്പ് പോസ്റ്റു ചെയ്തു.

ഇതിന് മുമ്പും പ്രധാനമന്ത്രിയെ അനുകൂലിച്ചും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും തരൂർ പ്രതികരിച്ചിട്ടുണ്ട്.

മെക്സിക്കൻ ഉൾക്കടലിൽ, ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന്, ക്രൂ-9 ബഹിരാകാശ പേടകം വിജയകരമായി ലാൻഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ക്രൂ-9 സംഘത്തിലെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

സ്റ്റാർലൈനർ പേടകത്തിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാൽ ദൗത്യകാലാവധി നീളേണ്ടിവന്ന സുനിത വില്യംസും ബുച്ച് വിൽമോറും, 9 മാസത്തെ ദൗത്യം ആവേശകരമായി പൂർത്തിയാക്കി തിരികെ എത്തി. 2024 ജൂൺ 5നായിരുന്നു ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇവർ ഐഎസ്എസിലേക്ക് യാത്രതിരിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്ന ദൗത്യകാലാവധി, പക്ഷേ സാങ്കേതിക തടസ്സങ്ങൾ കാരണം തിരികെ വരാൻ കഴിയാത്ത അവസ്ഥയിലായി.

ബുധനാഴ്ച പുലർച്ചെ 2:36ഓടെ ഡ്രാഗൺ പേടകത്തിലെ സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് വേർതിരിച്ച ശേഷം 2:41ഓടെ അവസാന എഞ്ചിൻ ജ്വലനം നടത്തി ലാൻഡിംഗ് പാത ഉറപ്പിച്ചു. മൂന്നു മണിയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ സമാധാനമായിറങ്ങി.

മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

“അനവധി നിരവധിയായ ആന്തരിക, മാനസിക സംഘർഷങ്ങളിലൂടെയാണ് ട്രാൻസ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങൾ, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയർത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു.

ബൈനറീസിൽ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുവാനും ട്രാൻസ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വർണ്ണപ്പകിട്ട് എന്ന പരിപാടി നടത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സ്‌കൂളിൽ പഠിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപയും കോളേജിൽ പഠിക്കുന്നവർക്ക് പ്രതിമാസം രണ്ടായിരം രൂപയും വകുപ്പ് നൽകുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയക്കായി നൽകുന്നത്. തുടർ ചികിത്സ വേണ്ടവർക്ക് പ്രതിമാസം 3,000 രൂപ വരെയാണ് നൽകുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു ഹെൽപ് ലൈൻ പദ്ധതിയും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാൻ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സർഗാത്മക കഴിവുകളാൽ അനുഗ്രഹീതരായ ട്രാൻസ് സഹോദരങ്ങൾക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു.