Latest News (Page 24)

പ്രയാ​ഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലും സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം.

കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ച് ഇതുവരെയും ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉന്നതതല യോഗം വിളിച്ച യോ​​ഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചർച്ച നടത്തി.

2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തർപ്രദേശ് സർക്കാർ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേളയിൽ ഒരുക്കിയിരുന്നു. എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും സംഗംഘട്ടിലേക്ക് സ്നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും തിരക്ക് ഒഴിവാക്കണമെന്നും യോ​​ഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

റേഷൻ വ്യാപാരികളുടെ കമ്മീഷൻ പരിഷ്‌ക്കരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങും. അർഹമായ വർധനവ് വേഗത്തിൽ നടപ്പിലാക്കും. അഞ്ച് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ വ്യാപാരികൾ തീരുമാനങ്ങൾ അംഗീകരിച്ചു. ഇന്ന് വൈകിട്ട് തന്നെ സാധ്യമായ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. നാളെ രാവിലെ മുതൽ എല്ലാ റേഷൻ കടകളും പ്രവർത്തിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പതിനെട്ടോളം നിർദ്ദേശങ്ങൾ അംഗീകരിച്ചു മുന്നോട്ടുപോകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സാമ്പത്തികകാര്യങ്ങൾ ഉൾപ്പെടുന്ന വ്യാപാരികളുടെ ആവശ്യങ്ങൾ പ്രായോഗികതകൂടി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും. റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കുന്നതിന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുന്ന കെ സ്റ്റോറുകളായി മാറ്റുന്നത് ഉൾപ്പടെ വ്യാപാരികളെ സഹായിക്കുന്ന നിരവധി തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സിവിൽ സപ്ലൈസ് കമ്മീഷണർ മുകുന്ദ് ടാക്കൂർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, റേഷൻ കോർഡിനേഷൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, മുഹമ്മദലി, മോഹനൻപിള്ള, ജി. കൃഷ്ണപ്രസാദ്, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, കാടാമ്പുഴ മൂസ, ശശിധരൻ, കെ.ഇ.ആർ.എഫ് (എ.ഐ.റ്റി.യു.സി) വർക്കിംഗ് പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, മീനാങ്കൽ സന്തോഷ് എന്നിവർ പങ്കെടുത്തു.

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഏതാനും ദിവസങ്ങളിലായി സനൽകുമാർ ശശിധരൻ നടിയെ ടാ​ഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നും യുഎസിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.സനല്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. 

2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ആ
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം നൽകിയത്.

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ രണ്ടു ഘട്ടങ്ങളിലായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി വീണാ ജോർജ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ മുതൽ (ജനുവരി 27) നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തിൽ നിന്നും പിൻമാറണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സർക്കാരിന് അംഗീകരിക്കുവാൻ കഴിയില്ല. ജനങ്ങൾക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിക്കപ്പെട്ടത് അവർ ഗുണഭോക്താക്കൾക്ക് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരും. ഇവിടെ സർക്കാരിന്റെ വീഴ്ച്ചകൊണ്ടല്ല ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ മുടങ്ങുന്നത്.

എൻ.എഫ്.എസ്.എ നിയമ പ്രകാരം അർഹതപെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തിൽ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകാൻ പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നു. സർക്കാർ വാതിൽപടി വിതരണം പൂർത്തിയാക്കുകയും തുടർന്നും ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, റേഷൻ വ്യാപാരികൾ ധാന്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഗുണഭോക്താവിന് അവർ ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരുമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തിൽ ഏതു വിധത്തിലും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളെ മുതൽ പൊതുവിതരണ വകുപ്പിൽ മുഴുവൻ ഉദ്യോഗസ്ഥരും ഹാജരാകുവാനും ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് ആസ്ഥാനത്ത് കൺട്രോൾ റൂം തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൺട്രോൾ റൂം നമ്പർ : 9188527301.

ഈ മാസം 63.82 ശതമാനം കാർഡ് ഉടമകൾ ഇതിനോടകം റേഷൻ കൈപറ്റിയിട്ടുണ്ട്. മുൻഗണന വിഭാഗത്തിൽപെടുന്ന എ എ വൈ വിഭാഗത്തിലെ 86 ശതമാനം പേരും പി എച്ച് എച്ച് വിഭാഗത്തിൽപെടുന്ന 78 ശതമാനം പേരും ഈ മാസം റേഷൻ കൈപറ്റിയിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 330 റേഷൻ കടകൾ സഹകരണ സ്ഥാപനങ്ങളുടെ കീഴിൽ നടന്നു വരുന്നു. സംസ്ഥാനത്ത് 156 കടകൾ താൽകാലിക ലൈസൻസികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്. മേൽ പരാമർശിച്ച റേഷൻ കടകൾ, അതായത് 487 റേഷൻ കടകൾ നാളെ തുറന്നു പ്രവർത്തിക്കും.

കേന്ദ്ര സർക്കാർ എഫ്.സി.ഐ വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാർ മാത്രമാണ് റേഷൻ കട ലൈസൻസികൾ. പ്രസ്തുത ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യാതെ കട അടച്ചിട്ട് സമരം ചെയ്യുന്ന സമീപനം ശെരിയാണോ എന്ന് റേഷൻ വ്യാപാരികൾ പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡിൽ ഇന്ന് ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും.

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ  പ്രതിരോധിക്കേണ്ടത്  ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ത്യയെന്ന  ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.

നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും  കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മപ്പെടുത്തുന്നത്.

സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന  സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണമെന്നും ഏവർക്കും  റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി [56]അന്തരിച്ചു.
ഈ മാസം 16ന് ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന്ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. .സംവിധായകൻ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട കല്യാണരാമൻ, ‌പുലിവാൽ കല്യാണം,‌ ചോക്കലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ്, 2 കൺട്രീസ്, തുടങ്ങി അനേകം സിനിമകളും സംവിധാനം ചെയ്തു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും ചർച്ച നടത്തി. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ചർച്ചയുടെ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ നിന്നും പിന്മാറണമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു. യോഗത്തിൽ സംഘടനാ നേതാക്കളായി ജി. സ്റ്റീഫൻ എം എൽ എ, ജോണി നല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് (45) മരിച്ചത്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്.