Latest News (Page 18)

മലപ്പുറം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖന വിവാദത്തിൽ മറുപടിയുമായി മുസ്ലിം ലീഗ്. താൻ വ്യവസായി മന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ ഉണ്ടായ വികസന മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കേരളത്തിന്റെ” വ്യവസായ ഭൂപടം എ.കെ. ആൻറണി സർക്കാരിന്റെ കാലത്താണ് മാറിയത്” – എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്നത്തെ യുഡിഎഫ് സർക്കാർ കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വലിയ സമരങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിൽ സഹകരിച്ചതു യുഡിഎഫ് ആയിരുന്നുവെന്നും ഇടതുപക്ഷം അന്നും ഇപ്പോഴും നിക്ഷേപ സൗഹൃദ നിലപാടുകളുമായി മുന്നോട്ടുപോകുന്നില്ലെന്നും ലീഗ് നേതാവ് വിമർശിച്ചു. “കേരളത്തിൽ വ്യവസായ വളർച്ചയ്ക്കുണ്ടായ എല്ലാ മാറ്റങ്ങൾക്കും കാരണം യുഡിഎഫാണ്. ഇടതുപക്ഷം സ്ഥിരമായി തടസ്സങ്ങൾ സൃഷ്ടിച്ചു” – എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ വിമർശനം ഉചിതമായ വേദിയിൽ പറഞ്ഞാൽ മതിയെന്നും, ലീഗ് ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഞ്ചു വർഷം കൊണ്ട് യുഡിഎഫ് കൈവരിച്ച വികസനം ഒമ്പത് വർഷമായിട്ടും എൽഡിഎഫിനായി സാധ്യമായിട്ടില്ല” – എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കിലും തിക്കിലും പെട്ട് 18 പേർ മരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. കുംഭമേളക്ക് പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. വേറൊരിടത്തേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ വൈകിയതോടെയാണ് ആളുകൾ നിയന്ത്രണം വിട്ട് തിരക്ക് കൂടിയതുമാണ് ദുരന്തത്തിലേക്ക് നയിച്ചത് .

സംഭവത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. 14, 15 നമ്പർ പ്ലാറ്റ്‌ഫോമുകളിലാണ് അപകടം ഉണ്ടായത്.

ഉന്നതതല അന്വേഷണം നടത്താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ടു പ്രത്യേക ട്രെയിനുകൾ റെയിൽവേ തയ്യാറാക്കിയിരുന്നു. ഈ ട്രെയിനുകൾ എത്തിച്ചേരുമ്പോഴായിരുന്നു തിരക്ക് അതിരൂക്ഷമായത്. നിരവധി പേർ അബോധാവസ്ഥയിലാവുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പ്രത്യേക നടപടികൾ സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും കൃഷിചെയ്യുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ആദ്യഘട്ടമായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനായി ഉപയോഗപ്പെടുത്തി. ഇനിയും വ്യത്യസ്ത പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുബൈ: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനമായ ദുബൈ ലൂപ്പ് പ്രഖ്യാപിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും, അമേരിക്കൻ ടെക് ഭീമൻ ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയുമാണ് ഈ പദ്ധതിക്ക് കരാർ ഒപ്പുവെച്ചത്. 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിലൂടെ മണിക്കൂറിൽ 20,000 പേർ യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്.

ദുബൈ ലൂപ്പ്, ലാസ് വെഗാസിലെ ബോറിങ് കമ്പനി നിർമിച്ച തുരങ്ക ഗതാഗത സംവിധാനം മാതൃകയാക്കിയാണ് രൂപകൽപ്പന ചെയ്യുന്നത്. 11 സ്റ്റേഷനുകൾ ഉള്ള ഈ തുരങ്കം, ഭൂകമ്പം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കിടയിലും ഏറ്റവും സുരക്ഷിതമായ ഗതാഗത സംവിധാനമാകുമെന്ന് യു.എ.ഇ. നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് അപ്ലിക്കേഷൻ വകുപ്പ് മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയും വ്യക്തമാക്കി.

ലോക സർക്കാരുകളുടെ ഉച്ചകോടിയിൽ ഇലോൺ മസ്ക് പങ്കെടുത്ത സെഷനിലാണ് ഈ പ്രഖ്യാപനം നടന്നത്. ലൂപ്പിലൂടെ ഒരു സ്ഥലത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സ്റ്റോപ്പ് ഇല്ലാതെ യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും ഇവിടെ ഓടുക. “ഇത് അപൂർവ അനുഭവമാവും, ഒരിക്കൽ ഉപയോഗിച്ചാൽ അതിശയിപ്പിക്കില്ലാതെ ഇരിക്കില്ല” എന്നതാണ് ഇലോൺ മസ്കിന്റെ പ്രതികരണം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രശംസിച്ച ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും, ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര വ്യക്തമാക്കി.

മോദിയുടെ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് തരൂരിന്റെ അനുകൂല പരാമർശം. പ്രധാനമന്ത്രി മോദിയുടെയും ഡൊണാൾഡ് ട്രംപിന്റെയും പ്രസ്താവനകൾ വ്യാപാര മേഖലയിലെ ഭാവിയിലേക്കുള്ള പ്രതീക്ഷകൾ ഉയർത്തുന്നുവെന്നും, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ് തരൂർ പറഞ്ഞത്.

കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ നേരത്തെ പാർട്ടിക്ക് തലവേദന ഉണ്ടാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശേഷം തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധയോടെ വിലയിരുത്തുകയാണ് പാർട്ടി. പ്രവർത്തക സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും പാർട്ടിക്കുള്ളിൽ സമ്മർദ്ദം മൂലമാണെന്ന വിലയിരുത്തലുണ്ട്.

സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും എന്നാണ് മനസിലാകുന്നതെന്നും കേരളത്തിന്റെ സമ്പദ്ഘടനയേയും സമൂഹത്തെയും സംബന്ധിച്ച  പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ നയരൂപീകരണത്തിനും പുതിയ കാൽവയ്പ്പുകൾക്കും ഏറെ സഹായകരമാകും.

 പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടുമാണ് കേരളം മുന്നോട്ട് പോകുന്നത്.

കോവിഡിന് ശേഷം കേരളത്തിന്റെ സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. നികുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനങ്ങൾക്കില്ല. ജനസംഖ്യാ നിയന്ത്രണണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച നമ്മുടെ സംസ്ഥാനത്തിന് കുറഞ്ഞുവരുന്ന കേന്ദ്ര നികുതി വിഹിതത്തിന്റെ കാര്യം 16ാം ധനകാര്യ കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും മുൻപിൽ ഉന്നയിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  16ാം ധനകാര്യ കമ്മീഷന്റെ മുന്നിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളെയും കൂടി ചേർത്തുകൊണ്ട് ശക്തമായ അഭിപ്രായ രൂപീകരണം നടത്തുന്നതിന് നേതൃത്വം നൽകിയത് കേരളമാണ്.

കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയെ കുറിച്ച് സാമ്പത്തിക വിദഗ്ധരായ നിങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്ത് വിലകൊടുത്തും പശ്ചാത്തല മേഖലയിൽ നേരത്തെ സംഭവിച്ചുപോയ പോരായ്മ നികത്തും എന്ന ദൃഢനിശ്ചയത്തോട് കൂടിയാണ് കഴിഞ്ഞ എട്ടരവർഷമായി കേരളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം എല്ലാ മേഖലകളിലും ഇപ്പോൾ കാണാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുൾപ്പെടെ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പുതിയൊരു വളർച്ചാ തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും നടക്കേണ്ടതുണ്ട്. സാമ്പത്തിക വിദഗ്ധർക്കാണ് അത് ഏറ്റെടുക്കാൻ കഴിയുക.

പശ്ചാത്തല മേഖലയിലെ പുരോഗതി സൃഷ്ടിക്കുന്ന സാമ്പത്തിക ചലനങ്ങൾ എന്തൊക്കെയായിരിക്കും,  അത് ഏതൊക്കെ രംഗത്താണ് പുതിയ സാധ്യതകൾ തുറന്നു തരിക, ഈ സാധ്യതകളെ ഉപയോഗപ്പെടുത്താൻ എന്തെല്ലാം തുടർ നടപടികളാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ഭാഗത്തു നിന്നുമുണ്ടാകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന വിലപ്പെട്ട നിർദേശങ്ങൾ സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

പശ്ചാത്തലമേഖലയിലെ വികസനം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എന്തെല്ലാം തരത്തിലുള്ള തൊഴിലുകൾക്കാണ് കൂടുതൽ സാധ്യത, അതിനായി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്തുതരം മാറ്റങ്ങളാണ് ഉണ്ടാകേണ്ടത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സർക്കാർ തലത്തിൽ ചില ഗൃഹപാഠങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ അത് മാത്രം പോരാ, വിവിധ ഗവേഷക സമൂഹങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കാലം തുറന്നു തരുന്ന പുതിയ അവസരങ്ങൾ  ഫലപ്രദമായി വിനിയോഗിക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. പക്ഷെ ഇനിയും വളരെയധികം കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാനുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇക്കാര്യത്തിൽ നൂതനമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് സാധിക്കും.

പതിനഞ്ചാം പദ്ധതിയുടെ പശ്ചാത്തലത്തിൽ വിപുലമായ പങ്കാളിതത്തോട് കൂടി ഒരു ജനകീയ വികസന പഠന സംവാദ യജ്ഞം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശരാശരി പത്തു ലക്ഷം രൂപ വീതം കേരളത്തിലെ അൻപത് ഉന്നത വിദ്യാഭ്യാസ ഗവേഷണ പ്രൊജക്റ്റുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോൾ നാം ലക്ഷ്യമിടുന്നത് ഒരു വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനും ഗുണമേന്മയുള്ളതാക്കാനും നാം ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ദിശയിൽ നമ്മൾ നടത്തിയ കാൽവയ്പ്പുകൾ ഫലംകണ്ടുതുടങ്ങിയിട്ടുമുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെയും ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ചുരുങ്ങിയ കാലയളവിൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന കാര്യം ചർച്ച ചെയ്യുകയും സർക്കാരിനാവശ്യമായ നിർദേശങ്ങൾ തരികയും ചെയ്യണമെന്ന് കോൺഫറൻസിൽ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിംഗ് അതിരുകടന്ന ക്രൂരതയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. “റാഗിംഗിന്റെ ആദ്യ സെക്കൻഡുകൾ കണ്ടപ്പോൾ തന്നെ അതിന്റെ ക്രൂരത മനസ്സിലാക്കാമായിരുന്നു. മുഴുവൻ വീഡിയോ കാണാൻ പോലും കഴിയില്ല. സസ്പെൻഷനിൽ മാത്രം ഒതുങ്ങാൻ കഴിയാത്ത വിഷയമാണിത്. പ്രതികളെ കോളേജിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികൾ ആലോചിച്ചുവരികയാണ്,” മന്ത്രി വ്യക്തമാക്കി.

സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു . “സിസിടിവി ക്യാമറകൾ കോളേജ് കോറിഡോറിലുണ്ടെങ്കിലും, ഭരണകൂടത്തിന് സംഭവങ്ങളെക്കുറിച്ച് എന്തുകൊണ്ട് അറിയാൻ കഴിഞ്ഞില്ല? സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാരുടെ മുറിയിൽ നിരന്തരം പ്രവേശിച്ചതെന്തിന്? മൂന്നുമാസമായി പീഡനം തുടരുന്നുണ്ടായിരുന്നെന്നും ഇതിൽ വിദ്യാർത്ഥി അടിയന്തരമായി നീതി തേടണമെന്നും,” മന്ത്രി അഭിപ്രായപ്പെട്ടു.

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തെ തുടർന്ന് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ഇടപെടലുമായി മുന്നോട്ടുവരികയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിർദ്ദേശം നൽകി . വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണം.ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിർദേശം നൽകി

ആനയെ നിയന്ത്രിക്കുന്നതിനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുമായി അധികൃതർക്ക് നിർദേശങ്ങൾ നൽകുമെന്ന് കോടതി വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം: വയനാട്ടിൽ പുനരധിവാസ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു. ടൗൺഷിപ്പ് ഉൾപ്പെടെ 16 പദ്ധതികൾക്കാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്. 50 വർഷത്തിനകം തിരിച്ചടയ്ക്കാനാകുന്ന പലിശരഹിത വായ്പയാണിതെന്ന് കേന്ദ്ര ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ടൗൺഷിപ്പുകൾ വികസിപ്പിക്കാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ പൊതുമേഖലാ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ എന്നിവയുടെ നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർച്ച് 31നകം ഈ തുക ഉപയോഗിക്കണമെന്ന കേന്ദ്ര നിർദേശം വന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ അനുവദിച്ച തുക പ്രായോഗികമായി ചെലവഴിക്കാൻ ബുദ്ധിമുട്ടാണെന്നതായിരുന്നു ധനവകുപ്പിന്റെ പ്രതികരണം.

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് നികുതി ഇളവ് നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായി ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിനെതിരെ തീരുവ ഏർപ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും ഒരേ രീതിയിലുള്ള സമീപനം പുലർത്തുമെന്ന് ട്രംപ് വ്യക്തമാക്കി. സഖ്യരാജ്യങ്ങൾ പോലും ചിലപ്പോൾ ശത്രു രാജ്യങ്ങളെക്കാൾ മോശം നികുതി നയങ്ങൾ പിന്തുടരുന്നു. 2030 ഓടെ ഇന്ത്യ-യുഎസ് വ്യാപാരം ഇരട്ടിയായി 500 ബില്യൻ ഡോളർ തൊടാൻ നടപടികൾ ആരംഭിച്ചുവെന്ന് മോദി പറഞ്ഞു.

ഇരുരാജ്യങ്ങളും ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടും. ഇന്ത്യ ബോസ്റ്റണിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കും. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് ഉറപ്പ് നൽകി. യുഎസ് സുപ്രീം കോടതി ഈ തീരുമാനം അംഗീകരിച്ചതായി റിപ്പോർട്ട്. കീഴ്‌ക്കോടതി വിധിക്കെതിരായ റാണയുടെ അപ്പീൽ ഹർജി തള്ളിയതോടെയാണ് ഇത് സാധ്യമായത്.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മോദി-ട്രംപ് തമ്മിൽ ഈ തീരുമാനങ്ങൾ കൈകൊണ്ടത്. ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ് ഉറപ്പുനൽകി. അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയക്കും എന്നും അദ്ദേഹം പറഞ്ഞു.