Latest News (Page 13)

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടം സമഗ്രമായി പുതുക്കിപ്പണിയുന്നതിനുള്ള പദ്ധതിയുമായി പിണറായി സർക്കാർ. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കുന്നതിനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ നിർദ്ദേശങ്ങൾ ആലോചിച്ചു, അതിൽ സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം കണ്ടെത്താനും പ്രധാനമായ തീരുമാനമായി.

ആവശ്യമായ അറ്റകുറ്റപ്പണികൾ തൽസമയം നടത്താത്തതിന്റെ ഫലമായി ചെറിയതും വലിയതുമായ അപകടങ്ങൾ പതിവായിട്ടുണ്ട്. ഇത് പരിഹരിക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരണ പദ്ധതിയാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതിനായി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ജനുവരി 20-നു ചേർന്ന യോഗത്തിൽ ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തുകയും സെക്രെട്ടേറിയേറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം പൂർണക്ഷമമാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ഇലക്ട്രോണിക് മാലിന്യ സംസ്‌കരണത്തിനും ഉപയോഗശൂന്യമായ വാഹനങ്ങൾ സെക്രട്ടറിയേറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നായകളെ ഒഴിപ്പിക്കാൻ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് സെല്ലിന് നിർദേശമുണ്ട്. കൂടാതെ, ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കാനുള്ള സാധ്യതയും ആലോചിക്കുന്നു.

കൊച്ചി: ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിയുന്ന പക്ഷം, പരാതിക്കാരിക്കെതിരെ പൊലീസിന് നിയമനടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമക്കേസുകളും യഥാർത്ഥമാകണമെന്നില്ലെന്നും, അതിനാൽ വിശദമായ അന്വേഷണം നിർബന്ധമാണെന്നും കോടതി നിരീക്ഷിച്ചു.

വ്യാജപരാതികളുടെ ആധാരത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും കോടതിക്കും അനാവശ്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില പൊലീസ് ഉദ്യോഗസ്ഥർ ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ മടിക്കാറുണ്ടെന്നും, ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിയുന്ന പക്ഷം, പരാതിക്കാരിക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമക്കേസുകളും യഥാർത്ഥമാകണമെന്നില്ലെന്നും, അതിനാൽ വിശദമായ അന്വേഷണം നിർബന്ധമാണെന്നും കോടതി നിരീക്ഷിച്ചു.

വ്യാജപരാതികളുടെ ആധാരത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും കോടതിക്കും അനാവശ്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില പൊലീസ് ഉദ്യോഗസ്ഥർ ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ മടിക്കാറുണ്ടെന്നും, ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കോടതി അവരുടെ താൽപര്യം സംരക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലോകത്തിന്റെ ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് – യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി കൂടിക്കാഴ്ച തർക്കത്തോടെയാണ് അവസാനിച്ചത്. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ വാക്കുതർക്കം അതിരൂക്ഷമായതിനെ തുടർന്ന് സെലൻസ്കിയെ പുറത്തുപോകാൻ നിർദേശിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ച ആസ്വാഭാവികമായിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ആരംഭിച്ച ചർച്ചയിൽ, സെലൻസ്കിയുടെ നിലപാടുകളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. അമേരിക്കയുടെ സഹായം കൊണ്ട് യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണോ? മൂന്നാം ലോക മഹായുദ്ധം ലക്ഷ്യമിട്ടുണ്ടോ? എന്നുളള ട്രംപിന്റെ ചോദ്യം ചർച്ചയെ കൂടുതൽ തീവ്രമാക്കി.

സംഘർഷം ഉയർന്നതോടെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. ചർച്ച പൂർണമായും തകർന്നതോടെ, വൈറ്റ് ഹൗസിൽ നിന്ന് പുറത്ത് എത്തിയ സെലൻസ്കി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്നാൽ, പിന്നീട് എക്സിൽ അദ്ദേഹം ട്രംപിന് നന്ദി അറിയിച്ചു. റഷ്യൻ മാധ്യമങ്ങളും ഈ സംഭവം വലുതായി റിപ്പോർട്ട് ചെയ്യുകയാണ്.

sabarimala

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ ഭാഗമായി പണം പിരിച്ചതായി ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി. ഹൈക്കോടതി, പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് തീരുമാനം എടുത്തത്.

മുദ്രവച്ച കവറില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരിന് തുടർനടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതി പൊലീസ് നേതൃത്വത്തിലാണ് നടപ്പാക്കപ്പെട്ടിരുന്നത്, എന്നാല്‍ പിന്നീട് അതിന്റെ പ്രവര്‍ത്തനം തുടരാതെപോയി.

2011ല്‍ ഐജിപി വിജയന്റെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് “പവിത്രം ശബരിമല” എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് വരികയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുണ്യം പൂങ്കാവനം പദ്ധതി നിലച്ചിരിക്കുകയാണ്, അതിനു പകരമായി പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുകയാണ്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് സാംസ്‌കാരിക, യുവജനകാര്യ, വകുപ്പ് മന്ത്രി സജി ചെറിയാൻ. കെഎസ്എഫ്ഡിസിയ്ക്ക് കീഴിലുള്ള തിയേറ്ററുകൾ ആധുനികവൽക്കരിക്കുന്ന പദ്ധതികൾ നടക്കുകയാണ്. ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ മാറ്റുന്നതിനുള്ള നവീകരണപ്രവർത്തനങ്ങൾ 150 കോടി ചെലവിട്ട് നടപ്പാക്കി വരികയാണ്. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി/പട്ടികവർഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്ത ‘അരിക്’ എന്ന ചിത്രത്തിന്റെയും മനോജ് കുമാർ സി എസ് സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രത്തിന്റെയും പ്രദർശനോദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

സിനിമ മേൽനോട്ടവും നിർമാണവും മാത്രമല്ല അതിന്റെ വിതരണ മേഖലകളിലെ സേവനങ്ങൾ കൂടി നിർവഹിക്കുന്ന നിലയിൽ കെഎസ്എഫ്ഡിസി മാറും. രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന തരത്തിൽ ഒരു സിനിമ നിർമ്മിച്ചു പുറത്തിറക്കാൻ കെഎസ്എഫ്ഡിസി മുൻകൈയെടുക്കും. സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്‌മെന്റ്‌, റൈറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ, സൂപ്പർവിഷൻ, മാർക്കറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുന്നതിനു വേണ്ടി ചലച്ചിത്ര അക്കാദമി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിനിമ വെറുമൊരു ആശയവിനിമയം മാത്രമല്ല, അതിനെ വ്യവസായമായി രൂപാന്തരപ്പെടുത്തുന്ന നയം നടപ്പിലാക്കുന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അടുക്കുകയാണ്. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷിതത്വം, അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം, തൊഴിൽ ലഭ്യത, പ്രോത്സാഹനം എന്നിവയിൽ സർക്കാർ മുഖ്യപങ്ക് വഹിക്കുമെന്നു മന്ത്രി പറഞ്ഞു.

വനിതകളെയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിൽ നിന്നും രണ്ടുവീതം തിരക്കഥകൾക്ക് സിനിമയാക്കാൻ ഒന്നരക്കോടി രൂപ വീതം ആറു കോടി രൂപ അനുവദിച്ചത്. വനിതാ വിഭാഗത്തിലെ നാല് സിനിമകൾ മുൻപ് റിലീസ് ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ നമ്മുടെ മികച്ച കലാകാരന്മാരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

pention

വിരമിക്കുന്നതോടെ സ്ഥിര വരുമാനമാര്‍ഗം അടയുന്നതിനാല്‍ സാമ്പത്തിക സുരക്ഷ എല്ലാവരുടെയും പ്രധാന പരിഗണനയാണ്. നിലവില്‍, പെന്‍ഷന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍, എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകുന്ന ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപടികള്‍ മുന്നോട്ടു വെച്ചതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കായി നേരത്തെ തന്നെ വിവിധ പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പുതിയ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി അതില്‍ നിന്നും വ്യക്തമായി മാറുന്നതാണ്. പാരമ്പര്യേതരമായ തൊഴില്‍ ഘടനയ്ക്കകത്തും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപകമായ ജനവിഭാഗത്തിന് ഘടനാപരമായ പെന്‍ഷന്‍ സംവിധാനം വാഗ്ദാനം ചെയ്യുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയില്‍ ചേരുന്നതിന് ഒരു സ്ഥിര ജോലി ആവശ്യമില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കാലക്രമേണ തങ്ങളുടെ പെന്‍ഷനിലേക്കു സംഭാവന നല്‍കി സംരക്ഷണം ഉറപ്പാക്കാനാകും.

കൊച്ചി: ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പരാമര്‍ശക്കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി. സി. ജോർജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജനുവരി 5ന് നടന്ന ചാനൽ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പി. സി. ജോർജിനെതിരായ നിയമനടപടികൾ ആരംഭിച്ചിരുന്നു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴി നടക്കുന്ന ഡാറ്റ ശേഖരണത്തെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സമരത്തിൽ പങ്കെടുത്തിരിക്കുന്നത് വളരെ കുറച്ച് ആശാ പ്രവർത്തകരുമാത്രമാണെന്നും, അവരുടെ പഞ്ചായത്തുകളിൽ ബദൽ സംവിധാനം ഒരുക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ സമരത്തിൽ ഏഴ് ശതമാനം ആശമാർ പങ്കെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇത് ആറുശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. സംസ്ഥാനത്തെ ഓരോ ആശയ്ക്കും പ്രതിമാസം ശരാശരി ₹13,000 ലഭിക്കുമ്പോൾ, ₹9,500 സംസ്ഥാനം ഏറ്റെടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും സംസ്ഥാന സർക്കാർ അർഹമായ പരിഗണന നൽകുന്നുവെന്നും ഓണറേറിയം വർദ്ധന പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത നേടിയവരെ ആശാ വർക്കർമാരാക്കി, കൂടാതെ കമ്പ്യൂട്ടർ സാക്ഷരത ഉൾപ്പെടെയുള്ള പരിശീലനങ്ങൾ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ സമരപരമ്പര ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വർധിച്ച കൊലപാതകങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ സർക്കാരിന്റെ പരാജയത്തിനെതിരെ മാർച്ച് 5ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ‘നോ ക്രൈം, നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസ സമരം.പ്രവർത്തകർക്ക് പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എം.എം. ഹസൻ അറിയിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച നിലനിൽക്കാതെ കൊലപാതകങ്ങൾ വർധിച്ചുവരികയാണെന്നും, ഭരണകൂടത്തിന്റെ അവഗണനയിലും പൊലീസിന്റെയും എക്സൈസിന്റെയും അലംഭാവത്തിലും കേരളം രാസലഹരിയുടെ പറുദീസയായി മാറിയതായും അദ്ദേഹം ആരോപിച്ചു

തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിന് വനിതാ വികസന കോർപ്പറേഷൻ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ലോൺ കൊടുക്കുക മാത്രമല്ല നിയമ അവബോധവും സാങ്കേതികമായ പിന്തുണയുമുൾപ്പെടെ പ്രോജക്ടുകൾ നന്നായി നടപ്പിലാക്കുന്നതിന് വേണ്ടുന്ന എല്ലാ പിന്തുണയും സ്ത്രീ സംരംഭകർക്ക് വനിതാ വികസന കോർപ്പറേഷൻ നൽകി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. ‘എസ്‌കലേറ 2025’ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംരംഭകരായ വനിതകൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയാണ് ‘എസ്‌കലേറ-2025’ ന്റെ  ലക്ഷ്യം. കേരളത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച മാർക്കറ്റിംഗിന് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പെൺകുട്ടികളാണ്. 70 ശതമാനത്തിന് മുകളിലാണ് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതൽ. ആരോഗ്യ രംഗത്തും 70 ശതമാനത്തിലധികം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകൾ കേരളത്തിൽ കൂടുതലാണ്. എങ്കിലും വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെയും തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെയും സംഖ്യയിൽ വലിയ അന്തരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലുൾപ്പെടെ പലപ്പോഴും സ്ത്രീകൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിത വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കോർപ്പറേഷൻ വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ 2021-22 മുതൽ ലാഭം വിഹിതം സർക്കാരിന് നൽകി വരുന്നു. എൻ എം ഡി എഫ് സി-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌ക്കാരം തുടർച്ചയി രണ്ട് വർഷം നേടി, പ്രവർത്തന മികവിന് എൻ എസ് എഫ് ഡി സി, എൻ ബി സി എഫ് ഡി സി എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്കായി ‘181’ വനിതാ ഹെൽപ് ലൈൻ, ആർത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചർ വിമൻ ഗ്രൂമിങ്ങ് പ്രോഗ്രാം-പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ ‘എസ്‌കലേറ 2025’ മേളയിൽ പങ്കെടുക്കും. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

ടെക്‌നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിനും ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചർച്ചകളും നടക്കും.

കാൻസർ സ്‌ക്രീനിംഗ് ക്യാമ്പും എസ്‌കലേറയിലുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന കാൻസർ പ്രതിരോധ ജനകീയ കാമ്പയിനായ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്, എല്ലാ ദിവസവും ക്യാമ്പ് പ്രവർത്തിക്കും. സ്‌ക്രീനിംഗ് സൗജന്യമാണ്.  സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോർപ്പറേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയുടെ സ്‌ക്രീനിംഗ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.