കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധിക്ക് പരിഹാരം. ഇനിയിങ്ങോട്ട് എല്ലാ മാസവും ഒന്നാം തീയതിയ്ക്ക് തന്നെ ശമ്പളം
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ വിതരണം ആരംഭിക്കും.
സർക്കാർ സഹായത്തോടെ ശമ്പള വിതരണം ഉറപ്പാക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. ഇതുവരെ 10,000 കോടി രൂപയോളം വിവിധ ഘട്ടങ്ങളിലായി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും എല്ലാ മാസവും 50 കോടി രൂപ തുടർന്നും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ചെലവ് കുറയ്ക്കലിന്‍റെ ഭാഗമായിട്ടാണ് ഈ മുൻകരുതൽ.
ഫിനാൻഷ്യൽ മാനേജ്മെന്റ് ശക്തമാക്കുന്നു
കെഎസ്ആർടിസി ഇനി എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും, പിന്നീട് സർക്കാർ നൽകിയ തുകയിലൂടെ അത് തിരിച്ചടയ്ക്കും. മാനേജ്മെന്റ് നിയന്ത്രണങ്ങളോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനായി വരുമാനത്തിന്റെ 5% പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷൻ വിതരണം പതിവാക്കാനാകും. പി.എഫ് ആനുകൂല്യങ്ങളും ഉടൻ നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു.










