Latest News (Page 10)

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വിശദീകരിച്ചത്. മധുരയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഇപ്പോഴത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ആദ്യം ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ഒരേ നമ്പർ ഉള്ള വോട്ടർ ഐ ഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐ ഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സവിശേഷ വോട്ടർ ഐ.ഡി കാർഡ് നമ്പർ ലഭ്യമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരട്ട വോട്ടർ ഐ.ഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ തന്നെയാണെന്ന് കമ്മീഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടർ ഐ.ഡി സീരീസ് അനുവദിച്ചപ്പോൾ ചില രജിസ്‌ട്രേഷൻ ഓഫീസർമാർ തെറ്റായ സീരീസ് നൽകിയതാണ് പിഴവിന് കാരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടർ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. വോട്ടർ ഐ ഡി നമ്പർ ഏതാണെങ്കിലും, ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജൻറുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികൾ അറിയിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ, ജില്ലാ മജിസ്‌ട്രേട്ടിനോ ജില്ലാ കളക്ടർക്കോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോ അപ്പീൽ നൽകാൻ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കിൽ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസംഗവുമായി പി. സി. ജോർജ്. സംസ്ഥാനത്ത് ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുവെന്നായിരുന്നു ജോർജിന്റെ അവകാശവാദം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും, ഇതിൽ 41 പേരെ മാത്രം തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“ക്രിസ്ത്യാനികൾ 24 വയസിനു മുമ്പ് പെൺകുട്ടികളെ വിവാഹം ചെയ്യിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസ്സിലാക്കി രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം,” എന്നാണ് ജോർജിന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഗുരുതര അപകടത്തിനുള്ളതാണെന്നും, അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിലും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന.

പാലായിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിലായിരുന്നു പി. സി. ജോർജിന്റെ പ്രസംഗം. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഈ പുതിയ പ്രസ്താവന. ജനുവരി 6-ന് ഒരു ചാനൽ ചര്‍ച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ജോർജിനെതിരെ കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതിപ്പെട്ടത്.

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഐസിസി കിരീടം സ്വന്തമാക്കി. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 76 റൺസ് നേടി രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ, രണ്ട് ഐസിസി കിരീടങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായുള്ള നേട്ടം രോഹിത് സ്വന്തമാക്കി.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടവിജയമാണിത്. ഒരു മത്സരത്തിലും പരാജയമറിയാതെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീം ഇന്ത്യ കിരീടം നേടിയെടുത്തത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശ്രേയസ് അയ്യർ 46 റൺസും, കെ എൽ രാഹുൽ പുറത്താകാതെ 33 പന്തിൽ 34 റൺസുമടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അതേസമയം, ഇന്ത്യയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമർപ്പിച്ചു. “അസാധാരണമായ പ്രകടനം! ടൂർണമെന്റിലുടനീളം ടീം ഇന്ത്യ അതുല്യമായ മികവ് പുറത്തെടുത്തു,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ന്യുസീലൻഡിന് വേണ്ടി ഡാരിൽ മിച്ചൽ 63 റൺസും, മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 53 റൺസുമടിച്ച് ടീമിന് ലയോകരമായ സ്കോർ നൽകാൻ ശ്രമിച്ചു. ഇന്ത്യൻ ബൗളർമാർ ശക്തമായ പ്രകടനം കാഴ്ചവച്ചതോടെ കിവീസ് ടീമിന് 252 റൺസിൽ തടഞ്ഞുനിർത്താനായി. കുൽദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി.

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണിയയെ പ്രധാനമന്ത്രിയായി പ്രഖ്യാപിതനായി. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണ് കാർണി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്രൂഡോയ്ക്ക് പിൻഗാമിയായുള്ള ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് കാനഡ നോക്കിക്കാണുന്നത്.

2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായും, 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ അധ്യക്ഷനുമായും കാർണി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന നിലയിൽ പൊതുജന സർവേകളിൽ കാർണി മുന്നിൽ നിന്നിരുന്നു.

ലിബറൽ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ 131,674 വോട്ടുകൾ നേടി 85.9% ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു. മറ്റ് സ്ഥാനാർത്ഥികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് (11,134 വോട്ടുകൾ), കരീന ഗൗൾഡ് (4,785 വോട്ടുകൾ), ഫ്രാങ്ക് ബെയ്‌ലിസ് (4,038 വോട്ടുകൾ) എന്നിവരെ മറികടന്നാണ് കാർണി നേട്ടം കൈവരിച്ചത്.

ലിബറൽ പാർട്ടി കൺവെൻഷനിൽ അദ്ദേഹത്തെ വേദിയിലേക്ക് പരിചയപ്പെടുത്തിയത് മകൾ ക്ലിയോ കാർണി ആയിരുന്നു. തന്റെ പ്രസംഗത്തിൽ കാർണി കാനഡയുടെ ശക്തിയും ഐക്യവുമാണ് പ്രധാനമെന്ന് ഉറപ്പിച്ചു. ട്രംപിന്റെ നികുതി ഭീഷണികൾക്കെതിരെ ശക്തമായി നിലകൊള്ളും എന്നും ഒരു പുതിയ സാമ്പത്തിക പദ്ധതി നടപ്പിലാക്കി രാജ്യത്തിന്റെ വളർച്ച ഉറപ്പാക്കുമെന്നുമാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കായി പുതിയ ദർശന മാർഗം ഒരുക്കാൻ ദേവസ്വം ബോർഡ് തുടർ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ശ്രീകോവിലിനു മുന്നിലെത്താൻ കഴിയുന്ന പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പുതിയ മാർഗം പരീക്ഷണാടിസ്ഥാനത്തിൽ മീനമാസ പൂജയ്ക്കായി നട തുറക്കുന്ന മാർച്ച് 14ന് ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർ ഫ്ലൈഓവറിലൂടെ ചുറ്റിപോകേണ്ടി വരുന്നു. ഇതുമൂലം ദർശന സമയം വളരെ കുറവാണ്. പുതിയ സംവിധാനം നടപ്പാക്കിയാൽ, ഭക്തർക്ക് നേരിട്ട് കൊടിമരത്തിൻ്റെ ഇരുവശങ്ങളിലൂടെയും ശ്രീകോവിലിനു മുന്നിലേക്ക് പ്രവേശിക്കാം, കൂടാതെ ദർശനത്തിന് കൂടുതൽ സമയം ലഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി നടുവിൽ കാണിക്കവഞ്ചി സ്ഥാപിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു.

ഇരുമുടിക്കെട്ടില്ലാതെ വടക്കേനടയിലൂടെ എത്തുന്നവർക്കും ശ്രീകോവിലിനു മുന്നിലേക്ക് കടന്നുപോകാനുള്ള സൗകര്യം ഈ പുതിയ മാർഗം നൽകും. താത്കാലികമായ് നിർമ്മിക്കുന്ന ഈ പാത പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച ശേഷം, വിജയകരമായാൽ കൂടുതൽ ശാശ്വതമാക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചിട്ടുണ്ടെന്നും ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ തിരക്ക് നിയന്ത്രണത്തിനായി പഴയ ഫ്ലൈഓവർ നിലനിര്‍ത്തും.

കഴിഞ്ഞ മണ്ഡലകാല മഹോത്സവത്തിൽ ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തുകയും, തിരക്ക് കാര്യമായി അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗം നടപ്പാക്കുന്നതാണ്. ദർശനം സുഗമമാക്കുന്നതിനായി ദേവസ്വം ബോർഡും പോലീസും ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വലിയ മുന്നേറ്റങ്ങളിലൊന്നായ ഹൈഡ്രജൻ ട്രെയിൻ രാജ്യത്ത് സേവനം ആരംഭിക്കാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. മാർച്ച് 31ന് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലെത്തുമെന്നാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ചെന്നൈയിലെ ഉദ്യോഗസ്ഥൻ യു സുബ്ബ റാവു അറിയിച്ചിരിക്കുന്നത്. ഡൽഹി ഡിവിഷനിലെ ജിന്ദ്-സോണിപത്ത് റൂട്ടിലാണ് ആദ്യം ഈ ഹൈഡ്രജൻ ട്രെയിൻ ഓടുമെന്നതായി റിപ്പോർട്ടുകളുണ്ട്. 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ 140 മുതൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും.

2,638 യാത്രക്കാരെ ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകളുടെ സഹായത്തോടെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ചെന്നൈ പെരമ്പൂരിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഹൈഡ്രജൻ ട്രെയിനിന്റെ സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്.

ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) രൂപപ്പെടുത്തിയാണ്. നിലവിൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

ജിന്ദ്-സോണിപത്ത് റൂട്ടിലാകും ആദ്യ സർവീസ് എന്ന സൂചനകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒരു ഹൈഡ്രജൻ ട്രെയിനിന്റെ നിർമ്മാണച്ചെലവ് 80 കോടി രൂപയാണ്. 2,800 കോടി രൂപയുടെ പദ്ധതിയിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഓരോ ട്രെയിനിലും 10 ബോഗികൾ ഉൾപ്പെടും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനുകളിൽ കൂടുതൽ ബോഗികൾ ഉണ്ടാകും. ഇംഗ്ലണ്ട്, ചൈന, ജർമനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലുമധികം കരുത്തുള്ളതാകും ഇന്ത്യ നിർമ്മിച്ച ട്രെയിനുകളെന്ന സൂചനകളുണ്ട്.

കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ പുനസംഘടനയുണ്ടാകാൻ സാധ്യത. പുതിയ ജില്ലാ സെക്രട്ടറിമാരുള്‍പ്പെടെ ഇരുപതോളം പുതുമുഖങ്ങൾ നേതൃത്വലെത്തുമെന്ന് സൂചന. ആനാവൂർ നാഗപ്പനും പി.കെ. ശ്രീമതിയും അടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥാനമൊഴിയും. എന്നാൽ എം.വി. ഗോവിന്ദൻ സെക്രട്ടറിയായി തുടരും.

വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവർക്കൊപ്പം ജെയ്ക് സി. തോമസ്, റെജി സഖറിയ, ഡി.കെ. മുരളി, കെ.എസ്. സുനിൽ കുമാർ, പി.ആർ. മുരളീധരൻ, എൻ. സുകന്യ, എസ്. ജയമോഹൻ, എം. നൗഷാദ്, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബു ജാൻ എന്നിവർ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. മന്ത്രിമാരായ വീനാ ജോർജ്ജ്, ആർ. ബിന്ദു എന്നിവരും ഉണ്ടാകു മെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനെത്തിയ എം.വി. നികേഷ് കുമാറിനെ ക്ഷണിതാവാക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.

കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ നയപരമായ സമീപനങ്ങളിൽ വലിയ പുനരാലോചന നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച “നവകേരളം” എന്ന കാഴ്ചപ്പാട് പ്രതിനിധികൾ ഒറ്റക്കെട്ടായി അംഗീകരിച്ചു. സ്വകാര്യ നിക്ഷേപം കൂടുതൽ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ള ഈ നയരേഖയ്ക്ക് പ്രതിനിധികൾ പൂര്‍ണ പിന്തുണ നൽകിയപ്പോഴും സെസും ഫീസും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദേശമാത്രമേ ഉയർന്നിട്ടുള്ളൂ. നാലു മണിക്കൂർ നീണ്ട ചർച്ചയിൽ പാർട്ടിയുടെ അടിസ്ഥാന നയപരമായ മാറ്റങ്ങൾ ആരും ചോദ്യം ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചി: വിവാഹ സത്കാരങ്ങൾക്കും മറ്റുള്ള പൊതു പരിപാടികൾക്കും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കാനായി കൂടുതൽ കർശന നടപടികൾ വേണമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകിയിട്ടുണ്ട്. സത്കാര ചടങ്ങുകളിൽ അരലിറ്റർ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ കൂടുതൽ നിർബന്ധിത നടപടികൾ ആലോചനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

റെയിൽവേ ട്രാക്കുകളിൽ മാലിന്യം തള്ളുന്നത് അനുവദിക്കരുതെന്നും, ട്രാക്കുകൾ മാലിന്യമുക്തമാക്കാൻ കടുത്ത നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി റെയിൽവേയോട് നിർദേശിച്ചു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം ശക്തമാകുന്നതിനിടയിലാണ് കോടതി ഇത്തരത്തിലുള്ള കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം വിദ്യാർത്ഥികളുടെ സ്കൂളിനുള്ളിലെ ആഘോഷങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കാസർകോട് ഒരു സ്കൂളിലെ യാത്രയയപ്പ് പരിപാടിയിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച സംഭവവും, താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മരിച്ച സംഭവവും കണക്കിലെടുത്താണ് ഈ തീരുമാനം.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നടപടിയെടുക്കാൻ തീരുമാനമായത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയച്ചിട്ടുണ്ട്.

അവസാന പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർത്ഥികൾ ഹോളി മാതൃകയിൽ കളിക്കലും ചെണ്ടമേളം ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും, അതിനാൽ അത്തരം പ്രവർത്തനങ്ങൾ തടയാൻ സ്കൂൾ മാനേജ്മെന്റുകൾ കർശനമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങണമെന്ന് നിർബന്ധിക്കണമെന്നും, രക്ഷിതാക്കൾ കുട്ടികൾ വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ചില വിദ്യാർത്ഥികൾ സ്കൂളിന്റെ ശൗചാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും മദ്യപിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, പരീക്ഷ കഴിഞ്ഞ് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല.

അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾ തങ്ങാൻ അനുവദിക്കില്ലെന്നും, തീരുമാനം കർശനമായി നടപ്പിലാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.