തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
ന്യൂഡൽഹി: ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തിൽ നിറഞ്ഞുനിന്ന താള വിസ്മയമാണ് നിലച്ചത്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. 73 വയസായിരുന്നു. ഉസ്താദിന്റെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.
ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈൻറെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ.
1951ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.