അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ കേസ്; സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ച് അണ്ണാമലൈ
കോയമ്പത്തൂർ: അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി. നീതി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് കെ അണ്ണാമലൈ കോയമ്പത്തൂരിലെ വസതിക്ക് മുന്നിൽ സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ചു. ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ‘അനാസ്ഥ’യെ അപലപിച്ചാണ് അണ്ണാമലൈയുടെ പ്രതിഷേധം.
വെള്ളിയാഴ്ച മുതൽ 48 ദിവസം നീണ്ടുനിൽക്കുന്ന മുരുകൻ ദീക്ഷയും അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ തമിഴ്നാട്ടിൽ നിന്ന് ‘നീക്കംചെയ്യുന്നത്’ വരെ കാലിൽ ചെരിപ്പ് ധരിക്കില്ലെന്ന പ്രതിജ്ഞയും അണ്ണാമലൈ നടത്തിയത്. ലൈംഗിക പീഡനക്കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനായതിനാലാണ് ഇരയുടെ പേര് പുറത്തു വന്നതെന്ന് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.
സാങ്കേതിക തകരാർ മൂലമാണ് എഫ്‌ഐആർ ചോർന്നതെന്നായിരുന്നു തമിഴ്നാട് പോലീസിന്റെ വിശദീകരണം. ഇതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.