National (Page 6)

പ്രയാ​ഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലും സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം.

കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ച് ഇതുവരെയും ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉന്നതതല യോഗം വിളിച്ച യോ​​ഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചർച്ച നടത്തി.

2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തർപ്രദേശ് സർക്കാർ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേളയിൽ ഒരുക്കിയിരുന്നു. എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും സംഗംഘട്ടിലേക്ക് സ്നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും തിരക്ക് ഒഴിവാക്കണമെന്നും യോ​​ഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.

ഉത്തരാഖണ്ഡിൽ ഇന്ന് ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും.

കൊച്ചി: സ്വര്‍ണവില ചരിത്രത്തിലാദ്യമായി 60,000 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍. ആഗോള വിപണിയിലും വില കുത്തനെ കൂടുകയാണ്. അമേരിക്കയിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് കുതിപ്പിന് പിന്നിലെന്നാണ് വിലയിരുത്തൽ.ഇനിയും വില കൂടുമെന്നാണ് പ്രചാരണം. 3000 രൂപയുടെ വര്‍ധനവാണ് സ്വർ‌ണവിലയിൽ ഈ മാസം ഇതുവരെ ഉണ്ടായത് .‌ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 60,200 രൂപയാണ് വില. 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7525 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6205 രൂപയിലെത്തി. വെള്ളിയുടെ വില 99 രൂപ എന്ന ഗ്രാം നിരക്ക് തുടരുകയാണ്.

അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ‍ഡൊണാൾഡ് ട്രംപിന് ആശംസകളുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രിയപ്പെട്ട സുഹൃത്ത് താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങളെന്നും രണ്ടാം വരവും വിജകരമാകട്ടെയെന്നും മോദി കുറിച്ചു. ഇരു രാജ്യങ്ങളുടേയും മികച്ച ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നി​ഗമനം .പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും മുംബൈ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന വ്യാജപേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകളും വ്യാജമാണ്. ഹൗസ് കീപ്പിം​ഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്തെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും മുംബൈ പൊലീസ് പറഞ്ഞു . 

ജമ്മു കശ്മീരിലെ സോനാമാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടി ചെലവിൽ 12 കിലോമീറ്ററിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8650 അടി ഉയരത്തിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്തമായ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ട് പട്ടണത്തിന് സമാനമായി സോനാമാര്‍ഗിനെ ഒരു ശൈത്യകാല കായിക വിനോദകേന്ദ്രമായി വികസിപ്പിക്കാന്‍ ഈ തുരങ്കപാത സഹായിക്കുമെന്നും പട്ടണം ഒരു മികച്ച സ്‌കീയിംഗ് റിസോര്‍ട്ടായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒപ്പം ശ്രീനഗറില്‍ നിന്ന് കാര്‍ഗില്‍ അല്ലെങ്കില്‍ ലേയിലേക്കുള്ള യാത്രാ സമയവും കുറഞ്ഞുകിട്ടും,മെച്ചപ്പെട്ട കണക്ടിവിറ്റിയിലൂടെ ഈ പ്രദേശത്തേക്ക് ചരക്കുകളും ഉദ്യോഗസ്ഥരെയും എളുപ്പത്തില്‍ എത്തിക്കാമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് ഗുണം ചെയ്യും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള പാതകള്‍ ഒഴിവാക്കാനും തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കാനും തുരങ്കപാത സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.  45 കോടിയിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾ മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും.

പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറായി . കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചു. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ. 

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്ന് സർവെ ഫലം.കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് 27 വർഷങ്ങൾക്കിപ്പുറം വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം.

ബിജെപി 35 സീറ്റ് വരെ നേടിയേക്കാം കോൺഗ്രസാകട്ടെ 3 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.ദില്ലിയിലെ ജനങ്ങൾ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി.

ന്യൂഡല്‍ഹി: താൻ ദൈവമല്ല, മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പോഡ്കാസ്റ്റിൽ അരങ്ങേറ്റംക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട് . രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ തുടങ്ങി നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. 

‘ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ഇത് താങ്കളുടെ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും പറഞ്ഞു . തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്നും പോഡ്കാസ്റ്റിന് മുമ്പ് പുറത്തുവിട്ട ട്രെയിലറിൽ മോദി പറയുന്നുണ്ട്. തനിയ്ക്ക് ​ഹിന്ദിയിൽ വൈദ​ഗ്ധ്യമില്ലെന്ന് പോഡ്‌കാസ്റ്റിൻ്റെ തുടക്കത്തിൽ തന്നെ നിഖിൽ കാമത്ത് പറഞ്ഞു. താനൊരു ദക്ഷിണേന്ത്യക്കാരനാണ്. കൂടുതലും ബെം​ഗളൂരുവിലാണ് വളർന്നത്. അതിനാൽ തന്റെ ഹിന്ദി നല്ലതല്ലെങ്കിൽ ക്ഷമിക്കണമെന്ന് നിഖിൽ കാമത്ത് പറഞ്ഞപ്പോൾ നമുക്ക് രണ്ട് പേർക്കും കൂടി ഇക്കാര്യം കൈകാര്യം ചെയ്യാമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യമായി പോഡ്കാസ്റ്റ് ചെയ്യുന്നതിനാൽ തനിയ്ക്കും കുറച്ച് പരിഭ്രാന്തി ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

Tirumala

തിരുമല തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടയാണ് തിക്കും തിരക്കും ഉണ്ടായത്.

മരിച്ച ആറ് പേരിൽ അഞ്ച് പേര്‍ സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്.

കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് ആളുകൾ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂപ്പൺ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകൾ തള്ളി കയറിയതാണ് അപകടകാരണമായത്.