ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുത്; സുപ്രീം കോടതി
ന്യൂഡൽഹി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകളെ വിലക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും തടയുകയായിരുന്നു. ഇത്തരത്തിൽ കടന്നുപോകുന്ന ബസുകളെ തടയരുതെന്ന് സുപ്രീം കോടതി തമിഴ്‌നാടിന് നിർദ്ദേശം നൽകി.
തമിഴ്‌നാട് സർക്കാരിന്റെ പുതിയ നടപടി കാരണം കേരളത്തിൽ നിന്ന് കർണാടക, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസ് സർവീസുകളും തടസപ്പെട്ടിരുന്നു. തുടർന്ന് ഈ ബസുകളുടെ ഉടമകൾ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പു നടത്തുന്നത് തടയുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 838 ബസുകൾക്ക് തമിഴ്‌നാട് ട്രാൻസ്പോർട്ട് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
ടൂറിസ്റ്റ് പെർമിറ്റ് നേടുന്ന ബസുകൾക്ക് യാത്രക്കാരുമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കോൺട്രാക്ട് ക്യാരേജായി പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ ബസുകൾ വിവിധയിടങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേജ് ക്യാരേജുകളായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തി. ഇതോടെ ഈ ബസുകൾ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിന് സമയവും അനുവദിച്ചു. ഈ സമയപരിധി അവസാനിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.










