National (Page 39)

ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യുട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തിൽ പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെനാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഉയർത്തിക്കാട്ടുന്നത്. ബിഹാറിന്റെ വളർച്ചയ്ക്കും സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉള്ള സുപ്രധാന നടപടിയാണിതെന്നാണ് അദ്ദേഹം അറിയിച്ചത്. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിന്റെ സംവരണ ക്വോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ സംവരണ ക്വോട്ട ഉൾപ്പെടുത്തണമെന്നും ജെഡിയു വ്യക്തമാക്കുന്നു.

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഇപ്പോൾ വാട്ട്‌സ് ആപ്പ് തുറക്കുമ്പോൾ കാണുന്ന നീല വളയത്തെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യു്‌നത്. മെറ്റാ എഐയുടെ സേവനം ആണ് ഈ നീല വളയം. എ ഐ സേവനം ലഭിക്കുന്നതിനായി വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ എന്നിവയിലെല്ലാം പ്രത്യേക സൗകര്യമാണ് മെറ്റ ഒരുക്കിയിരിക്കുന്നത്.

നിലവിൽ മെറ്റ പ്ലാറ്റ് ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്കാകും. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കാം. വാട്സ്ആപ്പിൽ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പിൽ നിർദേശം നൽകിയാൽ മതിയാകും. തുടക്കത്തിൽ ഇംഗ്ലീഷിലാണ് മെറ്റ എഐ സേവനങ്ങൾ ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവും.

മെറ്റ എഐയിലെ ടെക്സ്റ്റ് അധിഷ്ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.

കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിലെ കണ്ണികളായ ഇന്ത്യക്കാർ ശ്രിലങ്കയിൽ അറസ്റ്റിൽ. 137 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ കുറ്റാന്വേഷണവിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊളംബോയുടെ പ്രാന്തപ്രദേശങ്ങളായ മഡിവേല, ബത്തരമുള്ള, നെഗുംബോ എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലാകുന്നത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായകത്തെളിവുകൾ ലഭിച്ചത് നെഗുംബോയിലെ ആഡംബരവീട്ടിൽ നടത്തിയ തിരച്ചിലിലാണ്. ആദ്യം 13 പേരെയും പിന്നീട് 19 പേരെയും പിടികൂടി. പെരദെനിയയിൽ അച്ഛനും മകനും സംഘത്തെ സഹായിച്ചതായി സമ്മതിച്ചു. തട്ടിപ്പിനിരയായ ആളുടെ പരാതിപ്രകാരമായിരുന്നു അന്വേഷണം നടന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിന് പണം നൽകാമെന്നുപറഞ്ഞാണ് സംഘം തട്ടിപ്പുനടത്തിയത്. വാഗ്ദാനത്തിൽ ആകൃഷ്ടരായി എത്തുന്നവരെ വാട്സാപ്പ് കൂട്ടായ്മയിൽ ചേർക്കും. ആദ്യഘട്ട പ്രതിഫലം നൽകിയശേഷം ഇരകളെ നിക്ഷേപത്തിനായി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവർ ദുബായ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുറാക്കറ്റിലെ കണ്ണികളാണിവരെന്നാണ് സൂചന. നിയമവിരുദ്ധവാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും സംഘം നടത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ശ്രീനഗർ: അമർനാഥ് തീർഥാടന യാത്രയ്ക്കായി ആദ്യസംഘം പുറപ്പെട്ടു. 4603 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ബേസ് ക്യാംപായ ജമ്മുവിലെ ഭഗവതി നഗറിൽ നിന്നു സംഘം യാത്ര തിരിച്ചത്. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇത്തവണയും 2 വഴികളിലൂടെയാണ് തീർഥയാത്ര. 48 കി.മീ ദൂരമുള്ള പരമ്പരാഗത നുൻവാൻ-പഹൽഗാം വഴിയും 14 കി.മീ ദൂരമുള്ള ബാൽറ്റൽ വഴിയുമാണു തുറന്ന് നൽകിയിരിക്കുന്നത്. 3880 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ. വെള്ളിയാഴ്ച ഉച്ചയോടെ തീർഥാടകരുടെ ആദ്യസംഘം കശ്മീർ താഴ്വരയിൽ എത്തിയിരുന്നു.

കനത്ത സുരക്ഷയാണ് തീർഥാടകർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റേതും ഉൾപ്പടെ വിവിധ അർധ സൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണു തീർഥാടനം നടക്കുന്നത്.

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. മുൻ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, ഇരട്ട വിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യത്തിൽ നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ആസൂത്രണം ചെയ്യുന്ന ദൗത്യമാണ് ചന്ദ്രയാൻ 4. രണ്ട് ഭാഗങ്ങളായാണ് ചന്ദ്രയാൻ 4 പേടകം വിക്ഷേപിക്കുന്നത്. ശേഷം ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും. ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികൾ നടക്കുകയാണെന്നും ‘സ്പെഡെക്സ്’ എന്ന പേരിൽ ഈ വർഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് വിശദമാക്കി.

നേരത്തെ നടത്തിയ ദൗത്യങ്ങളിലൊന്നും തന്നെ ഐഎസ്ആർഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല. സ്പെഡ്എക്സിലൂടെ നടത്തുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷണം ബഹിരാകാശ നിലയം ഉൾപ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിർമാണവും വ്യത്യസ്ത ഭാഗങ്ങൾ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേർത്തുകൊണ്ടായിരിക്കും. ചന്ദ്രയാൻ 4 പദ്ധതിക്കായുള്ള നിർദേശം സർക്കാരിന്റെ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ‘വിഷൻ 47’ ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിർദേശങ്ങളിൽ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷൻ 47. ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട സർക്കാരിന് നൽകാനുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: നടൻ കമൽഹാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമായ ഹേ റാം എന്ന സിനിമയിൽ അഭിനയിച്ചതിന് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സൗജന്യമായി തന്റെ സിനിമയിൽ അഭിനയിച്ചതിൽ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. ഒന്നിച്ച് ജോലി ചെയ്യുമ്പോൾ തങ്ങൾ സഹപ്രവർത്തകരായിരുന്നുവെന്നും ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അംജത് അലിഖാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

റാഞ്ചി: ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.

ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് അറസ്റ്റിനു തൊട്ടുമുൻപാണ്. ഹേമന്ത് സോറന്റെ അറസ്റ്റിൽ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് ഇന്ത്യ സഖ്യത്തിന് ആശ്വാസമേകുന്നുണ്ട്.

വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് എൻഫോഴ്‌സ്‌മെന്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. മേൽക്കൂരയുടെ തൂണ് വീണ ടാക്സി ഡ്രൈവർ ആണ് മരണപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചര മണിയോടെയാണ് ഇന്ദിരാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്.

സംഭവസ്ഥലത്തെ മൂന്ന് കാറുകൾ തകർന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെർമിനലിലാണ് അപകടം സംഭവിച്ചത്. മേൽക്കൂരയും അത് താങ്ങി നിർത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവിൽ ഒന്നാമത്തെ ടെർമിനൽ താത്കാലികമായി അടച്ചിട്ടു. ഇവിടെ നിന്നുള്ള ചെക്കിൻ, സർവീസുകൾ തുടങ്ങിയവയും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവൻ ആളുകളേയും ആശുപത്രിയിൽ എത്തിച്ചുവെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ജാരപ്പു അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണതെന്ന് ഡൽഹി എയർപോർട്ട് അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. 49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമായി ‘ഡ്രഡ്ജ്’ ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. അടിയന്തരാവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന എൻഡിഎ സർക്കാരിന്റെ അവകാശവാദത്തെ താൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1975-നെ കുറിച്ചോ 2047-നെ കുറിച്ചോ ആണ് എൻഡിഎ സർക്കാർ സംസാരിക്കുന്നത്. താൻ ഒരിക്കലും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നില്ല. താൻ അടിയന്തരാവസ്ഥക്കെതിരെ വിമർശിക്കുന്നു. എന്നാൽ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ചട്ടങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല. അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറയുന്നത് ശരിയല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലം ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഇരുണ്ട അദ്ധ്യായമായിരുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേന പിടികൂടിയവരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കൻ നാവികസേന പിടികൂടിയ 34 മത്സ്യത്തൊഴിലാളികൾ നിലവിൽ ജുഡീഷ്യൽ റിമാന്റിലണ്. മറ്റ് ആറ് പേർ ശിക്ഷ അനുഭവിച്ച് തടവിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തിൽ വരുന്ന തടസങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട 34 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണ്. എത്രയും പെട്ടന്ന് കേന്ദ്രസർക്കാർ അവരെ മോചിപ്പിക്കും. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നു. അവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ പരാമവധി ശ്രമിക്കും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.