കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടിയുടെ പദ്ധതികൾ; ബജറ്റ് പ്രഖ്യാപനങ്ങൾ ഇവയെല്ലാം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടത്തി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടിയുടെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. തൊഴിൽ, നൈപുണ്യ വികസനം, MSME, മധ്യവർഗ ജനത എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജറ്റ് ആണിതെന്ന് ധനമന്ത്രി പറഞ്ഞു.
നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിർമ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുകയെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും. മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം. എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നൽകും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരിൽ ആയിരം കോടി വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം ലഭിക്കും. കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതൽ ക്രഷകുൾ ആരംഭിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത 2 വർഷത്തിൽ രാജ്യത്തെ 1 കോടി കർഷകരെ പ്രകൃതി സൗഹൃദ കൃഷിയിലേക്ക് ആനയിക്കും. സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും ഉറപ്പാക്കും. 2 ലക്ഷം കോടി രൂപ ചെലവിൽ 4.1 കോടി യുവാക്കൾക്ക് 5 വർഷ കാലയളവിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കും. തൊഴിൽ മേഖലയ്ക്കായി മൂന്ന് സുപ്രധാന പദ്ധതികൾ. തൊഴിലിൽ പ്രവേശിക്കുന്നവർക്കും തൊഴിൽ ദാതാക്കൾക്കും ഗുണം ചെയ്യുന്നവിധം EPFO യുമായി ബന്ധപ്പെടുത്തി നേരിട്ടുള്ള ധനസഹായം നൽകുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.










