National (Page 34)

ന്യൂഡൽഹി : അനധികൃത കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടിയുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെന്ററുകൾ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്‌സ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീൽ ചെയ്തത്.

ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെന്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി. റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു.

അതിനിടെ കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെന്റിന് ഫയർഫോഴ്‌സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ 12-ാം ദിവസവും കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ മാൽപെ സംഘം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ അഞ്ച് തവണയോളം നന്ദിയിലേക്കിറങ്ങിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ട്രക്ക് ഉണ്ടാവാൻ ഏറ്റവും സാധ്യത കൽപ്പിച്ച നാലാം പോയിന്റിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്. എന്നാൽ അവിടെ ഇറങ്ങിയ മാൽപെയ്ക്ക് ചെളിയും പാറയും മാത്രമാണ് കണ്ടെത്താനായത്.

ഇതിന് പുറമേ മറ്റ് പോയിന്റുകളിലും പരിശോധന നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് തെരച്ചിൽ നടന്നത്. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെയാണ് പുഴയിലിറങ്ങിയത്. ഒരു തവണ കയർപൊട്ടി ഒഴുക്കിൽപെട്ട ഈശ്വർ മൽപെയെ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്.

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു.

മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സംഭവ സ്ഥലത്ത് സുരക്ഷാ സേന നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: കേരളാ നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാൾ ഗവർണർക്കും സമാനമായ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.

നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയിൽ കേരളം വാദിക്കുന്നത്. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ.

ലഡാക്ക്: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിച്ചില്ലെന്നും ഭീകരതയെ പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് ദ്രാസിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

പാകിസ്ഥാന്റെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും നടക്കില്ല. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗം അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോടു പറയുന്നു. പാകിസ്താൻ മുമ്പ് നടത്തിയ കുത്സിത ശ്രമങ്ങളിലെല്ലാം പരാജയപ്പെട്ടവരാണ്. എന്നാൽ, അവർ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തിലൂടെയും നിഴൽ യുദ്ധത്തിലൂടെയും ഇന്നും അവർ എല്ലാം തുടരുകയാണ്. താൻ ഇന്ന് സംസാരിക്കുന്നത് ഭീകരതയുടെ നേതാക്കൻമാർക്ക് തന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്തു നിന്നാണ്. നിങ്ങളുടെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും വിജയിക്കില്ലാ എന്നാണ് ഭീകരതയുടെ രക്ഷാധികാരികളോട് താൻ പറയാൻ ആ?ഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ സൈനികർ പൂർണ ശക്തിയോടെ ഭീകരവാദത്തെ തകർത്ത് ശക്തമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാർക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തിയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷപചക്രം അർപ്പിക്കുകയും ചെയ്തു.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, മറ്റ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കാർഗിൽ വിജയ ദിവസത്തിന്റെ അനുസ്മരണ ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധ സ്മാരകത്തിനുമുകളിൽ പുഷ്പവൃഷ്ടി നടത്തി.

ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷിക ദിനമായതിനാൽ ഇന്ന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 25-ാം വാർഷികദിനമായതുകൊണ്ടുതന്നെ കാർഗിൽ യുദ്ധ വിജയവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും. ഇതിനുശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

ന്യൂഡൽഹി: രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്ന പേരാണ് പുതുതായി നൽകിയിരിക്കുന്നത്.

അശോക് ഹാളിന് അശോക് മണ്ഡപ് എന്ന് പേര് നൽകി. പേരുകൾ മാറ്റിയുള്ള ഉത്തരവ് പുറത്തിറക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവിറക്കിയത്.

പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിന്റെ പ്രതീകവും ജനങ്ങളുടെ അമൂല്യമായ പൈതൃകവുമാണ്. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കുന്നതിന്റെ ഭാഗമായാണ് ഹാളുകൾ പുനർനാമകരണം ചെയ്തതെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ഇന്ത്യയുടെ വളർച്ചയും സമൃദ്ധിയും ആഗോളതലത്തിലെ പ്രതിസന്ധികൾ എങ്ങനെ ഇന്ത്യ കൈകാര്യം ചെയ്തുവെന്നും വ്യക്തമാക്കുന്ന ബജറ്റാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. നിരവധി മേഖലകൾക്ക് ബജറ്റ് പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യവും വിദ്യാഭ്യാസവും, നഗര വളർച്ച, കാർഷിക രംഗം, രാജ്യത്തിന്റെ വികസനം തുടങ്ങി നിരവധി മേഖലകളിലാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റ് രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. .

ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നപ്പോഴും ഇന്ത്യയ്ക്ക് തരണം ചെയ്യാൻ സാധിച്ചു. പണപ്പെരുപ്പത്തെ എങ്ങനെ ഭാരതം തടഞ്ഞുവെന്ന് ബജറ്റിൽ ഉയർത്തിക്കാട്ടുന്നുണ്ട്. വിദേശ നിക്ഷേപങ്ങൾ എങ്ങനെ കൂടുതലായി എത്തിക്കാമെന്നും സാങ്കേതികവിദ്യകൾ കൂടുതലായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ ഘട്ടത്തിൽ ആലോചിക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ യാത്ര സുഗമമാക്കുന്നതിനും അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ബജറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ ആന്ധ്ര ബീഹാർ ബജറ്റെന്ന് പരിഹസിക്കുന്നവർക്ക് മറുപടി നൽകി ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് ധനമന്ത്രി ചോദിക്കുന്നു. ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്നും ധനമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാം. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റേത് അങ്ങേയറ്റം നിരാശാജനകമായ ബജറ്റാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു പ്രയോജനവുമില്ലാത്ത വാഗ്ദാനങ്ങൾ മാത്രമായി ബജറ്റ് ഒതുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ധനകമ്മി കുറയ്ക്കുന്നതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുമില്ല. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുന്നതാണ് ഈ ബജറ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിനെ താഴെ വീഴാതെ പിടിച്ചു നിർത്താനുള്ള ശ്രമം മാത്രമാണ് ബജറ്റ്. നിലവിൽ കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ല, എൻഡിഎ സഖ്യം ആണ്. സഖ്യത്തെ നിലനിർത്താൻ ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തേ മതിയാകൂ. സ്ത്രീകൾക്കായുള്ള പ്രഖ്യാപനങ്ങളൊക്കെ എല്ലാ ബജറ്റിലും ഉള്ളതു തന്നെ. എന്നാൽ അതൊന്നും വർധിപ്പിക്കുന്നുമില്ല, കൃത്യമായി നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അങ്ങേയറ്റം തഴഞ്ഞുകൊണ്ടുള്ള ബജറ്റാണിത്. മണിപ്പൂരിന്റെ അവസ്ഥ രാജ്യം കാണുന്നതാണ്. അക്ഷരാർത്ഥത്തിൽ ആ സംസ്ഥാനം കത്തുകയാണ്. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റിൽ വർദ്ധിപ്പിച്ചിരിക്കുന്നത് എട്ട് കോടി രൂപ മാത്രമാണ്. രാജ്യത്തുടനീളം പല നിർമാണങ്ങളും വികസനങ്ങളും കൊണ്ടുവരുമെന്ന് പറയുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പണിത എത്ര ഫ്‌ലൈ ഓവറുകളും റോഡുകളും ഇതിനകം തകർന്നു വീണു. ഇതാണ് മോദി സർക്കാരിന്റെ വികസനമെന്ന് യെച്ചൂരി പരിഹസിച്ചു.