National (Page 33)

പട്‌ന : ബിഹാറിലെ കൻവാർ തിർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടം. 9 തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. 6 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ജെതുയി നിസാമത്ത് ഗ്രാമത്തിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്ലേജ ഘട്ടിൽ നിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാവടി യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഹിന്ദു തീർഥാടകർ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ഗംഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവ വിഗ്രഹങ്ങൾ അഭിഷേകം നടത്തുന്നതാണ് ആചാരം.

ചണ്ഡിഗഡ്: പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും ഇന്ത്യൻ പാർലമെന്റിൽ നിർമിച്ച ഇന്ത്യൻ നിയമങ്ങളാണെന്ന് അദ്ദേഹം കേന്ദ്രമന്ത്രി അമിത് ഷാ. ഇതിൽ ശിക്ഷിക്കാനുള്ള വ്യവസ്ഥകളില്ലെന്നും പകരം നീതി ഉറപ്പുവരുത്തുകയാണെന്നും അതിനാൽ ഇത് ശിക്ഷാ നിയമമല്ല നീതി നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി പ്രാബല്യത്തിൽ വന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നീതി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ചണ്ഡിഗഡിൽ ന്യായ് സേതു, ന്യായ് ശ്രുതി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ശിക്ഷിക്കാനുള്ള നിയമങ്ങളല്ല, മറിച്ച് ജനങ്ങൾക്ക് നീതി ഉറപ്പാക്കാനുള്ള നിയമങ്ങളാണിതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി വികസന പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമാണ് മോദി സർക്കാർ രാജ്യത്തിനായി ചെയ്തത്. അതിൽ ഏറ്റവും വലിയ പരിഷ്‌കാരമേതെന്ന് ചോദിച്ചാൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കിയതാണെന്ന് നിസംശയം പറയാം. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷ ( ബിഎൻഎസ്എസ്) ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവയാണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ. ഈ മൂന്ന് നിയമങ്ങളും രൂപീകരിച്ചത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണെന്ന് താൻ അഭിമാനത്തോടെ പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ടാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇതിലൂടെ ജനനീതി ഉറപ്പുവരുത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ചണ്ഡിഗഡ്: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ സഖ്യം തയ്യാറായിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം എന്ത് ഗൂഢതന്ത്രങ്ങൾ മെനഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും. കോൺഗ്രസ് മൂന്ന് തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഒരൊറ്റ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യ സഖ്യം മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചണ്ഡിഗഡിൽ ജലവിതരണ പദ്ധതിയായ ന്യായ് സേതുവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് അവർക്ക് അറിയില്ല. ജനങ്ങളെ എങ്ങനെ സേവിക്കണമെന്ന് പ്രതിപക്ഷം പഠിക്കണമെന്നും അമിത് ഷാ അറിയിച്ചു. ജനസേവനമാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. വെള്ളം ഇല്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. 24 മണിക്കൂറും ജലവിതരണം നൽകുന്ന പദ്ധതിയാണ് ന്യായ് സേതു. ഇന്നത്തെ കാലത്ത് ഇത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശുദ്ധജലം കുടിക്കാൻ കിട്ടാതെ നിരവധി പേർക്കാണ് പലവിധ രോഗങ്ങൾ പിടിപ്പെടുന്നത്. അതിനാൽ 125 ഏക്കറിൽ വ്യാപിക്കുന്ന ഈ പദ്ധതി ജനങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ അറിയിച്ചു.

ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് അമിത് ഷാ സംസാരിച്ചത്. കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചർച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തിൽ പങ്കെടുക്കും.

ന്യൂഡൽഹി: 2047 ൽ ഇന്ത്യ വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവി തലമുറ അഭിമാനത്തോടെ വികസിത ഭാരതത്തിൽ ജീവിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യം നേടുമ്പോൾ നമ്മൾ ഒരു ദരിദ്ര രാഷ്ട്രമായിരുന്നു. രാജ്യത്തെ ചൂഷണം ചെയ്യാനെത്തിയവർ അവസാനം വരെ അത് ചെയ്തു. നൂറ് വർഷത്തിനുള്ളിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച് നാം നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കും. 2047 ൽ ഇന്ത്യ ഒരു വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റിനുശേഷമുള്ള യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ നയങ്ങൾ, പ്രതിബദ്ധത, ദൃഢനിശ്ചയം, തീരുമാനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ ആഗോള പുരോഗതിയുടെ അടിത്തറയായി മാറുന്നത് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖമറിയിച്ച് തമിഴ് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു വിജയ് അനുശോചനം രേഖപ്പെടുത്തിയത്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും വിജയ് കുറിച്ചു.

കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. തന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കകയാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. ദുരന്തത്തിൽ തമിഴ്നാടിന്റെ എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൊച്ചി: കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എസി ചെയർകാറിന് 1,465 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2,945 രൂപയുമാണ് നിരക്ക്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരുവിലെത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ താത്കാലികമായി ട്രെയിൻ സർവ്വീസ് നടത്തുക. ഇടദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തും.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. സ്പെഷ്യൽ സർവ്വീസിനുള്ള റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിലെത്തിച്ചു. ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റേക്കാണ് സർവ്വീസിനായി എത്തിച്ചിരിക്കുന്നത്.

ശ്രീനഗർ: ജമ്മുകശ്മീരിൽ സ്‌ഫോടനം. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സോപോറിലെ ഷേർ കോളനിയിലാണ് കടയുള്ളത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.

ട്രക്കിൽ നിന്ന് ആക്രികൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരണപ്പെട്ടത്. നാസിർ അഹമ്മദ് നാദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റാഷിദ് ഭട്ട് (23), മുഹമ്മദ് അസർ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയാണ്. ചക്രവ്യൂഹത്തിന്റെ മധ്യഭാഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്ന് അദ്ദേഹം വിമർശിച്ചു.

സമ്പദ് ശക്തി, അന്വേഷണ ഏജൻസികൾ, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികൾ. ചക്രവ്യൂഹത്തിന്റെ ശക്തിയെ പക്ഷേ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണിവ. തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്കായി ബജറ്റിൽ എന്തുണ്ടെന്ന് രാഹുൽഗാന്ധി ധനമന്ത്രി നിർമ്മലാ സീതാരാമനോട് ചോദിച്ചു.

ന്യൂഡൽഹി: വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. വാട്ട്‌സ് ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് എംപി വിവോ തൻഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ നിർദേശാനുസരണം ഉപഭോക്തൃ വിവരങ്ങൾ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടർന്ന് വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടർ റിസോഴ്‌സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.