National (Page 31)

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡൽ ജേതാക്കളുമായി അദ്ദേഹം സംവദിച്ചു. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹം പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്‌സി പി ആർ ശ്രീജേഷ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ഹർമൻ പ്രീത് സിംഗ് ഹോക്കി സ്റ്റിക്കും അദ്ദേഹത്തിന് നൽകി. ഹോക്കി ടീമംഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ, സരബ്‌ജ്യോത് സിംഗ്, സ്വപ്നിൽ കുസാലെ ഗുസ്തി താരം അമൻ സെഹ്‌റാവത്ത് തുടങ്ങിയവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഭുവനേശ്വർ: സ്ത്രീ ജീവനക്കാർക്ക് സ്വതന്ത്ര്യദിന സമ്മാനവുമായി ഒഡിഷ സർക്കാർ. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കായി ഒഡിഷ സർക്കാർ ആർത്തവ അവധി പ്രഖ്യാപിച്ചു. കട്ടക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ ജീവനക്കാർക്ക് അവരുടെ ആർത്തവചക്രത്തിന്റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി എടുക്കാമെന്നതാണ് പുതിയ നയം. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീ ജീവനക്കാർക്കായി ആർത്തവ അവധി സംബന്ധിച്ച് ഒരു മാതൃകാ നയം രൂപീകരിക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: ബംഗ്ലാദേശിലെ ആക്രമണങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളിലും ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിലും രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളേയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർക്കും വലിയ ആശങ്കയാണുള്ളത്. ബംഗ്ലാദേശിൽ വികസനവും പുരോഗതിയും ഉണ്ടാകണമെന്നാണ് ഇന്ത്യ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്. ഒരു അയൽരാജ്യമെന്ന നിലയിൽ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളിലെ ആശങ്ക മനസിലാക്കാനും സാധിക്കുന്നുണ്ട്. രാജ്യത്തെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്ത്രീകളും യുവാക്കളും കർഷകരുമാണ് രാജ്യത്തിന്റെ നെടുംതൂണുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടിയിലധികം സ്ത്രീകൾക്ക് സ്വയംസഹായ സംഘങ്ങളിലൂടെ വരുമാനം നേടാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയംപര്യാപ്തരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ഉന്നമനത്തിനായാണ് കേന്ദ്രസർക്കാർ അശ്രാന്തം പരിശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയാക്കി ഉയർത്തി. തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല അവരുടെ തീരുമാനങ്ങൾക്കും അവരുടെ പ്രയ്നങ്ങൾക്കും ശക്തി പകരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണ്. പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണ്. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്‌സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണം. 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ അതിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനകൾ അപകീർത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇക്കാരണത്താലാണ് മാനനഷ്ട കേസ് നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

തരൂർ വാർത്താ ചാനലിലൂടെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിൽ തരൂർ പരാജയപ്പെട്ടതായും ഹർജിയിൽ പറയുന്നു. ആരോപണം ഉയർത്തിയതിന് പിന്നാലെ ഏപ്രിൽ ഒൻപതാം തിയതി തരൂരിന് വക്കീൽ നോട്ടീസ് നൽകിയിരുന്നു. തെറ്റായ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ തരൂർ നോട്ടീസിനോട് പ്രതികരിക്കുകയോ പ്രസ്താവന പിൻവലിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു.

രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുണ്ടെന്ന് പലരും തന്നോട് പറഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം.

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് സുരക്ഷ ശക്തമായിരിക്കുന്നത്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹിയിൽ പോലീസ് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. 700 എഐ ക്യാമറകളാണും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കി.

അതേസമയം, ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ഡ്രോണുകളോ പട്ടങ്ങളോ പറത്തുന്നതിന് കർശന നിയന്ത്രണമുണ്ട്. സുരക്ഷാ കാരണങ്ങളാൽ 16-ാം തിയതി വരെ പാരാഗ്ലൈഡറുകൾ, ഹാങ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഏറ്റവും നല്ല രീതിയിൽ തന്നെ അവരോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സാധാരണ രീതിയിൽ ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ അഭിപ്രായം പറയാറില്ല. നമ്മുടെ ആഭ്യന്തര വിഷയങ്ങളിൽ അവരും അതേ നിലപാട് തുടരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ നോക്കിയാൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇടക്കാല സർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സ്വത്വത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിലും അംഗീകരിക്കാനാവില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നും ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധമതങ്ങൾ പിന്തുടരുന്ന ആളുകൾക്ക് സുരക്ഷയും ബഹുമാനവും അവിടത്തെ ഇടക്കാല സർക്കാർ ഉറപ്പാക്കുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിയങ്കാ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

ഭോപ്പാൽ: പരിശീലക വിമാനം തകർന്നുവീണ് 2 പൈലറ്റുമാർക്ക് പരിക്ക്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലക വിമാനമാണ് തകർന്നുവീണതെന്നാണ് പൊലീസ് വ്യക്തമാക്കി.

രണ്ടു സീറ്റുകളുള്ള സെസ്‌ന 152 എന്ന വിമാനമാണ് തകർന്നത്. 40 മിനിറ്റോളം വിമാനം ആകാശത്തു പറന്നു. ഉച്ചക്ക് 1.30 ഓടെയാണ് വിമാനം തകർന്ന് താഴേക്ക് പതിച്ചത്. എഞ്ചിൻ തകരാറാകാം കാരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവർ അപകടനില തരണം ചെയ്തുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.