National (Page 30)

വാഴ്സോ: സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങൾക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് യുദ്ധങ്ങൾ നടത്തേണ്ട കാലമല്ലെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആഗ്രഹിക്കുന്നത് ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കാനാണ്. ബുദ്ധന്റെ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. ശാശ്വത സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിനാൽ സമാധാനപരമായ ചർച്ചകൾക്കും, നയതന്ത്ര ബന്ധങ്ങൾക്കും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നു. ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടാൻ സാധിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മനസിലാക്കാനുള്ള ആർജ്ജവമാണ് എല്ലാ രാജ്യങ്ങൾക്കിടയിലും വേണ്ടത്. യുദ്ധകാലത്ത് യുക്രെയ്ൻ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ പോളണ്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി ഗുജറാത്ത്. ഇതിനായി ഗുജറാത്ത് നിയമസഭ ബിൽ പാസാക്കി. പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അതർ ഇൻഹ്യൂമൻ, എവിൾ ആൻഡ് അഘോരി പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2024 എന്നിവയാണ് ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കിയത്.

നിയമത്തിന്റെ പിൻബലത്തോടെ നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മന്ത്രവാദത്തിന്റെ പേരിൽ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വിശ്വാസത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ആളുകൾക്ക് ആറ് മാസത്തിൽ കുറയാത്തതും ഏഴ് വർഷം വരെ നീളുന്നതുമായ ജയിൽ ശിക്ഷയും 5,000 മുതൽ 50,000 രൂപ വരെ പിഴയും ചുമത്തുമെന്നാണ് ബില്ലിൽ പറയുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കും.

ചെന്നൈ: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ചു. വിജയ് തന്നെയാണ് പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പതാക. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയാണ് വിജയ് പതാക അവതരിപ്പിച്ചത്.

ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് പ്രതികരിച്ചു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

നിലവിൽ അദ്ദേഹം ഐസിയുവിലാണ്. ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

ആശുപത്രിയിൽ ചെക്കപ്പിന് എത്തിയപ്പോഴാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

സർക്കാരിന്റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണ്. ഉന്നത തസ്തികകളിൽ നിന്നും പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണ്. സ്വകാര്യ മേഖലയിൽ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയർപേഴ്‌സൺ ആക്കിയത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്: ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകൾ ജൈനമതക്കാർ തുടങ്ങി ഇന്ത്യയിൽ സിഎഎ പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രീണന രാഷ്ട്രീയം നീതി നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിഭജനം നടന്നത് മതാടിസ്ഥാനത്തിലാണ്. അന്നുമുതൽ കോൺഗ്രസ് ന്യൂനപക്ഷ അഭയാർത്ഥികളെ വഞ്ചിക്കുകയാണ്. സിഎഎ ജനങ്ങൾക്ക് പൗരത്വം നല്കുന്നതിനുമാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് നീതിയും അവകാശവും ഉറപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയും സഖ്യകക്ഷികളുടേയും പ്രീണന രാഷ്ട്രീയം കാരണം അഭയം തേടിയ ആളുകൾക്ക് 1947 മുതൽ 2014 വരെ നീതി ലഭിച്ചില്ല അവർ ഹിന്ദുവോ ബുദ്ധമതക്കാരോ, സിഖുകാരോ, ജൈനമതക്കാരോ ആയതിനാൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഭീകരവാദവും വിഘടനവാദവും സമൂഹത്തിൽ ആഴത്തിലുള്ള വിപത്തുകളായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വോയ്സ് ഓഫ് ദി ഗ്ലോബൽ സൗത്തിന്റെ വെർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിഭജനവും സാങ്കേതിക വിദ്യയിൽനിന്നുള്ള സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കാനും പരസ്പര ശക്തിയായി പ്രവർത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക സ്ഥാപനങ്ങളും ആഗോള ഭരണ സംവിധാനങ്ങളും കോവിഡിനുശേഷമുള്ള ഇന്നത്തെ അനിശ്ചിതത്വവും ഭീകരവാദ വെല്ലുവിളികളും നേരിടുന്നതിൽ കാര്യക്ഷമമല്ല. ഇന്ത്യ ജി20 യെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികാസനോന്മുഖമായ സമീപനത്തിലൂടെയാണ് മുന്നോട്ട് കൊണ്ടുപോയത്. ആഫ്രിക്കൻ യൂണിയന് ജി20 യിൽ സ്ഥിരാംഗത്വം ലഭിച്ച ചരിത്ര നിമിഷം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 ൽ ഇന്ത്യ ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ജി20 ക്ക് ഒരു പുതിയ ഘടന നൽകാനുള്ള ദൃഢനിശ്ചയം ഞങ്ങൾ സ്വീകരിച്ചു. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ഒരു വേദിയായി മാറി. അവിടെ നമ്മൾ പ്രശ്‌നങ്ങൾ തുറന്ന് ചർച്ച ചെയ്തു. വികസനവുമായി ബന്ധപ്പെട്ട മുൻഗണനകളും ആഗോള ദക്ഷിണേഷ്യയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്ത്യ ജി20 അജണ്ട തയാറാക്കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷന് അനുമതി നൽകി ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിദ്ധാരാമയ്യയെ വിചാരണ ചെയ്യുന്നത്.

പദീപ് കുമാർ, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് നടപടി. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ഗവർണർ വിചാരണക്ക് അനുമതി നൽകിയത്.

ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിചാരണക്ക് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസാക്കി. നോട്ടീസ് പിൻവലിക്കണമെന്നും ഭരണഘടനാ പദവി ദുരുപയോഗം ചെയ്യരുതെന്നും ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിൻ വന്ദേഭാരത് വിദേശത്തേക്ക് കയറ്റി അയക്കാനൊരുങ്ങുന്നു. നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം.

സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്മെന്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമം.

മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെയാണ് കയറ്റുമതിയ്ക്കായി ലക്ഷ്യമിടുന്നത്. കയറ്റുമതി സംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആട്ടം എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകനായി സൂരജ് ആർ ബർജാത്യയെ തെരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി.

മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മഴവിൽക്കണ്ണിലൂടെ മലയാള സിനിമ എന്ന് പുസ്തകത്തിനാണ് പുരസ്‌കാരം. മികച്ച ഗായികക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീക്ക് (സൗദി വെള്ളക്ക) ലഭിച്ചു.

മറ്റു പ്രധാന പുരസ്‌കാരങ്ങൾ:

എഡിറ്റിങ് – മഹേഷ് ഭുവാനന്ദൻ (ആട്ടം)
പശ്ചാത്തല സംഗീതം – എ.ആർ. റഹ്മാൻ (പൊന്നിയൻ സെൽവൻ-1)
മികച്ച ഹിന്ദി ചിത്രം – ഗുൽമോഹർ
മികച്ച തമിഴ് സിനിമ – പൊന്നിയൻ സെൽവൻ-1
മികച്ച കന്നഡ സിനിമ – കെ.ജി.എഫ്-2
പ്രത്യേക പരാമർശം – മനോജ് ബാജ്‌പേയി (ഗുൽമോഹർ)
മികച്ച സംവിധായിക (നോൺഫീച്ചർ) -മറിയം ചാണ്ടി മേനചേരി(ഫ്രം ദി ഷോഡോ)
മികച്ച ഡോക്യുമെൻററി -.മർമേഴ്‌സ് ഓഫ് ജംഗിൾ
മികച്ച ആനിമേഷൻ ചിത്രം – കോക്കനട്ട് ട്രീ (ജോസി ബനെഡിക്ട്)
മികച്ച സിനിമ നിരൂപണം – ദീപക് ദുഹ.
ജനപ്രിയ ചിത്രം- കാന്താര