National (Page 29)

മുംബൈ: വിമൻ ഇൻ സിനിമാ കളക്ടീവിന് പിന്തുണയുമായി നടി സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങളെ അഭിനന്ദിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷത്തിനായി പോരാടുന്നതിൽ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു.

‘വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരുമ്പോൾ, തങ്ങൾ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സാമന്ത പറഞ്ഞു.

സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാൽ അവരുടെ പരിശ്രമം പാഴായില്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ സുഹൃത്തുക്കൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. മന്ത്രിക്കും, സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, മാധ്യമ പ്രവർത്തകരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിൽ സുരേഷ് ഗോപി പൊലീസിലും പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

റായ്പൂർ: ലഹരിവിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം ഇപ്പോൾ രാജ്യത്തെ ഓരോ പൗരനും ഏറ്റെടുത്തിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് മയക്കുമരുന്ന് കടത്തും വ്യാപാരവുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്ന് ലഭിക്കുന്ന പണം തീവ്രവാദത്തേയും നക്സലിസത്തേയും പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർ ഒരുരീതിയിലും മടി കാണിക്കരുത്. മയക്കുമരുന്ന് എന്ന വിപത്തിനെ രാജ്യത്തെ നിന്ന് തന്നെ പൂർണമായും തുടച്ചുനീക്കണം. മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഴുവൻ ശൃംഖലയേയും വേരോടെ തന്നെ പിഴുതെറിയണം. അല്ലാത്ത പക്ഷം അതൊരിക്കലും നമുക്ക് നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ല. ലോകരാജ്യങ്ങളെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജനങ്ങൾക്കിടയിലും ഇതിനെതിരെ കൃത്യമായ അവബോധം സൃഷ്ടിക്കുകയും, പ്രശ്നത്തിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കുകയും വേണം. ചില രാജ്യങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെട്ടു പോയിട്ടുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ ശാസ്ത്രീയമായ രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ 7 ഉദ്യോഗസ്ഥർക്കെതിരെ നടപടി. 7 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

രേണുകാസ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ദർശൻ. ജയിലിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഒരു കയ്യിൽ കോഫിയും മറ്റൊന്നിൽ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓൺലൈനിൽ ദർശന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ജയിലിൽ നിന്നും വീഡിയോ കോളിലൂടെ മറ്റൊരാളോട് സംസാരിക്കുന്ന ദർശന്റെ വീഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഏഴ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിലുണ്ടായ പരിഷ്‌കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഒരുപാട് സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. വികസിത ഭാരതമെന്ന സ്വപ്നത്തിന് അത് ശക്തമായ അടിത്തറ പാകുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റ് 23ന് നമ്മുടെ പൗരന്മാർ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആഘോഷിച്ചു. ചന്ദ്രയാൻ-3 ന്റെ വിജയം നാം ഒരിക്കൽ കൂടി ആഘോഷിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ശിവശക്തി പോയിന്റിൽ ചന്ദ്രയാൻ-3 ലാൻഡ് ചെയ്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഇന്ത്യ കരസ്ഥമാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മുംബൈ: സ്ത്രീകളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന ലഖ്പതി ദീദി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് മാപ്പില്ല. കുറ്റവാളി ആരായാലും, അവരെ വെറുതെവിടില്ല. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവർക്ക് അർഹിച്ച ശിക്ഷ നൽകുന്നതിനായി ഭാരതത്തിന്റെ നിയമസംഹിത കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, എഫ്‌ഐആർ ഫയൽ ചെയ്യുന്നില്ലെന്ന പരാതികൾ പോലുമുണ്ടായിരുന്നു. ഭാരതീയ ന്യായ സംഹിത കൊണ്ടുവരികയും രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങളിൽ നിരവധി ഭേദഗതികൾ വരുത്തുകയും കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ താത്പര്യമില്ലെങ്കിൽ, അവൾക്ക് ഇ-എഫ്‌ഐആർ (e-FIR) ഫയൽ ചെയ്യാവുന്നതാണ്. ഇ-എഫ്‌ഐആർ ആർക്കും തന്നെ മാറ്റാനോ തിരുത്താനോ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്‌കീം എന്ന ഏകീകൃത പെൻഷൻ പദ്ധതിയാണ് ജീവനക്കാർക്കായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

2025 ഏപ്രിൽ ഒന്നുമുതലാണ് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുക. ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവിൽ 14.5 ശതമാനം) ഉയർത്തും. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. 25 വർഷം സർവീസിൽ ഇരിക്കുന്ന ആളുകൾക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി നൽകും. സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കിൽ മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

നിലവിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ (ചമശേീിമഹ ജലിശെീി ടരവലാല ചജട) തന്നെ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം. സംസ്ഥാന സർക്കാരുകൾക്ക് യുപിഎസ് പദ്ധതിയിലേക്ക് മാറണമെങ്കിൽ അതുമാകാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ലെന്ന് ശ്രീലേഖ പറഞ്ഞു.. താൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി പ്രതികരിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനർജി സർക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയാണ് താൻ. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. തനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം തനിക്കുണ്ട്. സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ശ്രീലേഖ വ്യക്തമാക്കി.

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് താൻ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം. കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഓഹരി വിപണിയിൽ നിന്ന് അനിൽ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. അഞ്ച് വർഷത്തേക്കാണ് സെബിയുടെ വിലക്ക്. ഓഹരി വിപണിയിൽ ഇടപെടുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ പിഴയും അടയ്ക്കണമെന്നാണ് നിർദ്ദേശം.

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിയ്ക്ക് കഴിയില്ല. റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്.

റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാൻ അനിൽ അംബാനി ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തൽ. കമ്പനി ഡയറക്ടർ ബോർഡ് ഇത്തരം വായ്പാ പദ്ധതികൾ നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ അവഗണിച്ചായിരുന്നു നടപടി. ഇതിനായി അനിൽ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയർപേഴ്സൺ സ്ഥാനവും റിലയൻസ് ഹോം ഫിനാൻസിലെ ഓഹരി ഉടമസ്ഥതയും ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ആസ്തികളും വരുമാനവും ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകൾ അനുവദിക്കുന്നതിൽ കമ്പനി അധികാരികൾ അമിത താൽപര്യം കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാഷിംഗ്ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2047-ഓടെ 55 ട്രില്യൺ ഡോളറായി വളരുമെന്ന് വ്യക്തമാക്കി ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യൻ. ശരാശരി പണപ്പെരുപ്പം അഞ്ച് ശതമാനത്തിലും വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് എട്ട് ശതമാനമായി തുടരുകയും ചെയ്യുകയാണെങ്കിൽ 55 ട്രില്യൺ ഡോളറെന്ന ലക്ഷ്യത്തിൽ എളുപ്പത്തിലെത്താൻ രാജ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷമായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, നവീകരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സ്വീകരിച്ച നയങ്ങൾ കണക്കിലെടുത്താൽ തുടർച്ചയായി എട്ട് ശതമാനം വളർച്ചയെന്നത് അസാധ്യമായ കാര്യമല്ല. അത് കൈവരിക്കാൻ ഭാരതത്തിന് കെൽപ്പുണ്ട്. സംരംഭകത്വ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

2004 മുതൽ 2014 വരെയുള്ള ലോകബാങ്ക് കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 3.2 ശതമാനത്തോളമാണ് പുതിയ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 2014 മുതൽ ഇത് തുടർച്ചയായ കുതിപ്പ് സൃഷ്ടിക്കുന്നു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സംരംഭക ആവാസവ്യവസ്ഥയാണ് ഇന്ത്യക്കുള്ളതെന്നും വിവിധ മേഖലകളിലെ ഉത്പാദനക്ഷമത വളർച്ചയെ മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.