കെനിയയിൽ നിന്നും കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചേക്കും; ധാരണാപത്രം ഒപ്പിടും
ന്യൂഡൽഹി: കെനിയയിൽ നിന്നും കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കെനിയയിൽ നിന്നും എത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി കെനിയയുമായി പുതിയ ധാരണാപത്രം (എംഒയു) ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചു. ധാരണാപത്രത്തിന്റെ കരട് പരിശോധനയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ, ഉടമ്പടി വിഭാഗത്തിന് അയച്ചിട്ടുണ്ട്.
നേരത്തെ, കെനിയൻ പ്രതിനിധികൾ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് സന്ദർശിക്കുകയും വെറ്ററിനറി, കൺസർവേഷൻ ക്രമീകരണങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുകൊണ്ടുവന്ന ചീറ്റകൾക്ക് കാലാവസ്ഥാ മാറ്റം അതിജീവിക്കാനായില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇത്തവണ കെനിയയിൽ നിന്നും ചീറ്റകളെ എത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.










