National (Page 27)

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസിൽ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ, സ്ഥിര ജാമ്യം അനുവദിക്കണോ, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. പിന്നീടാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ജയിൽ മോചനം ലഭിക്കും. അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവിൽ വിലയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് കേജ്രിവാളിനെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവേ, ജൂൺ 26 ന് സിബിഐയും അറസ്റ്റ് ചെയ്തു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം അനുവദിച്ചതോടെയാണ് കേജ്രിവാളിന്റെ ജയിൽ മോചനത്തിന് വഴി തെളിഞ്ഞത്.

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിന് വിട്ടു നൽകും. സെപ്തംബർ 14ന് ഡൽഹി എകെജി ഭവനിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നൽകുക. സിപിഎം കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും. രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരി ചികിത്സയിൽ കഴിഞ്ഞത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി രാഷ്്ട്രീയ പ്രമുഖർ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് നേതാവ ് രാഹുൽ ഗാന്ധിയും യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. തങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്നും രാഹുൽ പറഞ്ഞു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്നായിരുന്നു അന്ത്യം. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

1952 ഓഗസ്റ്റ് 12-നാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യെച്ചൂരി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്‌ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

2005-ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. പീപ്പിൾസ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു.

ചെന്നൈ: ധനുഷിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു. ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. സംയുക്ത ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജൂലൈ മാസമാണ് ധനുഷിന് വിലക്കേർപ്പെടുത്തിയത്.

പല കാരണങ്ങളാൽ മുടങ്ങിയ ചിത്രങ്ങളുടെ പേരിൽ തേനാൻഡൽ ഫിലിംസിൽ നിന്നും ഫൈവ് സ്റ്റാർ ക്രിയേഷൻസിൽ നിന്നും താരം അഡ്വാൻസ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നൽകിയില്ലെന്ന നിർമ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് ലഭിച്ചത്.

താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നൽകുമെന്ന് ചർച്ചയിൽ ധനുഷ് വ്യക്തമാക്കിയിരുന്നുവെന്നാണ് വിവരം. തേനാൻഡൽ ഫിലിംസുമായി ഒരു സിനിമ ചെയ്യാനും ധനുഷ് സമ്മതിച്ചു. ഈ വ്യവസ്ഥകൾ അംഗീകരിച്ചതോടെയാണ് ധനുഷിന് ഏർപ്പെടുത്തിയ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദ്വേഷമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ സന്ദർശനത്തിനിടെ വാഷിങ്ടൺ ഡിസിയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തോട് സഹതാപം മാത്രമാണുള്ളത്. മോദി തന്റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പല തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്, തനിക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. മോദിയുടെ പ്രവർത്തികളിൽ സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാൾ താഴെയാണെന്നാണ് കരുതുന്നത്. അത് ആർഎസ്എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.

തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് അറിയിച്ചു.

ഛണ്ഡീഗഡ്: ആംആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. പഞ്ചാബിലാണ് സംഭവം. ആം ആദ്മി പാർട്ടി കിസാൻ വിങ് അധ്യക്ഷൻ തർലോചൻ സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം നടന്നത്.

റോഡിന് സമീപത്താണ് തർലോചനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകൻ ഹർദീപ് സിങ് തർലോചനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഹർപ്രീത് ആരോപിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.

റിയാദ്: സംഘർഷ മേഖലയായ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗാസയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണെന്ന് അദ്ദഹം പറഞ്ഞു. നിരപരാധികളായ സാധാരണക്കാർ യുദ്ധമുഖത്ത് മരിച്ചു വീഴുന്നു. ഇത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഗാസയിൽ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചു വീഴുന്നതിൽ ഇന്ത്യക്ക് വേദനയുണ്ട്. അതിനാൽ വെടിനിർത്തലിന് ഇന്ത്യയും പിന്തുണ അറിയിക്കുന്നു. യുദ്ധങ്ങളിൽ ഇന്ത്യയുടെ നിലപാട് എപ്പോഴും സ്ഥിരതയുള്ളതും തത്വാധിഷ്ഠിതവുമാണ്. ഭീകരപ്രവർത്തനങ്ങളെയും ബന്ദികളാക്കുന്നതിനെയും ഇന്ത്യ എക്കാലവും എതിർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക ശാസ്ത്രം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി മേഖലകളിലേക്ക് ഇന്ത്യ- ജിസിസി ബന്ധം വളരുകയാണ്. ഏകദേശം 90 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ ജോലി ചെയ്യുന്നു. ഇന്ത്യക്കും ഗൾഫിനുമിടയിൽ ഒരു പാലമായാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരുടെ ക്ഷേമവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നന്ദി അറിയിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ജയം രവിയും ഭാര്യ ആരതിയും. ജയം രവി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ യാത്രയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയും സ്നേഹവും വലുതാണ്. തന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാർത്ഥമായിരിക്കുക എന്നതിൽ താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഹൃദയ വേദനയോടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണെന്ന് ജയംരവി പറഞ്ഞു.

ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നും ജയം രവി കൂട്ടിച്ചേർത്തു.

പ്രതിസന്ധിയേറിയ ഈ സമയത്ത് തന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ വിഷയം തങ്ങളുടെ സ്വകാര്യ കാര്യമായി കാണണം. തന്റെ പ്രിയപ്പെട്ട ആരാധകർക്ക് താനെപ്പോഴും പഴയ ജയം രവി തന്നെയായിരിക്കും. പിന്തുണയും സ്നേഹവും ഇനിയും വേണമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും എംപോക്‌സ് രോഗബാധയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാൻ ആശുപത്രികളിൽ സംവിധാനമൊരുക്കണമെന്ന നിർദ്ദേശവും കേന്ദ്രം മുന്നോട്ടുവെച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിലവിൽ ഇതുവരെ ഇന്ത്യയിൽ എംപോക്സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കി.