National (Page 26)

റാഞ്ചി: ആറ് വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഫ്‌ളാഗ് ഓഫ് കർമ്മം നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളായിരിക്കും പുതിയ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്.

രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നടത്തി. 660 കോടി രൂപയുടെ പദ്ധതിയാണിത്. അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും ഇന്ന് നടന്നു. ഇതോടെ രാജ്യമെമ്പാടുമായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 60 ആയി.

ടാറ്റാനഗർ- പട്‌ന, ഭാഗൽപൂർ- ഡുംക-ഹൗറാ, ഭ്രമാപൂർ- ടാറ്റാനഗർ, ഗയ-ഹൗറ, ദിയോഗർ- വാരണാസി, റൂക്കേല-ഹൗറ എന്നീ പാതകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുക. 2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.

ന്യൂഡൽഹി: തിരുവോണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദൗപതി മുർമ്മു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടേയെന്ന് രാഷ്ട്രപതി പറഞ്ഞു. ഓണത്തിന്റെ സുവർണാവസരത്തിൽ എല്ലാവർക്കും ആശംസകൾ. പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

വിളവെടുപ്പ് ആഘോഷിക്കുകയും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് രാഷ്ട്രപതി അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ. രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരും. അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഎപിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ വിശദമാക്കി.

ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തൽക്കാലം ആരെയും തെരഞ്ഞെടുക്കില്ല. താത്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാർട്ടി.

പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും പരിഗണനയിലാണ്.

ആഗ്ര: ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ താജ്മഹലിന് കേടുപാടുകൾ. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിലാണ് താജ്മഹലിന് കേടുപാടുകൾ സംഭവിച്ചത്. 48 മണിക്കൂർ നിർത്താതെ മഴ പെയ്യുകയായിരുന്നു. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന് ചോർച്ച സംഭവിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതൽ നിരീക്ഷണത്തിനായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജീവനക്കാരെ നിയോഗിച്ചു. സ്മാരകത്തിന് ചുറ്റുമുള്ള പൂന്തോട്ടം വെള്ളം കയറി മുങ്ങിയ നിലയിലാണ്. ഇവിടെ നിന്നും മുഗൾ ഭരണാധികാരി ഷാജഹാന്റെ ശവകുടീരത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിനടിയിലായ പൂന്തോട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എവിടെ നിന്നാണ് ചോർച്ച സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ടിങ് ആര്ക്കിയോളജിസ്റ്റ് രാജ്കുമാർപട്ടേൽ വ്യക്തമാക്കി. മഴ മാറിക്കഴിഞ്ഞാൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനാണ് തീരുമാനം.

ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിൽ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നൽകിയിരുന്നതായി വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ താൻ ഈ ക്ഷണം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആശയവും പാർട്ടിയുമാണ് തനിക്ക് വലുതെന്ന് പറഞ്ഞാണ് താൻ വാഗ്ദാനം നിരസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ് പൂരിൽ മാധ്യമ പുരസ്‌കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്റെ പേരോ സന്ദർഭമോ ഗഡ്കരി വിശദമാക്കിയില്ല.

പ്രതിപക്ഷത്തിന്റെ ഓഫർ ശക്തമായി നിരസിച്ചു. ഒരു പ്രത്യേക പ്രത്യയശാസ്ത്രവും ഉറച്ച വിശ്വാസവുമാണ് തന്നെ നയിക്കുന്നതെന്ന് താൻ നേതാവിനോട് പറഞ്ഞു. തനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറം തന്ന ഒരു പാർട്ടിയുടെ ഭാഗമാണ് താൻ. ഒരു ഓഫറിനും തന്നെ പ്രലോഭിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: തിരുവോണ ദിനത്തിൽ കേരളീയർക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്. കേരളത്തിന്റെ മഹത്തായ സംസ്‌കാരം ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മലയാളികൾക്ക് മലയാളത്തിൽ തന്നെ ഓണാശംകൾ നേർന്നു. കാർഷിക സംസ്‌കൃതിയുടെ ഉത്സവമായ ഓണം പ്രകൃതിയുമായും സംസ്‌കാരവുമായും നമുക്കുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതോടൊപ്പം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത: കൊൽക്കത്തയിൽ സ്‌ഫോടനം. എസ്എൻ ബാനർജി റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ആക്രി പെറുക്കിവിൽക്കുന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയാണ്. കൈയ്ക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻആർഎസ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ചെന്നൈ: ധനമന്ത്രി നിർമല സീതാരാമനെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.

അതേസമയം, കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ക്ഷമ ചോദിച്ചിരുന്നു.

ന്യൂഡൽഹി: ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ ആറ് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി. റഷ്യൻ സൈന്യത്തിൽ ചേർന്ന ആറ് ഇന്ത്യക്കാരെയാണ് റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ക്യാമ്പുകളിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ, ഗുൽബർഗയിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീർ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവരാണ് ഈ സംഘത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് വിഷയത്തിൽ നിർണായകമായത്.

ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്. വ്യാഴാഴ്ച വൈകുന്നേരം കശ്മീരിൽ നിന്നുള്ള ഒരു യുവാവും കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരാളും മോസ്‌കോയിൽ നിന്ന് വിമാനം കയറിയിരുന്നു.

റഷ്യൻ സർക്കാർ ഓഫീസുകളിൽ ഹെൽപ്പർമാരായി ജോലിക്ക് അപേക്ഷിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്.