National (Page 25)

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. സുപ്രീം കോടതി നടപടികൾ സംബന്ധിച്ച് മുൻപ് അപ്ലോഡ് ചെയ്ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടിൽ ഇപ്പോൾ കാണാനില്ല.

യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കൻ കമ്പനിയായ റിപ്പിളിന്റെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. യു എസ് ആസ്ഥാനമായുള്ള റിപ്പിളിന്റെ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടിൽ ഹാക്കർമാർ പ്രദർശിപ്പിച്ചിരിക്കുന്നത്.

കത്ര: ലോകത്തെ ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിൽ പാകിസ്താന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കത്രയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ അജണ്ട തന്നെയാണ് കോൺ?ഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെയും അജണ്ട. Congress-NC സഖ്യം പുറത്തുവിട്ട പ്രകടനപത്രികയെ പിന്തുണച്ചുകൊണ്ട് പാകിസ്താനിലെ പ്രതിരോധ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ആ പ്രകടനപത്രിക ആഘോഷമാക്കുകയാണ് പാകിസ്താൻ. കശ്മീരിൽ പാക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഡ്രസ് കോഡ് ആവശ്യമാണെന്നും കുർത്തയും പൈജാമയുമിട്ട് അഭിഭാഷകർ കോടതിയിൽ വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആവശ്യം തള്ളിയെങ്കിലും ഹർജിക്കാരനായ ശൈലേന്ദ്ര മണി ത്രിപാഠിക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും സ്റ്റേറ്റ് ബാർ കൗൺസിലുകൾക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകാവുന്നതാണെന്നു കോടതി വ്യക്തമാക്കി. ഇതൊരു അച്ചടക്കത്തിന്റെ വിഷയമാണ്. ഷോർട്ട്‌സും ടീഷർട്ടും ഇട്ട് വാദിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെയും ബംഗളൂരുവിലെയും കാലാവസ്ഥ ഒരുപോലെയല്ല. അതുകൊണ്ടു തന്നെ അതത് സംസ്ഥാന ബാർ കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതി പരിഗണിക്കാൻ വിസമ്മതിച്ചതോടെ ത്രിപാഠി ഹർജി പിൻവലിച്ചു.

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്തുതന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിനുള്ള നയചട്ടക്കൂട് തയ്യാറാക്കിയെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം നിയമിച്ച രാംനാഥ് കോവിന്ദ് സമിതി 2029ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാർശ നൽകിയത്.

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിന്റെ ആവശ്യങ്ങൾ മന്ത്രി ജെ പി നദ്ദയെ അറിയിച്ചു. കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതു കൊണ്ടാണ് മുൻഗണന കിട്ടാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023-24ലെ അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഫീൽഡ്തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകൾക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങൾ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാൻ ബഹു. കേന്ദ്രമന്ത്രി നിർദേശം നൽകി.

ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇൻഷുറൻസ് പരിഗണനയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടത്തി. നിലവിൽ 23 ലക്ഷത്തോളം ആളുകൾ മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാൽ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം വരും. അക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ആശമാരുടെ വേതന വർധനവ് സംബന്ധിച്ച ആവശ്യവും ഉന്നയിച്ചു. അത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

കശ്മീർ: ജമ്മു കശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്ന് ആദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഈ അവസരത്തിൽ പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരോടും മികച്ച രീതിയിൽ വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

യുവാക്കളും കന്നി വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജമ്മു കശ്മീരിലെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തെരഞ്ഞെടുപ്പ് ആരംഭിച്ചു. 90 നിയമസഭാ മണ്ഡലങ്ങളിലെ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടക്കുന്നത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു. ലഫ്.ഗവർണറുടെ വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ആംആദ്മി നേതാവ് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സെപ്തംബർ 26, 27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചേരും.

രാജിസമർപ്പിക്കാൻ കെജ്രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും എത്തിയിരുന്നു. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കുമെന്ന പ്രമേയം കഴിഞ്ഞ ദിവസം യോഗത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു

ന്യൂഡൽഹി: ആംആദ്മി നേതാവ് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സെപ്തംബർ 26, 27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചേരും.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവിൽ ഡൽഹിയിലെ ആം ആദ്മി സർക്കാരിലെ മന്ത്രിയാണ് അതിഷി മർലേന. എംഎൽഎമാരുടെ യോഗത്തിന് ശേഷം അതിഷി മർലേനയെ മുഖ്യമന്ത്രിയായി കെജ്രിവാൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി മർലേന.

ന്യൂഡൽഹി: വന്ദേ മെട്രോ ട്രെയിൻ ഇനി മുതൽ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന പേരിൽ അറിയപ്പെടും. ഉദ്ഘാടനത്തിന് തൊട്ടുമുൻപാണ് വന്ദേ മെട്രോ ട്രെയിന്റെ പേരുമാറ്റം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവ്വീസ്.

ആറ് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. 5.45 മണിക്കൂറകൾ കൊണ്ടാണ് ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റർ ദൂരം നമോ ഭാരത് റാപിഡ് റെയിൽ താണ്ടുന്നത്.. ഒമ്പത് സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്. ബുധനാഴ്ചയോടെയാകും ട്രെയിൻ സ്ഥിര സർവീസ് ആരംഭിക്കുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിതെന്നതാണ് മറ്റൊരു സവിശേഷത.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന നമോ ഭാരത് റാപിഡിൽ റിസർവേഷന്റെ ആവശ്യമില്ല. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്