National (Page 24)

ഉണ്ണി വാവാവോ എന്ന പാട്ട് അറിയാത്ത മലയാളികളുണ്ടാകില്ല. എന്നാൽ ഇപ്പോൾ ഈ ഗാനം പാൻ ഇന്ത്യൻ ആയി മാറിയിരിക്കുകയാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ആലിയ ഭട്ട് പറഞ്ഞ കാര്യങ്ങളാണ് ഈ ഗാനത്തെ പാൻ ഇന്ത്യൻ ലേബലിൽ എത്തിച്ചത്.

താനും രൺബീർ കപൂറും തങ്ങളുടെ മകളെ ഉറക്കുന്നത് ഈ പാട്ട് പാടിയാണെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്നും ആലിയ പറയുന്നു. മകൾ റാഹയെ പരിചരിക്കുന്ന മലയാളി നഴ്‌സി എന്നും അവളെ ഉണ്ണി വാവവോ എന്ന പാട്ട് പാടിയാണ് ഉറക്കുന്നത്. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ… എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ ഭട്ട് വ്യക്തമാക്കി.

ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിനെ കുറിച്ച് പറയുന്ന ആലിയ ഭട്ടിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇതോടെ ഈ പാട്ടിനെ കുറിച്ചാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. സാന്ത്വനം എന്ന മലയാള ചിത്രത്തിലേതാണ് ഈ ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലക്നൗ: ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സംസ്‌കൃതി വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ‘മിഷൻ ശക്തി’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തത്തോടെ നിരവധി സാംസ്‌കാരിക പരിപാടികൾ സംസ്‌കൃതി വകുപ്പ് നടത്തുന്നുണ്ട്.

ഓരോ ജില്ലകളിലും തെരഞ്ഞെടുത്ത ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും പ്രാദേശിക കലാകാരന്മാരെയും ഭജൻസംഘങ്ങളെയും കീർത്തനസംഘങ്ങളെയും തങ്ങളുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതികൾ വഴി തെരഞ്ഞെടുക്കണമെന്നും അതിന്റെ ഏകോപനം സംസ്‌കൃതി വകുപ്പും വിവരാവകാശ പൊതുജനസമ്പർക്ക വകുപ്പും നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ പരിപാടികളും ‘മിഷൻ ശക്തി’ക്ക് അനുസൃതമായി പ്രാദേശിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക കലാകാരന്മാരെ സംസ്‌കൃതി വകുപ്പിന്റെ ഇ-ഡയറക്ടറിയിൽ നിന്ന് തെരഞ്ഞെടുക്കാം.

മുംബൈ: മഹാരാഷ്ട്രയിലെ പൂനെ എയർപോർട്ടിന്റെ പേര് മാറ്റാനൊരുങ്ങി സർക്കാർ. ‘ജഗദ്ഗുരു സന്ത് തുകാറാം മഹാരാജ് എയർപോർട്ട്’ എന്നായിരിക്കും ഇനി പൂനെ വിമാനത്താവളത്തിന്റെ പേര്. മന്ത്രിസഭാ യോഗത്തിലാണ് മഹാരാഷ്ട്ര സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പുനർനാമകരണത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരിന് അപേക്ഷ കൈമാറിയിട്ടുണ്ട്. വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ പേരുമാറ്റത്തിന്റെ വിവരം അറിയിച്ചത്.

ന്യൂഡൽഹി: സംഘടിത കുറ്റവാളികളുടെ ഡേറ്റ ബേസ് തയ്യാറാക്കാനുള്ള നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. ഇങ്ങനെ തയ്യാറാക്കുന്ന ഡേറ്റാ ബേസ് എൻഐഎ ലോക്കൽ പൊലീസിന് കൈമാറും. കുറ്റവാളികളുടെ വിശദാംശങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ശൃംഖല, മറ്റ് വിവരങ്ങൾ എന്നിവ കേന്ദ്ര ഏജൻസി ഡേറ്റ ബേസിൽ ഉൾപ്പെടുത്തും.

കുറ്റവാളികളുടെ ഏറ്റവും പുതിയ ചിത്രം, ബയോമെട്രിക് വിശദാംശങ്ങൾ, ചോദ്യം ചെയ്യൽ റിപ്പോർട്ട്, അവരുടെ ആയുധ വിതരണക്കാർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്നിവ പോർട്ടലിൽ ഉണ്ടാവും.

സംഘടിത കുറ്റവാളികളുടെ ശൃംഖല തകർക്കുക, ആയുധ വിതരണക്കാർ, റിക്രൂട്ടർമാർ, ഹവാല ഓപ്പറേറ്റർമാർ, വ്യാജ പാസ്‌പോർട്ട്, വ്യാജ രേഖകൾ നൽകുന്നവർ എന്നിവരെ കണ്ടെത്തി പിടികൂടുക, സാമ്പത്തിക വരവ് നിയന്ത്രിക്കുക തുടങ്ങിയവയാണ് ഈ പോർട്ടലിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം കേന്ദ്ര സർക്കാർ 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 766 ആയി ഉയർന്നു. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളജുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2013-14ൽ രാജ്യത്താകമാനം 387 മെഡിക്കൽ കോളേജുകളുണ്ടായിരുന്നു. 2024-25ൽ 766 ആയി ഉയർന്നു. ഇതിൽ 423 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളാണ്. 343 സ്വകാര്യ മെഡിക്കൽ കോളജുകളുമുണ്ട്. 2023-24 ൽ 1,08,940 ആയിരുന്നു എംബിബിഎസ് സീറ്റുകളുടെ എണ്ണം. 2024-25 ൽ ഇത് 1,15,812 ആയെന്ന് ജെ പി നദ്ദ പറഞ്ഞു.

പിജി മെഡിക്കൽ സീറ്റുകൾ 2023-24ൽ 69,024 ആയിരുന്നത് 2024-25ൽ 73,111 ആയി വർദ്ധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ പിജി സീറ്റുകളുടെ എണ്ണത്തിൽ 39,460 സീറ്റുകളുടെ വർദ്ധനയാണുണ്ടായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകളുടെ എണ്ണത്തിൽ വലിയ കുതിപ്പ്. അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകളിലുണ്ടായത് വലിയ കുതിപ്പാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ഇടപാടുകളാണ്. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാലയളവിൽ 8,659 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡിജിറ്റൽ ഇടപാടുകളിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 2017-18 കാലഘട്ടത്തിൽ 18,737 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 18,737 കോടിയായി വർദ്ധിച്ചു. ഏകദേശം 44 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.

ആഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്.

വാഷിംഗ്ടൺ ഡിസി: ‘ ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ ക്വാഡ് കാൻസർ മൂൺഷോട്ട് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെർവിക്കൽ കാൻസർ ചെറുക്കുന്നതിനായി സാമ്പിൾ കിറ്റുകൾ, ഡിറ്റക്ഷൻ കിറ്റുകൾ, വാക്സിനുകൾ എന്നിവയ്ക്ക് 7.5 മില്യൺ ഡോളർ സാമ്പത്തിക പിന്തുണ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സെർവിക്കൽ കാൻസർ തടയുന്നതിനായി രോഗം നിർണയിക്കേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കാൻസറിനെതിരെയുള്ള കൂട്ടായ പോരാട്ടമാണിത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ, എന്നാൽ ഗുണനിലവാരമുള്ള ചികിത്സകളും ലഭ്യമാക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരി കാലത്ത് ഇന്തോ- പസഫിക്കിനായി ക്വാഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും മുൻകൈ എടുത്തിരുന്നു. സെർവിക്കൽ കാൻസറിനെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രതിജ്ഞയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കാൻസർ ചികിത്സയ്ക്കും പരിചരണത്തിനും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മുകശ്മീരിൽ കുടുംബവാഴ്ചയ്ക്ക് തടയിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ മൂന്ന് കുടുംബവാഴ്ചകൾ അവസാനിക്കുന്ന കാഴ്ചയ്ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബ്ദുള്ള, മുഫ്തി, നെഹ്റു-ഗാന്ധി കുടുംബങ്ങളുടെ ഭരണത്തിന് തടയിടും. കാരണം ഈ മേഖലയിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇപ്പോൾ ലാപ്ടോപ്പുകളാണ് ഉപയോഗിക്കുന്നത്. 75 വർഷത്തോളം അബ്ദുള്ള, മുഫ്തി, നെഹ്റു- ഗാന്ധി കുടുംബങ്ങൾ ജനാധിപത്യത്തെ അവരുടെ കാൽക്കീഴിൽ വച്ച് ചവിട്ടിയരച്ചു. മോദി സർക്കാരിന്റെ വരവോടെ ഇന്ന് ജമ്മുകശ്മീരിലെ 30,000-ലധികം യുവാക്കൾ യഥാർത്ഥ ജനാധിപത്യം എന്തെന്ന് തിരിച്ചറിയുന്നു. അവർ കല്ലുകൾക്ക് പകരം ഇപ്പോൾ ലാപ്ടോപ്പുകൾ ഉപയോഗിച്ച് വികസനത്തിന്റെ പാതയിൽ ചേക്കേറുന്നുവെന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനാധിപത്യം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മുഫ്തിയും നെഹ്റുവും ഉൾപ്പെടെയുള്ള കുടുംബങ്ങൾ ശ്രമിച്ചതെന്നും അമിത് ഷാ വിമർശിച്ചു. ജമ്മുകശ്മീരിൽ 30 വർഷത്തോളം ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറി. സാധാരണക്കാരായ നിരവധി ആളുകളും കുട്ടികളും മരിച്ചു. ഇതിനെല്ലാം ആരാണ് ഉത്തരവാദികളെന്ന് അമിത് ഷാ ചോദിക്കുന്നു.

റാഞ്ചി: രണ്ട് ദിവസം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്. കോപ്പിയടി തടയാൻ വേണ്ടിയാണ് സംസ്ഥാനം ഇത്തരമൊരു നടപടി സ്വീകരിച്ചത്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ബിരുദ ലെവൽ പരീക്ഷ നടക്കുന്നതിനാലാണ് ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ പരീക്ഷ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഒരു സംശയത്തിനുമിട നൽകാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.

ഇന്റർനെറ്റ് നിയന്ത്രണം വോയ്സ് കോളുകളെയും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയെയും ബാധിക്കില്ല. ആകെ 823 കേന്ദ്രങ്ങളിലാണ് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നത്. ഇന്നും നാളെയുമായി ഏകദേശം 6.40 ലക്ഷം ഉദ്യോഗാർത്ഥികളായിരിക്കും പരീക്ഷ എഴുതുന്നത്.

ന്യൂഡൽഹി: ആംആദ്മി വനിതാ നേതാവ് അതിഷി ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 4.30ന് രാജ്നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നിയമിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അനുമതി ലഭിച്ചതായി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിന്റെ രാജി സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അഞ്ച് മന്ത്രിമാരുടെ നിയമനത്തിനും രാഷ്ട്രപതി അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആം ആദ്മി അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തുടർന്ന് അന്ന് വൈകുന്നേരം തന്നെ കെജ്രിവാൾ ലെഫ് ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. പുതിയ മന്ത്രിസഭയിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, ആദ്യമായി എംഎൽഎ സ്ഥാനത്തെത്തുന്ന മുകേഷ് അഹ്ലാവത്ത് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.