National (Page 19)

പട്‌ന: ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാജമദ്യ ദുരന്തത്തിൽ ഇന്ന് എട്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 28 ആയി.

ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആകെ 79 പേരാണ് വ്യാജ മദ്യം കഴിച്ച് ചികിത്സ തേടിയത്. 30 പേർ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെന്നും അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിഹാർ സർക്കാർ അറിയിച്ചു.

ബിഹാറിൽ മദ്യ നിരോധനം സമ്പൂർണ പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങൾ കാരണമാണ് ദുരന്തമുണ്ടായതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

കൊൽക്കത്ത: സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഐസിയുവിലായിരുന്ന രോഗി തീപിടുത്തത്തിൽ മരിച്ചു. 80 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. ഭയങ്കരമായ തീപിടിത്തം എന്നാണ് ജില്ലാ ഫയർ ഓഫീസർ ടി കെ ദത്ത പ്രതികരിച്ചത്.

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വേർപാട് തന്നെയാണ്. തന്റെ കൗമാര പ്രായത്തിൽ തന്നെ ഷാരൂഖ് ഖാന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. മിർ താജ് മുഹമ്മദ് ഖാനാണ് ഷാരൂഖിന്റെ പിതാവ്. ലത്തീഫ് ഫാത്തിമയാണ് താരത്തിന്റെ അമ്മ.

തന്നെ ബിഗ്‌സ്‌ക്രീനിൽ കാണാൻ അവർ ഒപ്പമില്ല എന്നത് അദ്ദേഹത്തിന്റെ വലിയ വേദനകളിലൊന്നാണ്. താൻ ചെയ്യുന്ന സിനിമകൾ സ്വർഗത്തിൽ നിന്ന് അവർക്ക് കാണാൻ കഴിയുമെന്ന് പറഞ്ഞാണ് താരം ആശ്വസിക്കുന്നത്.

താൻ സിനിമയിലെത്തുമ്പോഴേക്കും തന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. ചില കാരണങ്ങളാൽ, താൻ വളരെ വലിയ സിനിമകൾ ചെയ്യുമെന്ന് തനിക്ക് എപ്പോഴും തോന്നിയിരുന്നു. സ്വർഗത്തിൽ നിന്ന് അവർക്ക് എന്റെ സിനിമകൾ കാണാൻ കഴിയും. അമ്മ ആകാശത്തിലെ നക്ഷത്രമായി മാറിയെന്നാണ് താൻ വിശ്വസിക്കുന്നത്. ഇത് ബാലിശമാണെന്ന് തോന്നിയേക്കാമെന്നും ദേവദാസിൽ തന്നെ കാണുന്നത് തന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവദാസ് ചെയ്യുമ്പോൾ അത് ചെയ്യരുതെന്ന് മുതിർന്ന അഭിനേതാക്കൾ പലരും തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ഞാനത് ചെയ്യാൻ ആഗ്രഹിച്ചു. അമ്മേ, ഞാൻ ദേവദാസ് ചെയ്തുവെന്ന് പറയാൻ വേണ്ടിയായിരുന്നു അതെന്ന് ഷാരൂഖ് പറയുന്നു.

സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയബന്ധങ്ങൾ എക്കാലത്തും ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായ ഒരു പ്രണയ ബന്ധമായിരുന്നു മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനും ബോളിവുഡ് നടി രേഖയും തമ്മിൽ ഉണ്ടായിരുന്നത്.

ഇമ്രാൻ ഖാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ആ പ്രണയം. ആ കാലത്ത് പലരുമായും ഇമ്രാന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഏറ്റവും ഹിറ്റായത് രേഖയുമായുള്ള കഥകളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഈ ബന്ധത്തിന് രേഖയുടെ അമ്മ വരെ അംഗീകാരം നൽകിയിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന വാർത്തകൾ. വിവാഹത്തിന് വേണ്ടി ഒരു ജോത്സ്യനെ പോലും ഇവർ കണ്ടിരുന്നുവെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു.

ഇമ്രാൻഖാൻ ഇന്ത്യയിൽ വരികയും രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. രേഖയുടെ സൗഹൃദം താൻ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ഒരു നടിയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്നും പിന്നീട് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിൽ ട്രെയിൻ വേഗത കൂട്ടിയുള്ള ട്രയൽ റൺ നടത്തി. ഇന്നാണ് ട്രയൽ റൺ നടന്നത്. മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള പുതിയ പാമ്പൻ പാലത്തിലായിരുന്നു പരീക്ഷണം.

ഇതിനായി നിശ്ചയിച്ച ചരക്ക് തീവണ്ടി 90 കിലോമീറ്റർ വേഗത്തിലാണ് പുതിയ പാലം കടന്നത്. ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ കൗശിക് കിഷോർ പുതിയ റെയിൽപ്പാലം പരിശോധിക്കാൻ ചെന്നൈയിൽ നിന്ന് ഇന്നലെ മണ്ഡപത്തിലെത്തി.

തുടർന്ന് ട്രോളിയിൽ കയറി പുതിയ റെയിൽവേ പാലം സന്ദർശിച്ചു. 17 മീറ്റർ ഉയരത്തിൽ ഡ്രോബ്രിഡ്ജ് പൂർണമായി തുറന്ന് പരിശോധന നടത്തുകയും ചെയ്തു.

ന്യൂഡൽഹി: ഡിയർനസ് അലവൻസ് (ഡിഎ ക്ഷാമബത്ത) വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഡിഎ ക്ഷാമബത്ത 3% വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഡിഎ ക്ഷാമബത്ത മൂന്ന് ശതമാനം കൂടി ഉയർത്തിയതോടെ സർക്കാർ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53% ആയി മൊത്തം ഡിഎ വർദ്ധിച്ചു. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ വർദ്ധിത ഡിഎ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർദ്ധന നിർണയിക്കുന്നത്.

നിലവിൽ 22,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരന് പ്രതിമാസ ഡിഎ 660 രൂപ കൂടി ലഭിക്കും. അതായത്, മൊത്തം ഡിഎ 11,660 രൂപയായി ഉയരും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടാൻ സർക്കാർ ജീവനക്കാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനം.

ന്യൂഡൽഹി: ബിജെപി പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി സജീവ അംഗത്വം പുതുക്കിയത്. വികസിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇത് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം പുതുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമസഭാ മണ്ഡലത്തിലോ ബൂത്തിലോ 50 അംഗങ്ങളെ ചേർക്കുന്നവർക്കാണ് സജീവ അംഗത്വം ലഭിക്കുക. മണ്ഡലം കമ്മിറ്റികളിലേക്കും അതിന് മുകളിലുളള പാർട്ടി സമിതികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് മത്സരിക്കാൻ അർഹതയുണ്ടാകും.

സജീവ അംഗത്വം നേടിയവർക്ക് പാർട്ടിക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനുളള അവസരങ്ങളും ലഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ 82-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം ചേർന്ന് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ബച്ചന്റെ ഭാര്യ ജയ, മക്കളായ അഭിഷേക്, ശ്വേത, കൊച്ചുമക്കളായ അഗസ്ത്യ, നവ്യ തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാം. കൊച്ചുമകൾ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയിൽ കാണിച്ചിരുന്നു. എന്നാൽ അമിതാഭ് ബച്ചന്റെ മരുമകളും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിയെ വീഡിയോയിൽ കാണിച്ചിട്ടില്ല. ഇതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾക്ക് ശക്തിപകരുന്ന ദൃശ്യങ്ങളാണിതെന്നാണ് സൈബർ ലോകം ചൂണ്ടിക്കാട്ടുന്നത്. ഐശ്വര്യയും അഭിഷേകും നാളുകളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐശ്വര്യ ഇപ്പോൾ മകൾക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ഇതെല്ലാം ആരാധകരുടെ സംശയങ്ങൾ ബലപ്പിക്കുകയാണ്.

ബോളിവുഡ് മെഗാസ്റ്റാർ ആമിർ ഖാനും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 30 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. 1995 ൽ ആതംഗ് ഹീ ആതംഗ് എന്ന ചിത്രത്തിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ‘കൂലി’യിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തുമെന്നാണ് പീപ്പിംഗ് മൂൺ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ ആമിർ ഖാന്റ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. രജനികാന്തിന്റെ 171-ാമത് ചിത്രമാണ് കൂലി. നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത്. ഫിലോമിൻരാജ് എഡിറ്റിങ്ങ് നിർവഹിക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.