എന്നും രാത്രി തന്നെ വിളിക്കും; നേരെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് സൽമാൻ ഖാൻ പറയാറുണ്ടെന്ന് ബാബ സിദ്ധിഖിയുടെ മകൻ
മുംബൈ: എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം നടൻ സൽമാൻ ഖാന് നേരെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ. ബാബ സിദ്ധിഖിയുടെ മകൻ സഷീനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സൽമാൻ ഖാനും സിദ്ധിഖിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സൽമാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ പറയാറുണ്ടെന്നും സുഷിൻ വ്യക്തമാക്കി.
സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി രംഗത്തെത്തിയിരുന്നു. സൽമാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാൽ വകവരുത്തുമെന്ന ഭീഷണിയും ലോറൻസ് ബിഷ്‌ണോയ് നടത്തിയിരുന്നു.
നേരത്തെ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സൽമാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയ് 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.










