National (Page 16)

ആരാധകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് സാമന്ത. തന്റെ കരിയറിലും ജീവിതത്തിലും അപ്രതീക്ഷിതമായ പല തിരിച്ചടികളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിലൊന്നും തളരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ശ്രമങ്ങൾ താരം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ കരിയറിനെക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് സാമന്ത.

സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന സിറ്റാഡൽ: ഹണി ബണ്ണി എന്ന ആക്ഷൻ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനിടയിൽ തന്റെ ഫോളേവേഴ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് തന്റെ കരിയറിനെ കുറിച്ചും സാമന്ത മനസ്സുതുറന്നത്.

താൻ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെതന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാൾ പ്രയാസമേറിയതാവണമെന്നും താൻ സ്വയം വാഗ്ദാനം നൽകിയിട്ടുണ്ട്. ശരിയാണ് മുൻകാലങ്ങളിൽ തനിക്ക് തെറ്റുകൾ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. താൻ തോൽവി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളിൽ തന്റെ പ്രകടനം മികച്ചതല്ലായെന്നത് താൻ സമ്മതിക്കുകയാണെന്നും താരം വ്യക്തമാക്കി.

ആരാധകരുടെ ഇഷ്ട താരമാണ് സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. മുംബൈയിൽ നടന്ന കങ്കുവ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടനെ അവതാരക സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്തതും അതിന് സൂര്യ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ സൂപ്പർസ്റ്റാർ അല്ലെന്നാണ് താരം പറയുന്നത്. തങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണെന്ന് സൂര്യ വ്യക്തമാക്കുന്നു. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ ചൂണ്ടിക്കാട്ടി.

രജനികാന്തിനോടുള്ള നടന്റെ ബഹുമാനം എന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ ഈ വാക്കുകൾ വൈറലാകുന്നത് നവംബർ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കങ്കുവ കേരളത്തിലെത്തിക്കുന്നത്.

ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ബോബി ഡിയോൾ, ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നുണ്ട്.

ഹൈദരാബാദ്: മധ്യവയസ്‌കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് സൈബർ തട്ടിപ്പ് സംഘം. സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന 63 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. ഹൈദരാബാദ് സ്വദേശിയാണ് വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന് കബളിപ്പിക്കപ്പെട്ടത്.

സ്റ്റോക്ക് ഡിസ്‌കഷൻ ഗ്രൂപ്പ് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. പ്രശസ്ത സാമ്പത്തിക ഉപദേഷ്ടാവെന്ന് സ്വയം പരിചയപ്പെടുത്തിയ കുണാൽ സിംഗായിരുന്നു ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റർ. സ്റ്റോക്കുകളിൽ നിന്ന് 500 ശതമാനം വരെ ഉയർന്ന വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മധ്യവയസ്‌കനെ കബളിപ്പിച്ചത്. ഇയാളുടെ നിർദ്ദേശ പ്രകാരം മധ്യവയസ്‌കൻ സ്റ്റോക്ക് ട്രേഡിംഗ് പഠിക്കാനായി ചില ഓൺലൈൻ ക്ലാസുകളിൽ ചേർന്നു.

ഈ സെഷനുകളിൽ സ്‌കൈറിം ക്യാപിറ്റൽ എന്ന പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപങ്ങൾ നടത്താൻ തട്ടിപ്പുകാർ ഇരയോടും മറ്റുള്ളവരോടും നിർദ്ദേശിച്ചു. തുടക്കത്തിൽ ചെറിയ തുകകകൾ നിക്ഷേപിച്ച 63 കാരനെ വലിയ ലാഭം ലഭിച്ചുവെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. ഇരയുടെ വിശ്വാസം നേടിയെടുത്ത ഇവർ ഇതിലേക്ക് 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മധ്യവയസ്‌കൻ പണം നിക്ഷേപിച്ചെങ്കിലും ലാഭം പിൻവലിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് തട്ടിപ്പിന് ഇരയായെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.

സിനിമയോടൊപ്പം തന്റെ കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരമാണ് ഷാരൂഖ് ഖാൻ. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ താരം സമയം ചെലവഴിക്കാറുണ്ട്. കുടുംബമാണ് തന്റെ ശക്തിയെന്ന് പലപ്പോഴും താരം തുറന്നു സമ്മതിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മക്കളിൽ നിന്ന് താൻ പഠിച്ച വലിയ പാഠത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ ക്ഷമാശീലം പഠിച്ചത് മക്കളിൽ നിന്നാണ്. ഒരാൾക്ക് എത്ര കുട്ടികൾ ഉണ്ടാകുന്നുവോ അത്രയധികം ഒരു വ്യക്തിക്ക് ക്ഷമ വർധിക്കുന്നു. ഈ ക്ഷമ സഹപ്രവർത്തകരുമായും ടീമുമായും ആഴത്തിൽ ബന്ധപ്പെടാൻ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

മക്കൾ തമ്മിൽ വഴക്കിടാറില്ല. അവർ വഴക്കിടരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കാരണം സ്വത്ത് ഭാഗം വെയ്ക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഷാരൂഖ് ഈ പരിപാടിയിൽ വെച്ച് തമാശരൂപേണ പറഞ്ഞു.

ന്യൂഡൽഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

അതേസമയം, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നാണ് കോടതിയുടെ നിരീക്ഷണം. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

ന്യൂഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ന്യൂഡൽഹി: ആഗ്രയിൽ വ്യോമസേന വിമാനം തകർന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനമാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂഡൽഹി: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നവംബർ 13നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

വോട്ടെണ്ണൽ തീയതിയിൽ മാറ്റമുണ്ടായിരിക്കില്ല. നവംബർ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തർ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബർ 13ൽ നിന്ന് 20ലേക്ക് മാറ്റി.

ഹൈദരാബാദ്: ആരാധകരേറെയുള്ള താരജോഡികളാണ് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. ഹൈദരാബാദിൽ രശ്മിക മന്ദാന ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ദേവരകൊണ്ടയും തന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കിട്ടിരുന്നു. എന്നാൽ, ഇരുവരും ഒന്നിച്ചാണ് ദീപാവലി ആഘോഷിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ രശ്മിക സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങൾ വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണ് എടുത്തതെന്നാണ് രശ്മിക ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ഫോട്ടോകൾ രശ്മിക പോസ്റ്റ് ചെയ്തപ്പോൾ മുതൽ ഇത് വിജയ് ദേവരകൊണ്ടയുടെ വീട്ടിലെ ഇടമല്ലെ, സ്റ്റെയർ അല്ലെ എന്നതടക്കം ചോദ്യം വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം കമന്റിലൂടെ മറുപടി നൽകിയത്. വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ശ്രദ്ധയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.