National (Page 14)

ഇഫാൽ: മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടി. സംസ്ഥാനത്ത് സാമുദായിക സംഘർഷം രൂക്ഷമായതോടെയാണ് ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ എൻപിപി തീരുമാനിച്ചത്. ഇതോടെ നിയമസഭയിൽ എൻഡിഎ സർക്കാരിന്റെ അംഗസംഖം 53ൽ നിന്ന് 46 ആയി കുറഞ്ഞു.

കോൺഗ്രസിന് 5 അംഗങ്ങളും കുകി പീപ്പിൾ അലയൻസിന് 2 അംഗങ്ങളും അടക്കം 7 അംഗങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ളത്. മണിപ്പൂരിൽ കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധക്കാർ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും ചിലരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചാണ് സുരക്ഷാ സേന പിരിച്ചുവിട്ടത്.

അതേസമയം, സായുധ സംഘം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് മെയ്‌തെയ് വിഭാഗക്കാരുടെ പ്രതിഷേധം ശക്തമാണ്. നിരവധി മന്ത്രിമാരുടെ വീടുകളും വാഹനങ്ങളും ആക്രമണത്തിനിരയായി. ഇംഫാൽ മേഖലയിലുള്ള പള്ളികൾക്ക് നേരേയും ആക്രമണമുണ്ടായി. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎക്ക് കൈമാറാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ത്സാൻസി മെഡിക്കൽ കോളേജിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. അമ്പതിലധികം കുട്ടികളെയായിരുന്നു പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവിൽ കിടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.

സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച കമ്മീഷൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐസിയുവിൽ തീപിടുത്തമുണ്ടായത്. 54 കുഞ്ഞുങ്ങളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. പത്തു കുഞ്ഞുങ്ങളാണ് തീപിടുത്തത്തിൽ വെന്തു മരിച്ചത്. 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഈ കുഞ്ഞുങ്ങൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു.

ബിജെപി നേതൃത്വവുമായി സന്ദീപ് വാര്യർ ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സന്ദീപ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ബിജെപിയുമായുള്ള അകച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമായത്. തുടർന്ന് സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ കെ ബാലൻ രംഗത്തെത്തിയിരുന്നു.

പലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ന്യൂഡൽഹി: നൈജീരിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ്. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും.

നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച പ്രധാനമന്ത്രി നടത്തും. ബ്രസീൽ, ഗയാന തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും.

ബ്രസീലിൽ സന്ദർശനം നടത്തിയ ശേഷം ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ലക്‌നൗ: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്.

നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നാലുതലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുസ്ലീങ്ങൾക്ക് സംവരണം നൽകേണ്ടി വന്നാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കേണ്ടിവരും. രാഹുൽ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാൽപ്പോലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ സാധിക്കില്ല. ആർക്കും ഭയമില്ലാതെ ഇപ്പോൾ കശ്മീർ സന്ദർശിക്കാം. പത്തുവർഷത്തെ സോണിയ – മൻമോഹൻ സിങ് ഭരണത്തിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന ആർക്കും സ്വതന്ത്രമായി ബോംബ് സ്ഫോടനം നടത്താമായിരുന്നു. എന്നാൽ മോദി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പറ്റ്‌ന: ബിഹാറിൽ 12,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ദർഭംഗയിൽ നിർമിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർമ്മാണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കർപ്പൂരി ഠാക്കൂറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. രാജ്യത്തെ എയിംസ് ആശുപത്രികളുടെ എണ്ണം 24 ആയി വർദ്ധിച്ചു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഒരു ലക്ഷം മെഡിക്കൽ സീറ്റുകളാണ് പുതിയതായി കൂട്ടിച്ചേർത്തത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂടി അനുവദിക്കും. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ പദ്ധതിയുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് അസുഖം വന്നാൽ തന്നെ കുടുംബത്തിന്റെ താളം തെറ്റും. സമാന സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ള തനിക്ക് ഇത് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന ചോദ്യവുമായി സുപ്രീംകോടതി. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബുൾഡോസർ ഹർജികളിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു.

വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകും. അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി അറിയിച്ചു.

അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുടർന്ന് കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങി. ഇതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡൽഹിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി. മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്.

ഡൽഹിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 ആണ്. വളരെ മോശം അവസ്ഥയാണിത്.

അതേസമയം, ഡൽഹിയിൽ മലിനീകരണത്തോത് കൂടിയാൽ സ്‌കൂളുകൾ അടക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കിയത്. മലിനീകരണത്തോത് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ്. പലയിടങ്ങളിലും വായുഗുണനിലവാരസൂചിക 400നും മുകളിലാണ്.

ആരാധകരുടെ ഇഷ്ട താരമാണ് തമന്ന ഭാട്ടിയ. തനിക്ക് ഒരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. സുഹൃത്തിന്റെ സഹോദരനോടാണ് ഇഷ്ടം തോന്നിയതെന്നാണ് തമന്ന പറയുന്നത്. ഇയാളെ കാണാൻ വേണ്ടി മാത്രം താൻ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്നും താരം വ്യക്തമാക്കി.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്ക് തനിക്ക് സുഹൃത്തിന്റെ സഹോദനോട് ഇഷ്ടം തോന്നിയത്. ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാൽ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണ് അവന്റെ ഭാഗത്ത് നിന്നുണ്ടായത്. തന്റെ സഹോദരിയുടെ സുഹൃത്താണ് നീ. നീയും എനിക്ക് സഹോദരിയെ പോലെയാണെന്ന് അവൻ മറുപടി പറഞ്ഞു. ഈ മറുപടി തന്റെ ഹൃദയം തകർത്തെന്നും തമന്ന വ്യക്തമാക്കി.

തനിക്കുണ്ടായ ബ്രേക്കപ്പുകളെക്കുറിച്ചും താരം മനസു തുറന്നു. രണ്ട് ബ്രേക്കപ്പുകളാണ് തനിക്കുണ്ടായത്. വളർച്ചയ്ക്ക് അത് പ്രധാനമായിരുന്നു. ആദ്യത്തേത് താൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ്. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ വേണ്ടതുണ്ടെന്ന് അന്ന് തോന്നി, ഒരു വ്യക്തിക്ക് വേണ്ടി മറ്റ് പല കാര്യങ്ങളും ത്യജിക്കാൻ പറ്റുമായിരുന്നില്ല. രണ്ടാമത്തെ ബ്രേക്കപ്പിന് കാരണം ആ വ്യക്തിയുടെ സ്വാധീനം തനിക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും തമന്ന കൂട്ടിച്ചേർത്തു.