മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല
ഗോവ: മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കിഴക്കൻ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടുമായാണ് ഇന്ത്യൻ നാവിക സേനയുടെ സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പൽ കൂട്ടിയിടിച്ചത്.
13 പേരാണ് മത്സ്യബന്ധനബോട്ടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവത്തനം നടത്തി. ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിക്കാനായി. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തിൽ കോസ്റ്റ് ഗാർഡിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തെരച്ചിൽ തുടരുകയാണ്.