National (Page 11)

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ. ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റർ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്.

പുതുച്ചേരിയിൽ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. ശക്തമായ മഴയെ തുടർന്ന് പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്.

രാത്രിവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്‌നാട്ടിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഐശ്വര്യ റായിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. പുതിയ ഹെയർ സ്‌റ്റൈലിൽ അതീവ സുന്ദരിയായുള്ള ഐശ്വര്യ റായിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറം 2024ലാണ് പുതിയ ലുക്കിലും സ്‌റ്റൈലിലും ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ത്രീ ജീവിതങ്ങൾ ആഘോഷമാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പല മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പരിപാടിയുടെ ഭാഗമാക്കിയിരുന്നു. മനോഹരമായ നീല നിറത്തിലുള്ള വസ്ത്രവും നീലയിൽ വെളുത്ത എംബ്രോയിഡറികൾ ചെയ്ത ജാക്കറ്റും ധരിച്ചാണ് ഐശ്വര്യ പരിപാടിയിൽ പങ്കെടുത്തത്. താരത്തിന്റെ പുതിയ ഹെയർ സ്‌റ്റൈൽ തന്നെയായിരുന്നു ഏറ്റവും അധികം ശ്രദ്ധ നേടിയത്.

ഒരു വശത്തു നിന്നും പകുത്തിട്ട മുടിയിൽ ഐശ്വര്യ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നു. ഇതിനിടെ മറ്റൊരു സംഭവം കൂടി ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഐശ്വര്യയുടെ പേരിനൊപ്പം ബച്ചൻ എന്ന് ചേർക്കാതിരുന്നതാണ് സമൂഹമാധ്യമങ്ങളുടെ കണ്ണിൽപെട്ടത്. അഭിഷേക് ബച്ചനുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന തരത്തിൽ വീണ്ടും ചർച്ചകൾ സജീവമായി.

എന്നാൽ ഇപ്പോഴും സമൂഹമാധ്യമ പേജുകളിൽ ഐശ്വര്യയുടെ പേരിനൊപ്പം ബച്ചൻ കുടുംബത്തിന്റെ പേരുണ്ടെന്നും അതിനാൽ ഗോസിപ്പുകളിൽ കഴമ്പില്ലെന്നും വാദിക്കുന്നവരുമുണ്ട്.

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. ഇന്ന് ഡൽഹിയിലെ ഗ്രേറ്റർ കൈലാശ് ഭാഗത്ത് പ്രവർത്തകർക്കും മറ്റു നേതാക്കൾക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാൾ ദ്രാവകം എറിയുകയായിരുന്നു.

ഉടൻ തന്നെ മറ്റു പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടഞ്ഞു. ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കെജ്രിവാളിന്റെ സമീപത്ത് വെച്ച് ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ദ്രാവകത്തിന്റെ തുള്ളികൾ കെജ്രിവാളിന്റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും സംഭവിച്ചിട്ടില്ല.

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തിൽ വരുന്നതെല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

ദുരന്ത ബാധിതരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് തനിക്ക് കഴിയുമെന്നാണ് തന്റെ പ്രതീക്ഷ.

വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ താൻ ശബ്ദം ഉയർത്തും. 35 വർഷമായി താൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ഇക്കാലയളവിൽ ലക്ഷക്കണക്കിന് ആളുകളെ ഞാൻ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് താൻ മത്സരിച്ചത്. ഈ പ്രചാരണത്തിൽ ഇവിടെ കണ്ടുമുട്ടിയ ഓരോ മുഖവും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും. അവർക്കു വേണ്ടി ശബ്ദം ഉയർത്തുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ചെന്നൈ: ചെന്നൈയിൽ മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെയാണ് ചെന്നൈയിൽ മഴ ശക്തമായത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയ്ക്ക് ശേഷം ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം.

തമിഴ്‌നാടിന്റെയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സ്‌പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുത് എന്നാണ് നിർദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വിനോദ പരിപാടികൾ വാരാന്ത്യത്തിൽ സംഘടിപ്പിക്കരുതെന്നും സർക്കാർ നിർദേശം നൽകി.

ആരാധകരുടെ മനംകവർന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് നടി രശ്മിക മന്ദാന. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച സിനിമകളുടെ ഭാഗമാകാൻ രശ്മികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തോൽവികളിൽ നിന്നും തകർച്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് രശ്മിക ജീവിതത്തിൽ മുന്നേറിയത്.

തന്റെ കുട്ടിക്കാലത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ചും രശ്മിക ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. കളിപ്പാട്ടം പോലും വാങ്ങിത്തരാൻ കഴിയാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് രശ്മിക ഇന്നത്തെ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

കർണാടകയിലെ കുടക് ജില്ലയിലാണ് 1996 ൽ രശ്മിക ജനിച്ചത്. അച്ഛന് കോഫി എസ്റ്റേറ്റും, ഒരു ഫങ്ഷൻ ഹാളും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഒരു വീട് കണ്ടെത്തുന്നതിനും, അതിന്റെ വാടക കൊടുക്കുന്നതിനും എല്ലാം ബുദ്ധിമുട്ടി. തുടക്കത്തിൽ അഭിനയത്തിലേക്ക് വിടാൻ മാതാപിതാക്കൾക്ക് താത്പര്യം ഇല്ലായിരുന്നുവെങ്കിലും പിന്നീട് രശ്മികയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവർ പിന്മാറി.

ഇന്ന് പാൻ ഇന്ത്യൻ താരം എന്ന ലേബലിലേക്ക് രശ്മിക മന്ദാന വളർന്നു. പുഷ്പ 2 എന്ന സിനിമയ്ക്ക് വേണ്ടി രശ്മിക പ്രതിഫലമായി വാങ്ങിയത് 10 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുൻ നായകനാകുന്ന ചിത്രം ഡിസംബർ 5 നാണ് തിയേറ്ററുകളിലെത്തുക.

ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപെടുത്തി. നവംബർ 21ന് നടന്ന ഹിയറിംഗിൽ ചെന്നൈ കോടതിയാണ് വിവാഹമോചനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെയുള്ള മൂന്ന് തവണത്തെ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇവർ ഒരുമിയ്ക്കുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അവസാന ഹീയറിംഗ് ദിനത്തിൽ ഇവർ കോടതിയിൽ ഹാജരായി വിവാഹ മോചനം നേടി.

ധനുഷും ഐശ്വര്യയും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ 2022ൽ ഇരുവരും അറിയിച്ചിരുന്നു. പിന്നീട് ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ഒന്നിച്ച് ജീവിക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു.

2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു അത്.. ഇന്ന ഞങ്ങളുടെ വഴികൾ പിരിയുന്നിടത്താണ് തങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത നൽകണമെന്നായിരുന്നു 2022ൽ ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്‌ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം നടന്നത്. പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ടസംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.

ന്യൂഡൽഹി: വയനാട് എംപിയായി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേരളീയ വേഷത്തിലാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. കേരളാ സാരി ധരിച്ച് ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. വലിയ കയ്യടിയോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ വരവേറ്റത്.

അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് വയനാട്ടിൽ പ്രിയങ്ക വിജയിച്ചത്.

പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമുണ്ടെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ ലോക്‌സഭാ സന്ദർശക ഗ്യാലറിയിൽ സോണിയ ഗാന്ധിയുമെത്തിയിരുന്നു. പാർലമെന്റിൽ പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ ഇന്ത്യ മുന്നണിയ്ക്ക് കരുത്ത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂഡൽഹി: കേരളത്തിന് വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് അനുവദിച്ചത്.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് തുക അനുവദിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ കേരളം ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് അനുവദിച്ചതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.