Kerala (Page 25)

കൊച്ചി: സിനിമ- സീരിയൽ നടൻമാർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. സീരിയൽ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി ഇൻഫോ പാർക്ക് പോലീസാണ് കേസെടുത്തിരിക്കുന്നത്. സീരിയൽ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് പരാതി.

ജനപ്രിയ സീരിയലിലെ രണ്ട് നടൻമാർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേ സീരിയലിൽ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി മൊഴി നൽകിയിരുന്നു.

ഇവരുടെ നിർദേശ പ്രകാരമാണ് ഇൻഫോ പാർക്ക് പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നടിയുടെ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീരിയൽ ഷൂട്ടിംഗിനിടെ ഇവർ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താൻ ഇരയായി എന്നുമാണ് നടി നൽകിയിരിക്കുന്ന പരാതി. നടി സീരിയലിൽ നിന്നും പിൻമാറിയിരുന്നു.

തിരുവനന്തപുരം: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു.

സ്മൃതിപഥത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എ എ റഹീം, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രാധാകൃഷ്ണൻ, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാ മാങ്കൂട്ടത്തിൽ, കെ പി അനിൽ കുമാർ, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് കൗൺസിലർമാർ, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, അസി. കളക്ടർ ആയുഷ് ഗോയൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയ ആളുകളും സംബന്ധിച്ചു.

സാഹിത്യ-സിനിമ ലോകത്ത് നിന്ന് എം എൻ കാരശ്ശേരി, എം എം ബഷീർ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, ആലങ്കോട് ലീലകൃഷ്ണൻ, കെ പി സുധീര, കെ പി രാമനുണ്ണി, സംവിധായകൻ ജയരാജ്, ലാൽ ജോസ്, വിനോദ് കോവൂർ എന്നിവരും എത്തിച്ചേർന്നു.

കോട്ടയം: മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയതെന്ന് മന്ത്രി വി എൻ വാസവൻ. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.

ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയിലെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താൽക്കാലികമായി ലഭ്യമായ കണക്ക്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടു. മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തൊഴിൽ നൈപുണി വർദ്ധിപ്പിച്ച് കേരളത്തിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ ബഹുജന പങ്കാളിത്തത്തോടെയുള്ള ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ടി എം തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ജില്ലാതല യോഗങ്ങൾക്ക് ആലപ്പുഴയിൽ തുടക്കം കുറിച്ചു ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം മുഴുവൻ നടപ്പിലാക്കുന്ന പദ്ധതി വഴി അടുത്തവർഷം അവസാനത്തോടെ മൂന്നുലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റേണ്ടതുണ്ട്. അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാകുന്ന സ്ഥലമാക്കി കേരളത്തെ മാറ്റണം. ഉയർന്ന ഉൽപ്പാദനക്ഷമതയും സാങ്കേതിക മുന്നേറ്റങ്ങളും കേന്ദ്രീകരിച്ചുള്ള മുന്നേറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. നാലുവർഷബിരുദവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യ വികസനങ്ങളും ഇതിന്റെ ഭാഗമാണ്. തൊഴിൽ അന്വേഷകരെ പദ്ധതിയുടെ ഭാഗമാക്കി രജിസ്റ്റർ ചെയ്യിക്കുന്നതും തൊഴിൽമേളകൾ നടത്തുന്നതും വിജ്ഞാനകേരളം പ്രവർത്തനത്തിന്റെ പ്രാരംഭഘട്ടത്തിൽ പൂർത്തിയാക്കും. തൊഴിലുകളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നൈപുണ്യ വികസനം രണ്ടാംഘട്ടത്തിലും സാധ്യമാക്കും. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായുള്ള ആദ്യ തൊഴിൽമേള ആലപ്പുഴ ജില്ലയിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 5000 പേർക്ക് തൊഴിൽ നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ.ഡിസ്‌ക്), കേരള നോളജ് എക്കണോമി മിഷൻ എന്നിവയുടെ മേൽ നോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ അഭ്യസ്തവിദ്യർക്ക് അവസരമൊരുക്കി ജില്ലാ പഞ്ചായത്തും നിയമസഭാ സാമാജികരും കെ.ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും പ്രവർത്തിക്കും. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടലിൽ തൊഴിൽ തേടുന്ന അഭ്യസ്ത വിദ്യരെയും തൊഴിൽ ദാതാക്കളെയും രജിസ്റ്റർ ചെയ്യിപ്പിക്കുന്ന നടപടികളാണ് ഉടൻ പൂർത്തിയാക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു.
വിജ്ഞാന കേരളം പദ്ധതിക്ക് സഹായകമായി ജില്ലയിലെ 12 ബ്ലോക്കിലും ആറ് നഗരസഭകളിലും ജോബ് സ്റ്റേഷനുകൾ ആരംഭിക്കും. ജില്ലയിൽ ഭൂരിഭാഗം ബ്ലോക്കുകളിലും നഗരസഭകളിലും ജോബ് സ്റ്റേഷനുകൾ ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപെഴ്സൺ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ റ്റി എസ് താഹ, എം വി പ്രിയ ടീച്ചർ, ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, കേരള നോളജ് മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ജില്ലാ പഞ്ചായത്ത്, നഗരസഭ അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ക്രിസ്തുമസ് രാത്രിയിൽ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാർകുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുർഘടമായ വനപാതയിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവർത്തനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം സാമ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സായ സുദിനയെ വിവരം അറിയിച്ചു. നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തിൽ ഉടൻ എത്തിച്ചേരാൻ അവരോട് നിർദേശിക്കുകയും മെഡിക്കൽ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മിയുടെ നിർദേശ പ്രകാരം സുദിനയും നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയും ആശുപത്രിയിൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. അതിനിടെ സാമ്പയും സർദാറും ജീപ്പിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവരോടൊപ്പം ഫാർമസിസ്റ്റ് മിദിലാജും അനുഗമിച്ചു. എന്നാൽ ദുർഘടം പിടിച്ച യാത്രയിൽ ആശുപത്രിയിൽ എത്തും മുന്നേ യുവതി കുഞ്ഞിന് ജന്മം നൽകി.

വളരെ പെട്ടെന്ന് സുരക്ഷിതരായി നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തിൽ അവരെ എത്തിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് സുദിനയും നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയും പരിചരണത്തിനായി സജ്ജരായി നിന്നു. പ്രാഥമിക പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും മനസിലാക്കി. ഡോക്ടറുടെ നിർദേശ പ്രകാരം ജീപ്പിൽ വച്ച് തന്നെ പൊക്കിൾക്കൊടി മുറിക്കുകയും മറ്റ് പരിചരണങ്ങൾ നൽകുകയും ചെയ്തു.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനായി കൈകാട്ടിയിൽ നിന്നും സുദിനയും ജാനകിയും അവരോടൊപ്പം അനുഗമിച്ചു. കൈകാട്ടി ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് യാത്രാമദ്ധ്യേ ആനയും പുറകിലേക്ക് വാഹനം മാറ്റാനായി ശ്രമിച്ചപ്പോൾ കാട്ടു പോത്തും തടസ്സമായി. അവിടെ നിന്നും മുന്നോട്ട് പോകുവാൻ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറുടെ സഹായം തേടി. ഏകദേശം രണ്ടു മണിക്കൂർ വന്യമൃഗങ്ങൾക്കിടയിൽ അവർ കാട്ടിൽ കുടുങ്ങി. ഈ സമയമത്രയും അമിത രക്തസ്രാവം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും ശുശ്രൂഷയും ഉൾപ്പെടെയുള്ളവ ഡോക്ടറുടെ നിർദേശ പ്രകാരം നൽകിക്കൊണ്ടിരുന്നു. മുലയൂട്ടൽ തുടരാനും ഡോക്ടർ സുദിനയോട് നിർദ്ദേശിച്ചു. ഇത് അമ്മയ്ക്ക് പ്രസവാനന്തരം ആവശ്യമായ ഓക്സിടോസിൻ ഹോർമോൺ പുറപ്പെടുവിക്കുന്നതിനും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ അവസ്ഥയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനും സഹായിച്ചു.

തുടർന്ന് ഫോറസ്റ്റ് റേഞ്ചറുടെ സഹായത്തോടെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിച്ച് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ സാധിച്ചു. അവിടെ ഡോ. ലക്ഷ്മിയും ആശുപത്രിയിലെ സംഘവും അമ്മയ്ക്കും കുഞ്ഞിനും വേണ്ട മറ്റ് പരിചരണങ്ങൾ ഉറപ്പുവരുത്തി. അതിനുശേഷം വിദഗ്ദ പരിചരണത്തിനായി ഇരുവരേയും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോർഡ് മദ്യവിൽപ്പനയാണ് ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവിൽപനയുടെ കണക്കുകളാണ് ബീവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത്.

ഈ വർഷം ഡിസംബർ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി) വർധനവാണ് ഉണ്ടായത്.

ഈ വർഷം ഡിസംബർ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 25ന് ഔട്ട്‌ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബർ 25ലെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.84ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്.

തിരുവനന്തപുരം: ആരോഗ്യത്തിന്റെ കാര്യത്തിൽ സൂപ്പർസ്റ്റാറും സൂപ്പർ ഫുഡും ചെറുധാന്യങ്ങളാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കുന്ന ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്ചകളോട് അനുബന്ധിച്ച് മില്ലറ്റ് കേക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കുന്നതിന് മില്ലറ്റിന്റെയും കൂണിന്റെയും പോഷക ഗുണങ്ങൾ പ്രയോജനകരമാണെന്നും ആരോഗ്യത്തിന്റെ കാര്യത്തിൽ സൂപ്പർസ്റ്റാറും സൂപ്പർ ഫുഡും ചെറുധാന്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. ഐ സി എം ആറിന്റെ പഠനത്തിൽ നിന്നും 56% രോഗങ്ങളും ഉണ്ടാകുന്നത് അനാരോഗ്യകരമായ ഭക്ഷണത്തിൽ നിന്നാണ്.

രുചിയോടെ കഴിക്കുന്ന ഭക്ഷണം നമ്മളെ രോഗികളാക്കി മാറ്റുകയാണ്. ക്യാൻസർ ക്യാപിറ്റൽ ആയി കേരളം മാറുന്ന ആശങ്കയിലാണ് നമ്മൾ. ഭക്ഷണത്തെ വളരെ ഗൗരവമായി തന്നെ കാണണം. ആഹാരത്തോളം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊന്നുമില്ല. ചെറു ധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് 2023 ൽ അന്താരാഷ്ട്ര ചെറുധാന്യവർഷം ആചരിച്ചത്.

മിലറ്റ് കൃഷി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം ഒപ്പം മില്ലറ്റിന്റെ വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി കൃഷിക്കൂട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. നൂറിനു മുകളിൽ ഉത്പന്നങ്ങൾ മില്ലറ്റിൽ നിന്നും നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ മില്ലറ്റ് കഫേകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കഞ്ഞിക്കുഴി ബ്ലോക്കിൽ 25 ഏക്കറിൽ മില്ലറ്റ് കൃഷിയും ആരംഭിച്ചു കഴിഞ്ഞു. ചേർത്തലയിൽ മില്ലറ്റ് കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൂണിൽ നിന്നുമുള്ള നിരവധി ഉൽപ്പന്നങ്ങളായ കൂൺ ഫ്രൈഡ് റൈസ്,കൂൺ കട്‌ലറ്റ്, കൂൺ അച്ചാർ, കൂൺ ചമ്മന്തി പൊടി, മില്ലറ്റ് കേക്ക് തുടങ്ങിയവയും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മോഹനൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എസ് ഷാജി, വി ഉത്തമൻ, അഡ്വ റിയാസ്, കൃഷിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ സി എ അരുൺകുമാർ, ആലപ്പുഴ ജില്ലാകൃഷി ഓഫീസർ അമ്പിളി സി, ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകൾ എംടിയുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്റെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്. വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ എംടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു.

തന്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവൻ നായർ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.

അതേസമയം, സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് എംടിയ്ക്ക് അനുശോചനം അറിയിക്കുന്നത്. നടൻ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് മോഹൻലാൽ പറഞ്ഞു. ആർത്തിയോടെ താൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ തന്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ. എംടി സാർ തനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ.

വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി തനിക്ക് കിട്ടാനുണ്ടോ. മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് താൻ ആദരാഞ്ജലികൾ അർപ്പിക്കുകയെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനാണ് എംടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.

ആ പേനയിൽ നിന്ന് ‘ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ’ ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടിയെന്നും വി ഡി സതീശൻ പറയുന്നു.

തിരുവനന്തപുരം: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി പറയുന്നു. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ട്. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. തന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും താനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു താനെന്നു തനിക്ക് തോന്നിയെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.