Kerala (Page 2,138)

income tax

തിരുവന്തപുരം : ആദായനികുതിയില്‍ വീഴ്ച വരുത്തിയാല്‍ ഏഴ് വര്‍ഷം തടവും പിഴയും. കൃത്യസമയത്ത് നികുതി അടയ്ക്കാതിരിക്കുകയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. നികുതിയൊടുക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുക. ഒഴിവാക്കാന്‍ ശ്രമിച്ച തുക 25 ലക്ഷത്തിലേറെയാണെങ്കില്‍ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതല്‍ കൂടിയത് ഏഴുവര്‍ഷം വരെയാണ് തടവ്. 25 ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെയാണ് തടവ്. പിഴയും നല്‍കണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ അധിക തടവും അനുഭവിക്കേണ്ടി വരും.

kerala police

തിരുവനന്തപുരം : വ്യാജപ്രചരണങ്ങൾ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷിക്കുന്നു. കോവിഡ് 19 രോഗത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ എല്ലാ അക്കൗണ്ടുകളും 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ക്രൈം എന്‍ക്വയറി സെല്ലും സൈബര്‍ഡോമും ഇതിന് വേണ്ടി പ്രവര്‍ത്തിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച് നടപടിയെടുക്കും. കോവിഡിനെതിരെയുള്ള ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയവ നടപ്പിലാക്കുന്നതിന് പൊലീസിന് ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ബക്രീദ് ദിനത്തില്‍ മുസ്‌ളിം പള്ളികളില്‍ 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സ്ഥലപരിമിതി അനുസരിച്ച് എണ്ണത്തില്‍ കുറവ് വരുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.

miyami

മയാമി : അമേരിക്കയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. പിറവം സ്വദേശിനിയായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യുവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയിലാണ് കണ്ടെത്തിയത്. ബ്രൊവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായ മെറിനും ഭര്‍ത്താവ് ഫിലിപും തമ്മില്‍ നാട്ടില്‍ വച്ച് വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂടാതെ ഫിലിപ് അമേരിക്കയിലേക്ക് മടങ്ങി. പിന്നാലെ മെറിനും കുഞ്ഞിനെ നാട്ടിലെ മാതാപിതാക്കളുടെ അടുത്താക്കി അമേരിക്കയിലേക്ക് പോയി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഫിലിപ്പ് കുത്തുകയും കാര്‍ ഇടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മെറിന്‍ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

heavy rain

തിരുവനന്തപുരം : കോവിഡ് വ്യാപന ആശങ്ക കൂട്ടി സംസ്ഥാനത്ത് കനത്ത മഴ. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 3000 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയെന്നത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കനത്ത മഴയെത്തിയത്. ഇന്ന് തെക്കന്‍ ജില്ലകളിലാണ് മഴ പെയ്തത്. നാളെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ് . വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍, 60 വയസില്‍ കുടുതലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പ് എന്നിങ്ങനെ നാല് രീതിയിലുള്ള സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ക്കും ദുരിതാശ്വാസക്യാമ്പുകള്‍ക്കും സ്ഥലം കണ്ടെത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

shivasanker

കൊച്ചി : സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ രണ്ടാംദിവസം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.30 ന്. എന്നാല്‍, ശിവശങ്കറിന് നേരെയുള്ള സംശയമുന അവസാനിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിവസം ഒമ്പതര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അന്ന് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ശിവശങ്കറിന്റേയും മറ്റ് പ്രതികളുടേയും മൊഴികള്‍ ഒത്ത് നോക്കിയ ശേഷമാണ് ചൊവ്വാഴ്ച ചോദ്യം ചെയ്തത്. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി നടത്തിയ ഫോണ്‍കോളുകളുടെ തെളിവുകള്‍ എന്‍.ഐ.എ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ട്.

parunthimpara

കോട്ടയം : പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യേറിയവര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍.രവികുമാര്‍, വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് കൈമാറി. പീരുമേട് വില്ലേജ് താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. ഇതിലൊരാള്‍ രണ്ടുമാസം മുമ്പ് വിരമിച്ചിരുന്നു. പീരുമേട് വില്ലേജില്‍പ്പെട്ട 1.47 ഏക്കര്‍ പട്ടയവസ്തുവിന്റെ അതിരുകള്‍ കാട്ടി കല്ലാര്‍ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റര്‍ ചെയ്തു. ഈ വസ്തു പലര്‍ക്കായി വീതിച്ച് വില്പനയും നടത്തി. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയവര്‍ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കിയപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്.
മൂന്നാറില്‍ 25,000 മുതല്‍ 50,000 രൂപാ വരെ കൈക്കൂലി നല്കി വ്യാജ പട്ടയ രേഖ ഉണ്ടാക്കിയ അഞ്ചു പേര്‍ക്കെതിരെയും വിജിലന്‍സ് ഡിവൈ.എസ്.പി രവികുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്.

kadakampally surendran

തിരുവനന്തപുരം : കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലാതലത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് സാഹചര്യം വിലയിരുത്തിയത്. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ജില്ലയിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. നിയന്ത്രണങ്ങള്‍ക്കിടയില്‍ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയുണ്ടാകില്ലെന്നും, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ നിയന്ത്രണവിധേയമായി ഇളവുകള്‍ നല്‍കാനാണ് ആലോചന. എന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന തീരദേശമേഖലയിലും രോഗം കൂടുതലുള്ള പ്രദേശങ്ങളിലും നിയന്ത്രണഇളവുകള്‍ ഉണ്ടാകില്ലെന്നും അവലോകനയോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

15 ലക്ഷം രൂപ പരസ്യവരുമാനം

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും വഴി ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ പരിപാടി ആദ്യ ഒന്നരമാസത്തിനിടയില്‍ ആയിരം ക്ലാസുകള്‍ സംപ്രേഷണം ചെയ്തു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് കാഴ്ചകള്‍ പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം കാഴ്ച്ചക്കാരുണ്ട്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപീകൃതമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു.

pinarai vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും , ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനം. എന്നാല്‍, രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനും തീരുമാനമുണ്ട്. ധന ബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. കടകള്‍ തുറക്കുന്ന സമയം ജില്ലാതലത്തില്‍ തീരുമാനിക്കും. മാത്രമല്ല, ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് കാബിനറ്റ് വിലയിരുത്തി.

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ “കം സെപ്തംബർ” എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാർഗിലിൽ ഇന്ത്യ യുദ്ധം ചെയ്തെന്നും പറയുന്നു. ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിൻ്റെ ലക്ഷ്യം കാമ്പസുകളെ മതത്തിൻ്റെ പേരിൽ വിഭജിക്കലാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കാശ്മീരിൽ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പാലസ്തീനെ പോലെ സാമ്രാജ്യത്വത്തിൻ്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമർത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. കാശ്മീർ രാജ്യത്തിൻ്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു.ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം.

പാഠഭാഗത്തിൻ്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിൻ്റെ പേരിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ള വർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണം. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.