General (Page 26)

ഇടുക്കി പുല്ലുപാറക്ക് സമീപം വിനോദയാത്ര സംഘവുമായി പോയ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു  എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊട്ടാരക്കര ഡിപ്പോയിലെ വണ്ടിയാണ് 

ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റ മറ്റുള്ളവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ മഹാ കുംഭ മേള 2025 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. ഫെബ്രുവരി 26ന് മഹാ ശിവരാത്രി ദിനത്തിലാണ് ഒന്നരമാസത്തോളം നീളുന്ന കുംഭമേള അവസാനിക്കുക.

ഓരോ 12 വര്‍ഷവും കൂടുമ്പോഴാണ് മഹാ കുംഭ മേള സംഘടിപ്പിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് കുംഭ മേള ആഘോഷിക്കുന്നത്. അവസാന കുംഭ മേള 2013ലാണ് നടന്നത്. ഏകദേശം പത്ത് കോടിയോളം പേരാണ് അന്ന് കുംഭമേളയില്‍ പങ്കെടുത്തത്. ഈ വര്‍ഷം 40 കോടി ഭക്തര്‍ മഹാ കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം വൻ വിജയമാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരുത്ത്. ജനുവരി നാലു മുതൽ 8 വരെയുള്ള ദിനരാത്രങ്ങളിൽ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണം.

ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വൽ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കുക. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉൾക്കൊണ്ട് പെരുമാറണം.

മികച്ച രീതിയിലുള്ള സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. 19 സബ് കമ്മിറ്റികളും മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥി വോളണ്ടിയർമാരും പോലീസ് അടക്കമുള്ള എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും കലോത്സവ സംഘാടനത്തിന് സജ്ജരായി കഴിഞ്ഞു. സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ലഭിച്ച വരവേൽപ്പ് തന്നെ പൊതുജനം കലോത്സവത്തെ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിന് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

കാസർകോട്  പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി എറണാകുളം സിബിഐ കോടതി പ്രസ്താവിച്ചു. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 1 മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം . 14, 20,21, 22 പ്രതികൾക്ക് 5 വർഷം തടവ്. മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം  നാല് സിപിഎം നേതാക്കൾക്കാണ് 5 വർഷം തടവ്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

hot

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ഉള്ളതിനേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി: യുഎസില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആള്‍ക്കൂട്ടത്തിലേക്ക്‌ ട്രക്ക് ഇടിച്ചുകയറ്റിയതില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആക്രമണത്തെ അപലപിച്ചത്.

ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണെന്നും ആക്രമണത്തെ അപലപിക്കുകയാണെന്നും പറഞ്ഞു. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെയെന്നും അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും മോദി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് ആന്റ് വാസ്‌കുലർ സർജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് സംഘം സന്ദർശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം അസോ. പ്രൊഫ. ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കൽ കോളേജിലെ പൾമണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ സംഘവുമായി ഇവർ ട്രീറ്റ്മെന്റ് പ്ലാൻ ചർച്ച ചെയ്തു. മന്ത്രി വീണാ ജോർജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. കൃത്യമായ രീതിയിൽ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.

63-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.  സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ,  റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

 തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന്  അവതരിപ്പിക്കും.  വയനാട്  വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേക്കറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്‌ലൈൻ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങൾ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. എറണാകുളം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ബേൺസ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ കൂടി ബേൺസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശം നൽകി. ബേൺസ് യൂണിറ്റുകൾ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസൽ 15 ദിവസത്തിനകം വർക്കിംഗ് ഗ്രൂപ്പ് ചേർന്ന് സമർപ്പിക്കാൻ നിർദേശം നൽകി. ഏകീകൃത ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിർദേശം നൽകി.