General (Page 1,521)

കോവിഡിനെ ഇന്ത്യക്കെതിരെയുള്ള ആയുധമാക്കാന്‍

ന്യൂഡല്‍ഹി ; കോവിഡ് 19 ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പടയൊരുക്കം. കോവിഡിനെ ഇന്ത്യയെ നശിപ്പിക്കാനുള്ള ആയുധമായി ഉപയോഗിക്കാനുള്ള പദ്ധതിയാണിട്ടിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വോയിസ് ഓഫ് ഹിന്ദ് എന്ന ഐ എസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ളിംങ്ങള്‍ കോവിഡ് വാഹകരാകണമെന്നും വിശ്വാസികള്‍ ജയിക്കാന്‍ പോവുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിപ്പിക്കണമെന്നും ,അവിശ്വാസികളെ ഇല്ലാതാക്കണമെന്നും അതിനായി മുസ്ലീംങ്ങളോട് കൊവിഡ് വൈറസ് വാഹകരാകാനും ഇവര്‍ ആവശ്യപ്പെടുന്നു.’മുസ്ലീം അല്ലാത്തവരെ(കുഫാറുകള്‍), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകള്‍, കയറുകള്‍, വയറുകള്‍ എന്നിവ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക. കത്രിക, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും മറ്റുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ഇവരുടെ മാഗസിന്‍ പതിപ്പില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനോട് മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ മാഗസിന്റെ മുഖചിത്രമായി നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനിടെ മൂന്ന് ഐഎസ് ഭീകരരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു എന്‍ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും കര്‍ണാടകയിലുമടക്കം ഐഎസ് സിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമാണ് ഐഎസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ പറയുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഖ്വയ്ദ ഭീകരരെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കാര്‍ഗില്‍ യുദ്ധ സ്മരണകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും പാക്കിസ്ഥാന്‍റെ ദുസ്സാഹസത്തെ ചെറുത്ത് തോല്‍പ്പിച്ച ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഭ്യന്തര പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഇന്ത്യയിലേക്ക് കടന്നു കയറ്റം നടത്തിയ പാക്കിസ്ഥാന് ഇന്ത്യ തക്ക മറുപടി നല്‍കിയെന്ന് പ്രതിമാസ മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ശ്രമങ്ങള്‍ തുടരുന്നതിന് ഇടയിലായിരുന്നു പാക്കിസ്ഥാന്‍റെ അനാവശ്യ നീക്കം. ഇന്ത്യന്‍ സൈന്യത്തിന്‍റെ യുദ്ധവീര്യം അന്നത്തെ പോരാട്ടത്തില്‍ ലോകത്തിന് ബോധ്യപ്പെട്ടു. രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ സൈന്യത്തോടൊപ്പം രാഷ്ട്രത്തിന്‍റെ മനസ്സും ഒറ്റക്കെട്ടായി കാര്‍ഗിലില്‍ അണിനിരക്കുകയായിരുന്നുവെന്നും, എല്ലാത്തിലും വലുത് രാഷ്ട്രമാണെന്ന മന്ത്രത്തോടെയായിരുന്നു ജനങ്ങള്‍ സൈന്യത്തിന് നല്‍കിയ പിന്തുണ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

ഓണക്കിറ്റ് വിതരണം

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍ രംഗത്ത്. ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ പറഞ്ഞു. മെഷീൻ തകരാർ കാരണം ഓരോ മാസവും റേഷൻ വാങ്ങാനായി മൂന്ന് തവണയെങ്കിലും ആളുകൾ കടകളിലെത്തുന്നുണ്ട്. ഇത് രോഗ വ്യാപനത്തിന് വഴിവച്ചേക്കുമെന്നും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി.

വിഷുവിന് കാർഡ് ഒന്നിന് 20 രൂപ വീതം കമ്മീഷൻ നൽകണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ ആവശ്യം. എന്നാൽ അഞ്ച് രൂപ വീതം നൽകാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും അത് ഇപ്പോഴും കിട്ടിയിട്ടില്ല എന്ന് അവർ പറയുന്നു. പയർ വർഗങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള ഈ കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

വിവാഹ രജിസ്ട്രേഷൻ നോട്ടീസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ദുരുപയോഗം

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ചവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ
രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍.
വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നടപടിയെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ടു ദിവസം മുമ്പ് ശ്രീമതി ആതിര സുജാത രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ധയിൽപെട്ടു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ച അവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചായിരുന്നു അവർ എഴുതിയത്. അതിനെ കുറിച്ച് ഉടൻ തന്നെ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ഈ വിഷയത്തിൽ സംസ്ഥാന വകുപ്പിന് ചെയ്യാൻ പറ്റുന്ന നടപടികളെ കുറിച്ച് ആരായുകയും ചെയ്തു. ഒട്ടും കാലതാമസമില്ലാതെ തന്നെ പ്രശ്‍നം പരിഹരിക്കാനുള്ള നിർദേശവും രജിസ്ട്രേഷൻ ഐ.ജിക്ക് നൽകി.

സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനും നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്‍റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

2018-ലെ പ്രത്യേക വിവാഹ നിയമത്തിന്‍റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

എന്നാല്‍ ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകള്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോട്ടീസുകളിലെ വിവരങ്ങള്‍ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നല്‍കുന്നവര്‍ക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാവുന്നതായും ഉള്ള പരാതികൾ ശ്രദ്ധയിൽ പെട്ടു . അപേക്ഷകരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അപേക്ഷകളുടെ സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ നൽകിയ നിര്‍ദ്ദേശാനുസരണം രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിവാഹ നിയമപ്രകാരം അപേക്ഷകരുടെ ഫോട്ടോയും മേല്‍വിലാസവും സഹിതം സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസുകളുടെ ദുരുപയോഗം തടയുന്നതിനും നോട്ടീസുകളിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണം തടയുന്നതിനുമായി വിവാഹ നോട്ടീസുകള്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്‍കിയത്.

m sivasanker

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരത്തെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് മുന്‍ ഐടി സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ കസ്റ്റംസ് 9 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ശിവശങ്കറിനെ വീട്ടില്‍ എത്തി നോട്ടീസ് നല്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ എന്‍ഐഎ കസ്റ്റഡി നാളെ അവസാനിക്കും.

ഇനി വരുന്ന 28 ദിവസങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ട് ദിവസങ്ങളെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളിതുമ്മാരുകുടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്, നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു.എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ നിങ്ങൾ എത്ര കുറച്ച് ആളുകളുമായി വരുന്ന ദിവസങ്ങളിൽ കണ്ടുമുട്ടുന്നോ നിങ്ങൾ അത്രയും കൂടുതൽ സുരക്ഷിതരാണെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളിതുമ്മാരുകുടി പറയുന്നു.

കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ.

കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്ന് പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങൾ.

ഇന്നിപ്പോൾ കേരളത്തിൽ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്.

ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകും. മരണസംഖ്യയും കൂടുകയാണ്. ഇന്ന് തന്നെ നാലുപേർ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

91 പേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവരാരും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല എന്നതിൽ നമുക്ക് അത്ഭുതം തോന്നേണ്ടതല്ലേ?

ഇതാണ് “പുഴുങ്ങുന്ന മാക്രി” (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിൽ എടുത്തിട്ടാൽ അതവിടെ നിന്നും ഉടൻ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിലിട്ടിട്ട് അതിനടിയിൽ പതുക്കെ ചൂടാക്കിതുടങ്ങിയാൽ തവള അവിടെത്തന്നെയിരിക്കും. കാരണം പതുക്കെപ്പതുക്കെ ചൂട് കൂടിവരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കുന്നതോടെ തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.

കേരളത്തിൽ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്നതു പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നന്പർ കാണുന്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണെന്ന് കാണുന്നതോടെ എന്നാൽ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞ് മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നു.

ഞാൻ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിനേക്കാൾ മുൻപ് പ്രതിദിനം ആയിരം കേസുകൾ കടന്ന പ്രദേശങ്ങൾ അനവധിയുണ്ട്. ഇറ്റലിയിൽ മാർച്ച് ഏഴിന് ആയിരം കടന്നു (14 ന് 3000 വും 21 ന് 6000 വും കടന്നു). ഡൽഹിയിലും ചെന്നെയിലുമൊക്കെ ആയിരം കടന്ന് പല ആയിരങ്ങളിലേക്ക് പോയി.

അവിടങ്ങളിൽ കേസുകളുടെ എണ്ണം ഇപ്പോൾ താഴേക്കാണ്. അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളിൽ കൂടിയാണ് അത് സാധ്യമായത്. നമുക്കും അത് വേണ്ടി വരും. ഹോട്സ്പോട്ടും കണ്ടൈൻമെന്റും മാറി കർഫ്യൂവും ലോക്ക് ഡൗണും അടങ്ങിയ കർശന നടപടികൾ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അത്തരം ശക്തമായ നടപടികൾ എന്താകുമെന്നോ എപ്പോൾ വരുമെന്നോ നമുക്ക് അറിയില്ല. ഈ നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയിൽ കൊറോണയിവിടെ കുന്നു കയറി ഇറങ്ങാൻ തുടങ്ങുമെന്നുമാണ് എന്നാണ് എൻറെ കണക്കുകൂട്ടൽ.

നമ്മുടെ വ്യക്തി സുരക്ഷക്ക് സർക്കാരിന്റെ ശക്തമായ നടപടികൾ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സർക്കാർ പറയുന്നതെല്ലാം നമ്മൾ തീർച്ചയായും അനുസരിക്കണം. അതിലും കൂടുതൽ സ്വയം ചെയ്യാൻ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഇപ്പോൾ നമുക്ക് ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക. വീട്ടിലേക്കുള്ള അതിഥികളുടെയും സന്ദർശകരുടെയും കച്ചവടക്കാരുടെയും ജോലിക്കാരുടെയും വരവ് പരമാവധി കുറക്കുക. പുറത്തിറങ്ങുന്നത് ലോക്ക് ഡൌണിൽ എന്നപോലെ അത്യാവശ്യത്തിന് മാത്രമാക്കുക. കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം തുടങ്ങിയ ശീലങ്ങൾ തുടരുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതലാണ് എന്ന അടിസ്ഥാന തത്വം ഇപ്പോഴും ഓർമ്മിക്കുക.

ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവുമെന്ന് നമ്മൾ കരുതിയെങ്കിലും അതുണ്ടാകാത്തതിനാൽ കൂടുതൽ ധൈര്യത്തോടെ നമുക്ക് സെൽഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാന്പത്തികമായി നിങ്ങൾ തയ്യാറാണെങ്കിൽ പിന്നെ ഇക്കാര്യത്തിൽ വൈകിക്കേണ്ട കാര്യമില്ല.

ഒപ്പം മാനസികമായ വെല്ലുവിളികളും വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്. നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു. എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശരായത് കൊണ്ടോ പ്രയോജനമില്ല. നമ്മുടെ ചുറ്റുമുള്ളവരോട് പെരുമാറുന്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘർഷത്തിലാണ്. എല്ലാവരുടെയും സംസാരം പൊതുവെ നെഗറ്റീവ് ആകുന്നതിനാൽ വേഗത്തിൽ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിർത്തുക പ്രധാനമാണ്. അതത്ര എളുപ്പമല്ലാത്തതിനാൽ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും അറിയുന്ന മൈൻഡ് ഫുൾനസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.

നമ്മൾ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മൾ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കൽ നമ്മുടെ കൊച്ചുമക്കളോട് പറയാനുള്ള അവസരമുണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓർക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാൻ പറ്റൂ. !

കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് ഞാൻ പറയുന്നത് പോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാന്പത്തിക പരാധീനതകളുണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ജീവിതമാണെന്ന് തോന്നുമെങ്കിലും പിന്നീട് പ്രശ്നം വല്ലാതെ വഷളാകുന്പോൾ ജീവനാണ് പ്രധാനമെന്ന് മനസ്സിലാകും. അത് തിരിച്ചു കിട്ടി എന്ന് തോന്നുന്പോൾ ജീവിതമാണ് വലുത് എന്ന് തോന്നും. സർക്കാർ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനമെടുക്കുന്നത്. അത് അപ്പാടെ അനുസരിക്കുക.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോൺ ആണ്, നമുക്ക് ക്ഷീണം ഉണ്ടാകുമെങ്കിലും വിശ്രമിക്കാനുള്ള സാഹചര്യമല്ല. ഓടി തീർത്തേ പറ്റൂ.

ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്ന് ഞാൻ പലതവണ എഴുതിയിരുന്നു. മൂന്നു മാസം ലോക്ക് ഡൗണിൽ ഇരുന്ന നിങ്ങൾക്ക് ഇനി അതിന്റെയൊന്നും ആവശ്യമില്ല, കാര്യങ്ങൾ പരിചിതമാണ്. അത് സർക്കാർ പറഞ്ഞതിന് ശേഷം നമ്മൾ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യമനുസരിച്ച് ചിന്തിച്ച് തീരുമാനിക്കുക.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

kifb

കിഫ്ബിയുടെ കെ-ഫോൺ പദ്ധതിക്ക് വേണ്ടി വായ്പ സഹായവുമായി കേന്ദ്ര സർക്കാർ സ്ഥാപനമായ നബാർഡ്.1061 കോടി രൂപയുടെ വായ്പക്കായുള്ള അനുമതി പത്രം
കിഫ്ബിക്ക് ഇന്നലെ കൈമാറി. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളിൽ നബാർഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.കിഫ്ബിയുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രം കൂടിയാണ് ഇതെന്ന് കിഫ്ബി വ്യക്തമാക്കി. 30000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ് വർക് (കെ- ഫോൺ) എന്ന ബൃഹദ് പദ്ധതിക്കു വേണ്ടിയാണ് നബാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് അസിസ്റ്റൻസ് (നിഡ) ൽ ഉൾപ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചിലവ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കിഫ്ബി വ്യക്തമാക്കി.

കീം പരീക്ഷ നടത്തിപ്പില്‍

കേരളാ എൻട്രൻസ് പരീക്ഷ നടത്തിപ്പില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സംസ്ഥാനത്ത് 88500 കുട്ടികളാണ് പരീക്ഷ എഴുതിയത്.അതിൽ തിരുവനന്തപുരം ജില്ലയിലെ മാത്രം 38 സെന്‍ററുകളില്‍ ഒരു സെന്‍ററിലാണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടുന്നത് എന്ന്മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇന്ന് രോഗബാധയുണ്ടായവര്‍ പരീക്ഷ എഴുതിയത് അവിടെയല്ല. അവര്‍ മറ്റ് സെന്‍ററുകളിലാണ് പരീക്ഷ എഴുതിയത്. കരമനയിലെ സെന്‍ററില്‍ പരീക്ഷ എഴുതിയ കുട്ടി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷ എഴുതിയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല.തൈക്കാട് പരീക്ഷ എഴുതിയ കുട്ടികള്‍ക്കൊപ്പം ഉള്ള കുട്ടികളെ നിരീക്ഷണത്തിലാക്കുംഎന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടണ്‍ഹില്ലില്‍ പരീക്ഷ എഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്നും കേരളം കാട്ടിയതു പോലുള്ള ജാഗ്രത ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങളില്‍ മാത്രം ഉണ്ടായിട്ടുള്ളൂ എന്നും ആശങ്കപ്പെടേണ്ടതായ സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു റേഷന്‍ കാര്‍ഡ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റേഷൻ കാർഡിനു വേണ്ടിയുള്ള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ എന്നിവ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്
സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുകയില്ല. പുതിയ കാർഡിന് അപേക്ഷച്ചവർക്ക് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ ബന്ധപ്പെടും. അതിനുശേഷം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

Prime Minister

ജൂൺ 15 ന് ശേഷം ചൈനയുമായി നടന്ന ഏറ്റുമുട്ടൽ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കിലെത്തി.പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. ലഡാക്ക് സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്തും ആർമി ചീഫ് എം എം നരവനെയും അനുഗമിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള നിമു എന്ന സ്ഥലത്തെ ഫോർവേഡ് മിലിട്ടറി പൊസിഷനിലാണ് പ്രധാനമന്ത്രി ഇപ്പോൾ ഉള്ളതെന്നാണ് വിവരം.
അദ്ദേഹം നിമുവിലെ ഫോർവേഡ് ലൊക്കേഷനുകളിലൊന്നിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു. അതിർത്തിയോട് വളരെ ചേർന്ന സ്ഥലമാണിത്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും.

ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.