General (Page 12)

sabarimala

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ ഭാഗമായി പണം പിരിച്ചതായി ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി. ഹൈക്കോടതി, പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് തീരുമാനം എടുത്തത്.

മുദ്രവച്ച കവറില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരിന് തുടർനടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതി പൊലീസ് നേതൃത്വത്തിലാണ് നടപ്പാക്കപ്പെട്ടിരുന്നത്, എന്നാല്‍ പിന്നീട് അതിന്റെ പ്രവര്‍ത്തനം തുടരാതെപോയി.

2011ല്‍ ഐജിപി വിജയന്റെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് “പവിത്രം ശബരിമല” എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് വരികയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുണ്യം പൂങ്കാവനം പദ്ധതി നിലച്ചിരിക്കുകയാണ്, അതിനു പകരമായി പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുകയാണ്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് സാംസ്‌കാരിക, യുവജനകാര്യ, വകുപ്പ് മന്ത്രി സജി ചെറിയാൻ. കെഎസ്എഫ്ഡിസിയ്ക്ക് കീഴിലുള്ള തിയേറ്ററുകൾ ആധുനികവൽക്കരിക്കുന്ന പദ്ധതികൾ നടക്കുകയാണ്. ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ മാറ്റുന്നതിനുള്ള നവീകരണപ്രവർത്തനങ്ങൾ 150 കോടി ചെലവിട്ട് നടപ്പാക്കി വരികയാണ്. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി/പട്ടികവർഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്ത ‘അരിക്’ എന്ന ചിത്രത്തിന്റെയും മനോജ് കുമാർ സി എസ് സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രത്തിന്റെയും പ്രദർശനോദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

സിനിമ മേൽനോട്ടവും നിർമാണവും മാത്രമല്ല അതിന്റെ വിതരണ മേഖലകളിലെ സേവനങ്ങൾ കൂടി നിർവഹിക്കുന്ന നിലയിൽ കെഎസ്എഫ്ഡിസി മാറും. രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന തരത്തിൽ ഒരു സിനിമ നിർമ്മിച്ചു പുറത്തിറക്കാൻ കെഎസ്എഫ്ഡിസി മുൻകൈയെടുക്കും. സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്‌മെന്റ്‌, റൈറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ, സൂപ്പർവിഷൻ, മാർക്കറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുന്നതിനു വേണ്ടി ചലച്ചിത്ര അക്കാദമി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിനിമ വെറുമൊരു ആശയവിനിമയം മാത്രമല്ല, അതിനെ വ്യവസായമായി രൂപാന്തരപ്പെടുത്തുന്ന നയം നടപ്പിലാക്കുന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അടുക്കുകയാണ്. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷിതത്വം, അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം, തൊഴിൽ ലഭ്യത, പ്രോത്സാഹനം എന്നിവയിൽ സർക്കാർ മുഖ്യപങ്ക് വഹിക്കുമെന്നു മന്ത്രി പറഞ്ഞു.

വനിതകളെയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിൽ നിന്നും രണ്ടുവീതം തിരക്കഥകൾക്ക് സിനിമയാക്കാൻ ഒന്നരക്കോടി രൂപ വീതം ആറു കോടി രൂപ അനുവദിച്ചത്. വനിതാ വിഭാഗത്തിലെ നാല് സിനിമകൾ മുൻപ് റിലീസ് ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ നമ്മുടെ മികച്ച കലാകാരന്മാരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

pention

വിരമിക്കുന്നതോടെ സ്ഥിര വരുമാനമാര്‍ഗം അടയുന്നതിനാല്‍ സാമ്പത്തിക സുരക്ഷ എല്ലാവരുടെയും പ്രധാന പരിഗണനയാണ്. നിലവില്‍, പെന്‍ഷന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍, എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകുന്ന ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപടികള്‍ മുന്നോട്ടു വെച്ചതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കായി നേരത്തെ തന്നെ വിവിധ പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പുതിയ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി അതില്‍ നിന്നും വ്യക്തമായി മാറുന്നതാണ്. പാരമ്പര്യേതരമായ തൊഴില്‍ ഘടനയ്ക്കകത്തും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപകമായ ജനവിഭാഗത്തിന് ഘടനാപരമായ പെന്‍ഷന്‍ സംവിധാനം വാഗ്ദാനം ചെയ്യുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയില്‍ ചേരുന്നതിന് ഒരു സ്ഥിര ജോലി ആവശ്യമില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കാലക്രമേണ തങ്ങളുടെ പെന്‍ഷനിലേക്കു സംഭാവന നല്‍കി സംരക്ഷണം ഉറപ്പാക്കാനാകും.

കൊച്ചി: ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പരാമര്‍ശക്കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി. സി. ജോർജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജനുവരി 5ന് നടന്ന ചാനൽ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പി. സി. ജോർജിനെതിരായ നിയമനടപടികൾ ആരംഭിച്ചിരുന്നു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴി നടക്കുന്ന ഡാറ്റ ശേഖരണത്തെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സമരത്തിൽ പങ്കെടുത്തിരിക്കുന്നത് വളരെ കുറച്ച് ആശാ പ്രവർത്തകരുമാത്രമാണെന്നും, അവരുടെ പഞ്ചായത്തുകളിൽ ബദൽ സംവിധാനം ഒരുക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ സമരത്തിൽ ഏഴ് ശതമാനം ആശമാർ പങ്കെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇത് ആറുശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. സംസ്ഥാനത്തെ ഓരോ ആശയ്ക്കും പ്രതിമാസം ശരാശരി ₹13,000 ലഭിക്കുമ്പോൾ, ₹9,500 സംസ്ഥാനം ഏറ്റെടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും സംസ്ഥാന സർക്കാർ അർഹമായ പരിഗണന നൽകുന്നുവെന്നും ഓണറേറിയം വർദ്ധന പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത നേടിയവരെ ആശാ വർക്കർമാരാക്കി, കൂടാതെ കമ്പ്യൂട്ടർ സാക്ഷരത ഉൾപ്പെടെയുള്ള പരിശീലനങ്ങൾ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ സമരപരമ്പര ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വർധിച്ച കൊലപാതകങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ സർക്കാരിന്റെ പരാജയത്തിനെതിരെ മാർച്ച് 5ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ‘നോ ക്രൈം, നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസ സമരം.പ്രവർത്തകർക്ക് പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എം.എം. ഹസൻ അറിയിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച നിലനിൽക്കാതെ കൊലപാതകങ്ങൾ വർധിച്ചുവരികയാണെന്നും, ഭരണകൂടത്തിന്റെ അവഗണനയിലും പൊലീസിന്റെയും എക്സൈസിന്റെയും അലംഭാവത്തിലും കേരളം രാസലഹരിയുടെ പറുദീസയായി മാറിയതായും അദ്ദേഹം ആരോപിച്ചു

തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിന് വനിതാ വികസന കോർപ്പറേഷൻ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ലോൺ കൊടുക്കുക മാത്രമല്ല നിയമ അവബോധവും സാങ്കേതികമായ പിന്തുണയുമുൾപ്പെടെ പ്രോജക്ടുകൾ നന്നായി നടപ്പിലാക്കുന്നതിന് വേണ്ടുന്ന എല്ലാ പിന്തുണയും സ്ത്രീ സംരംഭകർക്ക് വനിതാ വികസന കോർപ്പറേഷൻ നൽകി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. ‘എസ്‌കലേറ 2025’ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംരംഭകരായ വനിതകൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയാണ് ‘എസ്‌കലേറ-2025’ ന്റെ  ലക്ഷ്യം. കേരളത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച മാർക്കറ്റിംഗിന് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പെൺകുട്ടികളാണ്. 70 ശതമാനത്തിന് മുകളിലാണ് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതൽ. ആരോഗ്യ രംഗത്തും 70 ശതമാനത്തിലധികം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകൾ കേരളത്തിൽ കൂടുതലാണ്. എങ്കിലും വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെയും തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെയും സംഖ്യയിൽ വലിയ അന്തരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലുൾപ്പെടെ പലപ്പോഴും സ്ത്രീകൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിത വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കോർപ്പറേഷൻ വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ 2021-22 മുതൽ ലാഭം വിഹിതം സർക്കാരിന് നൽകി വരുന്നു. എൻ എം ഡി എഫ് സി-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌ക്കാരം തുടർച്ചയി രണ്ട് വർഷം നേടി, പ്രവർത്തന മികവിന് എൻ എസ് എഫ് ഡി സി, എൻ ബി സി എഫ് ഡി സി എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്കായി ‘181’ വനിതാ ഹെൽപ് ലൈൻ, ആർത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചർ വിമൻ ഗ്രൂമിങ്ങ് പ്രോഗ്രാം-പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ ‘എസ്‌കലേറ 2025’ മേളയിൽ പങ്കെടുക്കും. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

ടെക്‌നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിനും ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചർച്ചകളും നടക്കും.

കാൻസർ സ്‌ക്രീനിംഗ് ക്യാമ്പും എസ്‌കലേറയിലുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന കാൻസർ പ്രതിരോധ ജനകീയ കാമ്പയിനായ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്, എല്ലാ ദിവസവും ക്യാമ്പ് പ്രവർത്തിക്കും. സ്‌ക്രീനിംഗ് സൗജന്യമാണ്.  സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോർപ്പറേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയുടെ സ്‌ക്രീനിംഗ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മലയാള സിനിമാ സംഘടനകൾക്കിടയിലെ വിവാദം അവസാനിക്കുമെന്ന സൂചന. ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ് നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ, നിർമാതാവ് ജി. സുരേഷ് കുമാറിനെ വിമർശിച്ച ഫേസ്ബുക്ക് കുറിപ്പ് ആന്റണി പിന്‍വലിച്ചു.

ഫിലിം ചേംബർ മാർച്ചിൽ പണിമുടക്ക് പ്രഖ്യാപിക്കാനൊരുങ്ങുന്നില്ലെന്നും എമ്പുരാൻ തിയറ്റർ ഉടമകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തന്നെയാണെന്നും ചേംബർ പ്രസിഡന്റ് വ്യക്തമാക്കി.

സിനിമാ സമരവുമായി ബന്ധപ്പെട്ട് ജി. സുരേഷ് കുമാർ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ, എമ്പുരാൻ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമർശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി പെരുമ്പാവൂർ ബി.ആർ. ജേക്കബിനോട് വ്യക്തമാക്കിയിരുന്നു. തന്റെ പ്രതികരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള പരാമർശം തിരുത്തിയതായി സൂചിപ്പിച്ച ചേംബർ പ്രസിഡന്റിനോട്, തന്റെ പോസ്റ്റ് പിന്‍വലിക്കാൻ തയ്യാറാണെന്ന് ആന്റണി വ്യക്തമാക്കിയതോടെ തർക്കം ശമിക്കുമെന്ന പ്രതീക്ഷ ശക്തമായി. ചേംബർ എമ്പുരാൻ സിനിമയോട് പ്രതികാര നടപടിയുണ്ടാകില്ലെന്നും സ്ഥിരീകരിച്ചു.

അതേസമയം, ഫിയോക്ക് ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാർ തലത്തിൽ ചർച്ച നടത്തി പ്രശ്‌നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

hot

കേരളത്തിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതായി മുന്നറിയിപ്പ്. സംസ്ഥാനത്ത് താപനില ഉയർന്നേക്കുമെന്ന് മുന്നോട്ടു കാണുന്ന സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പ്രധാന നിർദ്ദേശങ്ങൾ:

വെയിലത്തേക്ക് നേരിട്ട് പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കുക.

കൃഷി, ബാഹ്യപ്രവർത്തന മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.

പ്രതീക്ഷിക്കാവുന്ന താപനില വർദ്ധനവിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

വേനൽക്കാല പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കേണ്ടതുണ്ടെന്നും അതിന് എല്ലാ ഉദ്യോഗസ്ഥരും മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു ദിനാചരണത്തിന്റേയും റവന്യു അവാർഡ് വിതരണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്യക്ഷമവും ജനോപകാരപ്രദവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ഇവിടെ നൽകുന്ന റവന്യു അവാർഡുകൾ എല്ലാവർക്കും പ്രചോദനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാറുന്നു, വലിയ തോതിൽ വളരാനുള്ള ഒരു തയ്യാറെടുപ്പിലാണ് നാട്.  അതിന് ഏറ്റവും നല്ല രീതിയിൽ പങ്ക് വഹിക്കുന്ന വകുപ്പാണ് റവന്യു വകുപ്പ്. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളിൽ ആരോഗ്യകരമായ ഇടപെടലുകൾ റവന്യു വകുപ്പിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവേ നല്ല രീതിയിലാണ് ഇത്തരം കാര്യങ്ങളിൽ ഇടപെട്ടുപോരുന്നത്. നാടിന്റെ പൊതുസാഹചര്യം മാറ്റുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നല്ല രീതിയിലുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടേണ്ട ഒരു വകുപ്പാണ് റവന്യു വകുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർവീസിലുള്ള മഹാഭൂരിപക്ഷവും സത്യസന്ധമായി, കളങ്കരഹിതമായി തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നവരാണ്. സ്തുത്യർഹമായ അവരുടെ ഇടപെടലുകളാണ് നമ്മുടെ നാടിന്റെ വലിയ മാറ്റത്തിന് ഇടയാക്കിയിട്ടുള്ളത്. നയപരമായ തീരുമാനങ്ങൾ മന്ത്രിസഭ എടുക്കുമെങ്കിലും ആ നയങ്ങൾ പ്രാവർത്തികമാക്കുന്നത് ഉദ്യോഗസ്ഥരിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഭരണനടപടികളുടെ ശരിയായ സ്വാദ് അനുഭവിക്കാൻ കഴിയുക എന്നത് ഏറ്റവും പ്രധാനമാണ്. ഒരു കാര്യത്തിന് പലവട്ടം ഓഫീസിൽ കയറി ഇറങ്ങേണ്ടിവരുക. ചില തെറ്റായ ആവശ്യങ്ങൾ ചിലരിൽനിന്ന് കേൾക്കേണ്ടിവരുക തുടങ്ങിയവയെല്ലാം പൊതുവേ വലിയ അതൃപ്തിയാണ് ജനങ്ങളിൽ ഉണ്ടാക്കുക. അതല്ല നമ്മൾ ആഗ്രഹിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ചെറുയൊരു വിഭാഗം മാത്രമാണ്. അവർ മഹാഭൂരിഭാഗം വരുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് മനപ്രയാസിത്തിലാക്കുന്നത്. ദുഷ്പേര് ഒരാളിൽമാത്രം ഒതിങ്ങിനിൽക്കില്ല എന്നത് കാണേണ്ടതുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ സഹപ്രവർത്തകർക്ക് തന്നെ അവിടെ പ്രതികരിക്കാൻ കഴിയണം.

ജനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ ജനങ്ങൾക്ക് ലഭിക്കണം. അതിനാണ് 900ത്തിലധികം സർവീസുകൾ ഇപ്പോൾ ഓൺലൈനാക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളടക്കം സ്മാർട്ടായി മാറുകയാണ്. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ ഇതാണ് റവന്യു വകുപ്പിന്റെ ആപ്തവാക്യംതന്നെ. അതിനുതകുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ 2016 മുതലുള്ള കണക്കെടുത്താൽ 3,60,000ലധികം പട്ടയങ്ങൾ ഇപ്പോൾ വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പംതന്നെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ രൂപീകരിച്ചത്. അതിൽതന്നെ ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻഗണന നൽകിയാണ് പ്രവർത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.