Health (Page 7)

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ആരോഗ്യ വകുപ്പിന്റെ വിവിധ ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും 49 പേർ സെക്കന്ററി സമ്പർക്ക പട്ടികയിലുമാണ്. പ്രാഥമിക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നിപ രോഗബാധയുമായി ബന്ധപ്പെട്ട് രാവിലേയും വൈകുന്നേരവും ഓൺലൈനായി അവലോകന യോഗം ചേർന്നു. മലപ്പുറം സർക്കാർ അതിഥി മന്ദിര കോമ്പൗണ്ടിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം. മരണമടഞ്ഞ 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യവകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായി. എന്നാൽ വളർത്തു മൃഗങ്ങൾക്ക് വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ വെറ്റ്ബയോട്ടിക് എന്ന പേരിൽ പരിശോധനകൾ നടത്തി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം മനുഷ്യ ശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിൽ ഉൾപ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകൾ, ഫാമുകൾക്കും, ആനിമൽ ഫീഡ് വ്യാപാരികൾക്കും ഒരു മാനദണ്ഡവും പാലിക്കാതെ വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഓപ്പറേഷൻ വെറ്റ്ബയോട്ടിക് സംഘടിപ്പിച്ചത്. ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിലെ എൻഫോഴ്‌സസ്‌മെന്റ് ഉദ്യോഗസ്ഥർ സംസഥാനത്തുടനീളം പെറ്റ് ഷോപ്പുകളിലും വെറ്ററിനറി മരുന്നുകൾ വിൽപന നടത്തുന്ന ഔഷധ വ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ആനിമൽ/ ഫിഷ് ഫീഡുകളിൽ ചേർക്കുന്നതിനായി വിവിധ ഫാമുകളിലേയ്ക്ക് വിതരണം നടത്തുവാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകളും, കോഴികളുടെയും മറ്റ് വളർത്തു മൃഗങ്ങളുടെയും പെട്ടെന്നുള്ള വളർച്ചയ്ക്ക് വേണ്ടി നൽകുന്ന മരുന്ന് ശേഖരങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

മതിയായ ഡ്രഗ്സ് ലൈസൻസുകൾ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത 2 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ആനിമൽ ഫീഡ് സപ്ലിമെന്റ് എന്ന വ്യാജേന, മതിയായ ഡ്രഗ്സ് ലൈസൻസുകൾ ഇല്ലാതെ നിർമ്മിച്ച് വിതരണം ചെയ്ത ആന്റിബയോട്ടിക്ക് മരുന്നുകൾ അടങ്ങിയ ആനിമൽ ഫീഡ് സപ്ലിമെന്റുകൾ, വാങ്ങി സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും 2 ഔഷധ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 1,04,728 രൂപയോളം വിലപിടിപ്പുള്ള ആന്റിബയോട്ടിക്ക് മരുന്നുകൾ അടങ്ങിയ ആനിമൽ ഫീഡ് സപ്ലിമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മരുന്നു സാമ്പിളുകൾ, ആന്റിബയോട്ടിക്ക് മരുന്നുകൾ അടങ്ങിയ ആനിമൽ ഫീഡ് സപ്ലിമെന്റുകൾ എന്നിവ ഗുണനിലവാര പരിശോധനയ്ക്കായി ഈ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്.

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാർജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൾട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സയിലുള്ളവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. അതേ സമയം ഈ 10 പേർ ഉൾപ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാൻ കേരളത്തിന് കഴിഞ്ഞു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലേയും ആരോഗ്യ വകുപ്പിലെയും മുഴുവൻ ടീമിനേയും അഭിനന്ദിക്കുന്നുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറിൽ അവബോധ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (Rage on Antimicrobial Resistance – ROAR) എന്ന പേരിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡ്രഗ്‌സ് കൺട്രോളർ ഡോ. സുജിത് കുമാർ, ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ സാജു ജോൺ, അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ഷാജി എം വർഗീസ് എന്നിവർ പങ്കെടുത്തു.

പ്രത്യേക കവറിലെ അവബോധ സന്ദേശം

ആന്റിബയോട്ടിക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· ഡോക്ടറുടെ നിർദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുക.

· ഒരു വ്യക്തിക്കായി ഡോക്ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി ഉപയോഗിക്കാതിരിക്കുക.

· ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെയറിയരുത്.

ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന മഹാവിപത്തിനെ നമുക്ക് ഒന്നിച്ച് നേരിടാം.

അവബോധ പോസ്റ്ററുകൾ

ഇനി മുതൽ എല്ലാ മെഡിക്കൽ സ്റ്റോറുകൾക്ക് മുമ്പിലും ആന്റിബയോട്ടിക് അവബോധത്തെപ്പറ്റി ഏകീകൃത പോസ്റ്റർ പതിപ്പിക്കും.

‘നിയമപരമായ മുന്നറിയിപ്പ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ഷെഡ്യൂൾ എച്ച് & എച്ച് 1 മരുന്നുകൾ വിൽപന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുക.

ആന്റി മൈക്രോബിയൽ പ്രതിരോധം എന്ന മഹാവിപത്ത് ഉയർന്ന ചികിത്സാ ചിലവുകൾക്കും കൂടുതൽ മരണങ്ങൾക്കും ഇടയാക്കും.’ എന്നിവയാകും പോസ്റ്ററിൽ ഉണ്ടാകുക.

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. പാക്കറ്റുകളിൽ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിക്കും. വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും. വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരിക്കും പരിശോധനകൾ. പാൽ, പാൽ ഉത്പ്പന്നങ്ങൾ എന്നിവയുടെ പരിശോധനയ്ക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാർ, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. 24 മണിക്കൂറും ഇവിടെ പരിശോധനകൾ ഉണ്ടാകും.

ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊളളും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

വ്യാപാരികൾ ഭക്ഷ്യ സുരക്ഷ ലൈസൻസ്/ രജിസ്‌ട്രേഷൻ ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമേ വിൽക്കാൻ പാടുളളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിച്ചിരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.

പാഴ്‌സൽ ഭക്ഷണം നൽകുന്നവർ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ മാത്രമേ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കാവൂ. പാക്കറ്റിന് പുറത്ത് ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഭക്ഷണത്തിൽ നിരോധിച്ച നിറങ്ങൾ ചേർക്കുകയോ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങൾ ചേർക്കുകയോ ചെയ്യരുത്.

ഉപഭോക്താക്കൾ പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ നിർമ്മാണ തീയതി, കാലാവധി മുതലായ ലേബൽ വിവരങ്ങൾ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.

ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലും www.eatright.foodsafety.kerala.gov.in എന്ന പോർട്ടലിലും അറിയിക്കാം.

തിരുവനന്തപുരം : മെഡിസെപ്പ് പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ നൽകിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ് സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കായാണ് നൽകിയത്. 87.15 കോടി രൂപ സർക്കാർ ആശുപത്രകളിലെ ചികിത്സയ്ക്കും നൽകി. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങൾ, അവയവമാറ്റ ശസ്ത്രക്രീയകൾ എന്നിവയ്ക്കായുള്ള പ്രത്യേക നിധിയിൽനിന്നാണ് അനുവദിച്ചത്. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉൾപ്പെടെ അടിയന്തിര സാഹചര്യങ്ങളിൽ പാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിൽ ചികിത്സ തേടിയതിന് നാലു കോടി രൂപയും ഇൻഷ്വറൻസ് കമ്പനി നൽകി.

2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആഗസ്ത് 31 വരെ 2,87,489 പേർക്കാണ് ചികിത്സ ഉറപ്പാക്കിയത്. സംസ്ഥാനത്തിന് പുറത്തു ചികിത്സ തേടിയ 3274 പേരും ഇതിൽ ഉൾപ്പെടുന്നു. 1,57,768 ജീവനക്കാരും, 1,29,721 പെൻഷൻകാരുമാണ് മെഡിസെപ്പ് ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തിയത്. ഇവരുടെ 7.20 ലക്ഷം കിടത്തിചികിത്സയുടെ ബില്ലുകൾ മെഡിസെപ്പിൽനിന്ന് നൽകി. ഇരുക്കൂട്ടരും ഏതാണ്ട് തുല്യമായ നിലയിൽതന്നെ പദ്ധതി പരിരക്ഷ തേടുന്നു.

1920 മെഡിക്കൽ, സർജിക്കൽ ചികിത്സാ രീതികൾ പദ്ധതിയിൽ സൗജന്യമായി നൽകുന്നു. 12 അവയവമാറ്റ ശസ്ത്രക്രിയകളും സൗജന്യമാണ്. അതിനായി 553 ആശുപത്രികളെയാണ് എംപാനൽ ചെയ്തിട്ടുള്ളത്. 408 സ്വകാര്യ ആശുപത്രികളാണ് ഈ പട്ടികയിലുള്ളത്. മുട്ടു മാറ്റൽ ശസ്ത്രക്രീയ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടത്തേണ്ടത്. ബാക്കി എല്ലാ ചികിത്സാ രീതികൾക്കും കാർഡ് ഉടമകൾക്ക് താൽപര്യമുള്ള എംപാനൽ ചെയ്ത ആശുപത്രികളെ സമീപിക്കാനാകുന്നു.

ഒരുവിധ മെഡിക്കൽ പരിശോധനയും കൂടാതെ അംഗത്വം നൽകുന്നുവെന്നതാണ് പദ്ധതി പ്രത്യേകത. കാർഡ് ഉടമകളുടെ ആശ്രിതർക്ക് വൈദ്യ പരിശോധന ആവശ്യമില്ല. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നു. എല്ലാ പ്രായക്കാർക്കും ഒരേ പ്രിമിയം തന്നെയാണ് ഈടാക്കുന്നത്. കുറഞ്ഞ വാർഷിക പ്രിമിയ തുക, അതും മാസത്തവണകളായി മാത്രം ഈടാക്കുന്നവെന്നതും മെഡിസെപ്പിനു മാത്രമുള്ള പ്രത്യേകതയാണ്. തിമിരം, പ്രസവം, ഡയാലിസിസ്,കീമോതെറാപ്പി തുടങ്ങീ അവയവമാറ്റ ചികിൽസകൾക്ക് ഉൾപ്പെടെ പരിരക്ഷയുണ്ട്.

മെഡിസെപ്പ് കേരളം സൃഷ്ടിച്ച മറ്റൊരു ലോക മാതൃകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചികിത്സ തേടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും സജീവ സാന്നിദ്ധ്യം, അവരുടെ പങ്കാളിത്ത മേന്മയിൽ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ മെഡിസെപ്പിന്റെ മുഖമുദ്രയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി പറഞ്ഞു.

കണ്ണൂർ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93 ശതമാനം സ്‌കോറും, തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയത്.

ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 81 ആശുപത്രികൾ പുന:അംഗീകാരവും നേടി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 118 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതൽ സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കാരുണ്യ ഫാർമസികൾ വഴി ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. 247 ബ്രാൻഡഡ് മരുന്നുകളാണ് ഇത്തരത്തിൽ ലാഭം കൂടാതെ കാരുണ്യ ഫാർമസി വഴി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.മരുന്നുകൾ വിപണി വിലയിൽനിന്ന് 26 മുതൽ 96 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

എല്ലാ ജില്ലകളിലും കൗണ്ടറുകൾ

ഇടനിലക്കാരില്ലാതെ കമ്പനി വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയാണ് ഇത്ര വിലക്കുറവിൽ ലഭിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കമ്യൂണിറ്റി ഫാർമസികൾ വഴി എല്ലാ ജില്ലകളിലും മരുന്ന് ലഭ്യമാകുന്ന കൗണ്ടറുകൾ പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഒരു കൗണ്ടറിലായിരിക്കും വിൽപ്പന നടത്തുക. ഭാവിയിൽ കൂടുതൽ ഫാർമസികളിൽ കൗണ്ടർ ആരംഭിക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കെ.എം.എസ്.സി.എല്ലിന് ലഭിക്കുന്ന 5 മുതൽ 7 ശതമാനം വരെയുള്ള ലാഭം പൂർണമായും ഒഴിവാക്കിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നതാണ്.

മരുന്നുകൾ 96 ശതമാനം വരെ വിലക്കുറവിൽ

പൊതു വിപണിയിൽ 1.73 ലക്ഷം രൂപ വിലയുള്ള പാസോപാനിബ് 93 ശതമാനം വിലക്കുറവിൽ 11892.38 രൂപയ്ക്കാണ് കാരുണ്യ ഫാർമസിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 2,511 രൂപ വിലയുള്ള സൊലെൻഡ്രോണിക് ആസിഡ് ഇൻജക്ഷൻ 96.39 രൂപയ്ക്ക് ലഭ്യമാക്കും. അബിറാടെറൊൺ, എൻസാലുറ്റമൈഡ് ടാബ്ലറ്റുകൾ, റിറ്റുക്‌സ്വിമാബ്, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ് ഇൻജക്ഷനുകൾ തുടങ്ങി 64 ഇനം ക്യാൻസർ പ്രതിരോധ മരുന്നുകളും കാരുണ്യ കൗണ്ടറുകളിൽ ലഭിക്കുന്നതാണ്.

ആദ്യഘട്ടത്തിൽ മരുന്നു ലഭ്യമാകുന്ന കാരുണ്യ ഫാർമസികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഗവൺമെന്റ്‌കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, കാസർകോട് ജനറൽ ആശുപത്രി തുടങ്ങിയവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മരുന്നുകൾ ലഭിക്കുന്ന കൗണ്ടറുകൾ ഉണ്ടായിരിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയർ സെന്ററിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ശിൽപശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗോള തലത്തിൽ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റർ ഉണ്ടായപ്പോൾ ആദ്യ കേസ് കണ്ടുപിടിക്കാനും തുടർന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വർധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേർന്നുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശിൽപശാലയിൽ പങ്കെടുത്തവർ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് പോലുള്ള വളരെ അപൂർവമായ രോഗങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തിൽ നിന്നും കുറേപ്പേരെ രക്ഷിക്കാൻ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികൾ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോർട്ട് കേരള യൂണിവേഴ്‌സിറ്റിയുടെ എൻവെയർമെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങൾ വിലയിരുത്താൻ തീരുമാനമെടുത്തു. അതിലൂടെ അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷൻപ്ലാൻ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് പ്രതിരോധത്തിന് കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംഘം എല്ലാ പിന്തുണയും നൽകി. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. സംസ്ഥാനത്ത് 2024ൽ 19 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ രോഗമുക്തി നിരക്ക് കൂട്ടാൻ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച എല്ലാവർക്കും അമീബ കാണാൻ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരിൽ ചിലർക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കൺട്രോൾ പഠനം നടത്താനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, ചണ്ഡിഗഡ് പിജിഐഎംഇആർ പാരസൈറ്റോളജി വിഭാഗം മുൻ മേധാവി ഡോ. രാകേഷ് സെഗാൾ, ഐഐഎസ്.സി. ബാഗ്ലൂർ പ്രൊഫസർ ഡോ. ഉത്പൽ എസ് ടാറ്റു, കേരള യൂണിവേഴ്‌സിറ്റി എൻവെയർമെന്റ് എഞ്ചിനീറിംഗ് വിഭാഗത്തിലെ ഡോ. ശലോം ഞ്ജാന തങ്ക, സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല മോസിസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, അടെൽക് പ്രിൻസിപ്പൽ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, അസി. ഡയറക്ടർമാർ, മെഡിക്കൽ കോളേജിലെ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഐസിഎംആർ സയന്റിസ്റ്റ് ഡോ. അനൂപ് വേലായുധൻ, ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാർ, സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എൻവെയർമെന്റൽ സയൻസ് പ്രൊഫസർ, സ്റ്റേറ്റ് ആർആർടി അംഗങ്ങൾ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ എന്നിവർ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്തു.