Health (Page 6)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ കേസുകളുടെ സാധ്യത മുന്നിൽ കണ്ട് എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങളൊരുക്കാൻ മന്ത്രി നിർദേശം നൽകി. എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തണം. കോവിഡ് 19, എച്ച്1 എൻ1 ഇൻഫ്‌ളുവൻസ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകർച്ചക്കുള്ള സാധ്യത വളരെയേറെയാണ്.

ത്വക് രോഗ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, ഡെർമറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉൾപ്പെടുത്തി യോഗം ചേരും. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ ജാഗ്രതയോടെയിരിക്കണം. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ഫീൽഡ് ആരോഗ്യ പ്രവർത്തകരുടെ യോഗം ഉടനെ വിളിച്ച് ചേർക്കുനതാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എം പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും, കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

അസുഖബാധിതരായ ആൾക്കാരുമായി സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പർശിച്ച ശേഷം കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എ.ക്യു.എ.എസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സർട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു.

കോട്ടയം സി.എച്ച്.സി. കൂടല്ലൂർ 89.67% സ്‌കോറും, എറണാകുളം സി.എച്ച്.സി. രാമമംഗലം 93.09% സ്‌കോറും, തിരുവനന്തപുരം പി.എച്ച്.സി. ആനാട് 93.57% സ്‌കോറും, ഇടുക്കി പി.എച്ച്.സി. കുമളി 92.41% സ്‌കോറും, കെ.പി. കോളനി 92.51% സ്‌കോറും, പി.എച്ച്.സി. പെരുവന്താനം 93.37% സ്‌കോറും, പാലക്കാട് പി.എച്ച്.സി. അടക്കാപുത്തൂർ 93.57% സ്‌കോറും, മലപ്പുറം പി.എച്ച്.സി. വാഴക്കാട് 95.83% സ്‌കോറും, കണ്ണൂർ പി.എച്ച്.സി മൊറാഴ 94.97% സ്‌കോറും, കാസർഗോഡ് പി.എച്ച്.സി കുമ്പഡാജെ 94.37% സ്‌കോറും നേടി എൻ.ക്യു.എ.എസ്. അംഗീകാരവും കണ്ണൂർ പി.എച്ച്.സി കതിരൂർ 93.52% സ്‌കോർ നേടി പുന:അംഗീകാരവും കരസ്ഥമാക്കി.

ഇതോടെ സംസ്ഥാനത്തെ 187 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റെർ, 126 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

തിരുവനന്തപുരം പാറശ്ശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ലേബർ റൂം 95.92% സ്‌കോറും മറ്റേർണിറ്റി ഒ.ടി 95.92% സ്‌കോറും നേടിയാണ് ഈ അംഗീകാരം നേടിയത്.

മാതൃശിശു മരണ നിരക്ക് കുറയ്ക്കുക അതോടൊപ്പം തന്നെ ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചത്. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, ഇതുകൂടാതെ പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിൽ മെഡിക്കൽ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കോട്ടയം: എംപോക്‌സ് രോഗബാധയുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചാരണം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എംപോക്‌സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്നും സർക്കാർ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തിൽ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്‌സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാൽ പലതരം പകർച്ച പനികൾ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 ഇൻഫ്‌ളുവൻസ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ കാണുന്നുണ്ട്. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.

വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാൻ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ള സ്‌ത്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകർച്ചവ്യാധി റിപ്പോർട്ട് ചെയ്താൽ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികൾ ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചർച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാൻ സാധിക്കും.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐഎസ്എം ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറിനെ യാത്രാവിവരം അറിയിക്കണം.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ അനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ തുടങ്ങിയ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുമ്പോഴും, സ്പർശനം, ലൈംഗികബന്ധം എന്നിവയിലൂടെയും രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം, പാത്രങ്ങൾ, മൊബൈൽ തുടങ്ങിയവ പങ്കിടുന്നതിലൂടെയും എംപോക്സ് പകരും.

സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അസുഖബാധിതരുമായി അടുത്തിടപഴകുന്നവർക്കാണ് എംപോക്‌സ് ഉണ്ടാകുന്നത് . വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദിശ : 104, 1056, 0471 2552056, കൺട്രോൾ റൂം (ഡിഎംഒ ഓഫീസ്) : 9072055900

തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്‌കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം വർഷങ്ങളായി നടപ്പിലായിരുന്നില്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ആശുപത്രിയിലെത്തിയാൽ ഇതിനു ശേഷമാകും ബിൽ ലഭിക്കുക. രോഗികൾക്ക് ചികിത്സാ നിരക്കുകൾ അറിയാനുള്ള അവകാശമുണ്ട്. ഇതിന് ഹൈക്കോടതിയിൽ സ്റ്റേ അടക്കം വലിയ തടസങ്ങളുണ്ടായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും സ്വീകരിച്ചതിന്റെ ഫലമാമായാണ് അനുകൂല തീരുമാനം ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചികിത്സയ്ക്കായി ചെലവിടുന്ന പണത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ലഭ്യമാകുന്ന ചികിത്സ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കാനാണ് ശ്രമം. സ്വകാര്യ ആശുപത്രിയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരൾ മാറ്റ ശസ്ത്രക്രിയ 2022 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി കരൾ മാറ്റ ശസ്ത്രക്രിയ നടത്തി വരുന്നു. കാൻസർ മരുന്നുകൾ ലാഭരഹിതമായി വിലക്കുറവിൽ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സർക്കാർ ആരംഭിച്ചു. കാൻസർ മരുന്നുകളുടെ പേറ്റന്റ് നിയമത്തിൽ മാറ്റമുണ്ടാകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണെന്നും അധികൃതർ അറിയിച്ചു.

177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണുള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി രണ്ടു പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഇവർ അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് .മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് ആറു പേർക്ക് ഉൾപ്പെടെ 274 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.

തിരുവനന്തപുരം: 2025 മാർച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. പറവൂർ നിയോജക മണ്ഡലത്തിലെ 74 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയുടെ ഭാഗമായി വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37 ലക്ഷം രൂപ ചെലവിൽ നവീകരിച്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. എഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം ഓൺലൈനായും മന്ത്രി നിർവഹിച്ചു.

25 താലൂക്ക് ആശുപത്രികളിലാണ് ഡയാലിസിസ് ചികിത്സ ആരംഭിക്കാനുള്ളത്. സർക്കാർ ആശുപതികളിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. താലൂക്ക് തല ആശുപത്രി മുതലാണ് സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആരംഭിക്കുന്നത്. മാമോഗ്രാം ഉൾപ്പടെയുള്ള സേവനങ്ങൾ ചില താലൂക്ക് ആശുപത്രികളിലുണ്ട്. 28 ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി.

കളമശേരി മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യലിസ്റ്റുകളുടേത് ഉൾപ്പടെ 46 പുതിയ തസ്തികകൾ അനുവദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയാക് തെറാസിക് സർജന്റെ തസ്തിക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗീ സൗഹൃദമായി ആരോഗ്യ കേന്ദ്രങ്ങൾ മാറണം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വരാപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മലപ്പുറം: നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളതെന്നും ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതല യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നത്. ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നു നൽകി. വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങൾ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ഉറവിടം എന്നാണ് അനുമാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എം പോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് പറഞ്ഞ മന്ത്രി 23 പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നും കൂട്ടിച്ചേർത്തു. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്. രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കിൽ വ്യാപനം കുറവാണെന്നും വീണാ ജോർജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതിൽ ഇന്നോ നാളെ രാവിലെയോ റിസൾട്ട് ലഭിക്കും. എം പോക്സ് ഉറവിടം വിദേശത്ത് നിന്നാണ്. എം പോക്സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്സിൻറെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാസ്‌ക്ക് ധരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

രോഗ പകർച്ച

കോവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.