Health (Page 5)

തിരുവനന്തപുരം: വൃത്തിയുള്ള കൈകൾ ആരോഗ്യത്തിന് പരമ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൈകഴുകൽ പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാർഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകുന്നത് ശീലമാക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ, ഇ, നോറോ വൈറസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കൈകഴുകലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഒക്ടോബർ 15നാണ് ആഗോള കൈകഴുകൽ ദിനമായി ആചരിക്കുന്നത്. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ‘എന്തുകൊണ്ടാണ് വൃത്തിയുള്ള കൈകൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്നത്?’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

കൈകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

കൈകൾ ശുചിയാക്കി സൂക്ഷിക്കുന്നതിലൂടെ സ്വയം രോഗ ബാധിതരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകരാതിരിക്കാനും സാധിക്കും. കൈ കഴുകുന്നത് ഒരു ശീലമാക്കുകയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

നിർബന്ധമായും കൈകൾ കഴുകേണ്ടത്

· ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും

· ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും

· രോഗികളെ പരിചരിക്കുന്നതിന് മുൻപും ശേഷവും

· മുറിവ് പരിചരിക്കുന്നതിന് മുൻപും ശേഷവും

· കുഞ്ഞുങ്ങളുടെയും കിടപ്പ് രോഗികളുടെയും ഡയപ്പർ മാറ്റിയ ശേഷം

· മലമൂത്ര വിസർജ്ജനത്തിന് ശുചിമുറി ഉപയോഗിച്ചതിന് ശേഷം

· മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം, മറ്റു വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുക എന്നിവയ്ക്ക് ശേഷം

· മാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം

· കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം

· യാത്ര ചെയ്തതിന് ശേഷം

ആഗോള കൈകഴുകൽ ദിനം പോസ്റ്റർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർമാരായ ഡോ. വി. മീനാക്ഷി, ഡോ. റീത്ത കെ.പി. സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിനോയ് എസ്. ബാബു, സോഷ്യൽ സയന്റിസ്റ്റ് സുജ പി.എസ്., ഹെൽത്ത് ഇൻസ്‌പെക്ടർ ഉദയകുമാർ ആർ. എന്നിവർ പങ്കെടുത്തു.

veena

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി ക്യാമ്പുകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആദ്യമായിട്ടാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനായി ഇങ്ങനെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ ആരോഗ്യത്തിന് വ്യക്തികളുടേയും കുടുംബങ്ങളുടേയും ആരോഗ്യം അനിവാര്യമാണ് എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 608 മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ഈ വർഷം ആയുഷ് വകുപ്പ് സംസ്ഥാനത്തുടനീളം 2408 വയോജന ക്യാമ്പുകൾ നടത്തുകയുണ്ടായി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഈ കാലഘട്ടത്തിൽ 150 ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. രണ്ടാംഘട്ടത്തിൽ 100 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ആയിരത്തോളം യോഗ ക്ലബ്ബുകൾ ആരംഭിച്ചു. വീടുകളിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ഈ യോഗ ക്ലബ്ബുകളിലേക്ക് എത്തി യോഗ പരിശീലിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പ്രോത്സാഹനത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരത്തോളം യോഗ ക്ലബുകൾ ഈ വർഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കാൻ പോവുകയാണ്. ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായിട്ടുള്ള തുടർച്ചയായ ആരോഗ്യ ഇടപെടൽ ഈ മേഖലയിൽ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നവജാത ശിശുക്കളുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി അനീമിയ കൂടി ഉൾപ്പെടുത്തി. സിക്കിൾസെൽ അനീമിയ രോഗികൾക്കായി ആദ്യമായി പോയിന്റ് ഓഫ് കെയർ ചികിത്സ ലഭ്യമാക്കി. അനീമിയ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വിവ കേരളം പോലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവൻ, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടർ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ, ഡോ. അജിത അതിയടത്ത്, ഡോ. പ്രിയദർശിനി, മീനാറാണി, ഡോ. ഷൈജു കെ.എസ്. എന്നിവർ പങ്കെടുത്തു.

ഇത്തിരിക്കുഞ്ഞനാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചുവന്നുള്ളി. രുചിയ്ക്ക് പുറമെ പോഷകങ്ങളും ഔഷധഗുണങ്ങളും ഇതിൽ ധാരാളമുണ്ട്. ലുഘുചികിത്സയ്ക്കായും ചുവന്നുള്ളിയെ പ്രയോജനപ്പെടുത്താറുണ്ട്. കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കരുപ്പെട്ടിയും ചുവന്നുള്ളിനീരും ചേർത്ത് കുറുക്കി നൽകാറുണ്ട്.

ഹൃദരാരോഗ്യത്തിനും ചുവന്നുള്ളി ഉത്തമമാണ്. വാതരോഗങ്ങൾ, പ്രമേഹം, ത്വക്ക് രോഗങ്ങൾ, അർശസ്, ക്ഷയം, നേത്രരോഗങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമായി ചുവന്നുള്ളി ഉപയോഗിക്കുന്നു.

ഇഞ്ചിനീരും ചുവന്നുള്ളി നീരും സമമെടുത്ത് തേനും ചേർത്ത് കഴിച്ചാൽ പനി, ചുമ എന്നിവയ്ക്ക് ആശ്വാസമാകും. പൊട്ടാസ്യത്തിന്റെ ഉറവിടമാണിത്. ഉള്ളിത്തണ്ടും പൂക്കളും ഔഷധയോഗ്യമാണ്. ഉള്ളിയുടെ പൂക്കളുടെ തനി നീര് നേത്രരോഗങ്ങളിൽ ഔഷധമാക്കുകയും ചെയ്യുന്നുണ്ട്.

മുറിവെണ്ണയിലെ ഘടകങ്ങളിൽ ഒന്നാണ് ചുവന്നുള്ളി. പലാണ്ഡു എന്ന പേരിലാണ് ചുവന്നുള്ളി സംസ്‌കൃതത്തിൽ അറിയപ്പെടുന്നത്. സന്ധികളിൽ വേദനയുള്ള ഭാഗത്ത് ചുവന്നുള്ളി നീരും കടുകെണ്ണയും ചേർത്ത് പുരട്ടാം.

തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആദ്യമായി യാഥാർത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണിൽ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോർണിയ മാറ്റിവയ്ക്കൽ. ഗുരുതരമായ രോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ കോർണിയ തകരാറിലായവർക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് കാഴ്ച പുനസ്ഥാപിക്കാൻ സഹായകരമാണ് കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആഗോള തലത്തിൽ 2000 വർഷം മുതൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വർഷം ഒക്ടോബർ 10 നാണ് 25-ാമത് ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. കാഴ്ച വൈകല്യവും നേത്രരോഗ പ്രതിരോധവും അന്ധതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’ എന്നതാണ് ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ്സ് ഈ വർഷം നൽകിയിട്ടുള്ള ലോക കാഴ്ചാ ദിന സന്ദേശം. യുവാക്കളിൽ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ലോകശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകമെമ്പാടുമുള്ള കുട്ടികളെ അവരുടെ കണ്ണുകളെ സ്‌നേഹിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഈ വർഷത്തെ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ലോക കാഴ്ചാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നേത്ര സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളംബരം ചെയ്യുന്ന വിവിധ ബോധവൽക്കരണ പരിപാടികളും കാഴ്ച പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

നേത്ര പരിചരണത്തിനും സംരക്ഷണത്തിനും മികച്ച ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. നേത്ര വിഭാഗത്തെ ശക്തിപ്പെടുത്താൻ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് പോലെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്ച പ്രശ്‌നമുള്ള സ്‌കൂൾ കുട്ടികൾക്കും വയോജനങ്ങൾക്കും സൗജന്യമായി കണ്ണട വാങ്ങി നൽകി വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും സൗജന്യ തിമിര ശസ്ത്രക്രിയ, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകൾ, വർധിച്ചുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായി തടയാനായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നോൺ മിഡ്രിയാറ്റിക് ക്യാമറകൾ ഉപയോഗിച്ചുള്ള ചികിത്സ, സൗജന്യ ഗ്ലോക്കോമ ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാണ്.

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് വൺ ഹെൽത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധനകൾ നടത്തുന്നത്. പ്രവർത്തന മാർഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 4 ജില്ലകളിൽ ഫീൽഡുതല പരിശോധനകൾ നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീൽഡുതല പരിശോധനകൾ സംഘടിപ്പിച്ചത്. ഫീൽഡുതല പരിശോധനകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിജയകരമായ സംയോജിത പരിശോധന പൂർത്തിയായതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള കാരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ അന്വേഷണം നടത്തി കണ്ടുപിടിച്ച് അതിനനുസൃതമായി പ്രതിരോധം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിൽ എലിപ്പനി, ആലപ്പുഴയിൽ പക്ഷിപ്പനി, ഇടുക്കിയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്), പത്തനംതിട്ട ജില്ലയിൽ ജലജന്യ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീൽഡുതല പരിശോധനകളാണ് നടത്തിയത്. ഫീൽഡുതല പരിശോധനകൾക്ക് മുന്നോടിയായി ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പ്രവർത്തന മാർഗരേഖ അടിസ്ഥാനമാക്കിയുള്ള പരിശീലനവും തുടർന്ന് വകുപ്പ്തല ഏകോപന യോഗങ്ങളും ജില്ലകളിൽ സംഘടിപ്പിച്ചിരുന്നു. ഫീൽഡുതല പരിശോധനകളുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് അതിനനുസൃതമായ മാറ്റങ്ങൾ മാർഗരേഖയിൽ വരുത്തി അന്തിമ രൂപത്തിലാക്കുന്നതിനാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വൺ ഹെൽത്ത്. മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകർച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വൺ ഹെൽത്തിന്റെ ഭാഗമായി ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തിൽ ഏകാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സെന്റർ ഫോർ വൺ ഹെൽത്ത് കേരളയാണ്. ഇതോടൊപ്പം നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചും ആരംഭിച്ചു. ഏകാരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയർമാർക്ക് പരിശീലനവും നൽകി.

മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നതിന് മൃഗങ്ങളുടേയും പ്രകൃതിയുടേയും നിരീക്ഷണം വളരെ പ്രധാനമാണ്. അതിനാൽ തന്നെ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. വൺ ഹെൽത്തിന്റെ ഭാഗമായി വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജില്ലാ മെന്റർമാർ, കമ്മ്യൂണിറ്റി മെന്റർമാർ, കമ്മ്യൂണിറ്റി വോളണ്ടിയർമാർ തുടങ്ങിയവർക്ക് പരിശീലനങ്ങൾ നൽകിയിരുന്നു. നിപ, എംപോക്‌സ്, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ പ്രതിരോധത്തിനും ഏകാരോഗ്യത്തിലൂന്നിയ സമീപനമാണ് സ്വീകരിച്ചു വരുന്നത്.

തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകൾ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ലോകത്ത് 60 മുതൽ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) എടുത്തത്. കേസുകളുടെ എണ്ണം കൂടിയാലും ഫലപ്രദമായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകും. അതനുസരിച്ച് അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് നിർദേശം നൽകിയത്.

അമീബിക്ക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് കേരളം തെളിയിച്ചതാണ്. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെ രോഗമുക്തരാക്കാൻ സാധിച്ചു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തതുകൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടർ നടപടികൾ സ്വീകരിച്ചു. ഈ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വകുപ്പ് വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സിപിആർ അഥവാ കാർഡിയോ പൾമണറി റെസസിറ്റേഷൻ (Cardio Pulmonary Resuscitation) സംബന്ധിച്ച പരിശീലനം എല്ലാവർക്കും നൽകുക എന്ന കർമ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ രീതിയിൽ സിപിആർ നൽകി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാൽ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കർമ്മപദ്ധതിയായി തന്നെ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹൃദയദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്താണ് സിപിആർ?

ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് മൂലം ബോധക്ഷയവും മറ്റ് സങ്കീർണതകളുമുണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചാൽ അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും മസ്തിഷ്‌ക മരണത്തിലേക്ക് എത്തുകയും ചെയ്യും. ഇത് തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗമാണ് സിപിആർ. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാൻ സിപിആറിലൂടെ ഒരു പരിധി വരെ സാധിക്കും.

ഹൃദയാഘാതമുണ്ടായാൽ ഉടൻ സി.പി.ആർ. നൽകിയാൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കിൽ ധാരാളം വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ പൾസും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കുക. ഹൃദയമിടിപ്പ് ഇല്ലെങ്കിൽ സി.പി.ആർ ഉടൻ ആരംഭിക്കുക. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സി.പി.ആർ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളിൽ മറ്റൊരു കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിൽ നെഞ്ചിൽ അമർത്തിയാണ് സിപിആർ നൽകേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നൽകുക. പരിശീലനം ലഭിച്ച ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാർഗമാണിത്. സിപിആർ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കും.

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

പ്രാഥമിക ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

പ്രതിരോധ മാർഗങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം.

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.

മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.

നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയണം.

സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.

പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കണം.

നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം.

പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം.

വെള്ളത്തിന്റെ അളവിനനുസരിച്ച് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ ക്ലോറിനേറ്റ് ചെയ്യണം.

ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.

കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 0471- 2552056, 104

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ കോളേജുകളും ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ 13 ജില്ലകളിൽ കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കുന്നതാണ്. ഇത് കൂടി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴിൽ കാത്ത് ലാബ് സജ്ജമാക്കുക എന്നുളളതെന്നും മന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ 29 നാണ് ലോക ഹൃദയദിനമായി ആചരിക്കുന്നത്. ഹൃദയം കൊണ്ട് നമുക്ക് പ്രവർത്തിക്കാം (Use Heart for Action) എന്നതാണ് ഈ വർഷത്തെ സന്ദേശം. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രോഗലക്ഷണങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചികിത്സ തേടുന്നതിനും ബോധവത്ക്കരിക്കുന്നതിനും ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിനും എല്ലാവരും സന്നദ്ധരായി ഇറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളാണ് രക്താതിമർദവും പ്രമേഹവും. ഇവ നിയന്ത്രിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കി വരുന്നു. സംസ്ഥാന സർക്കാരിന്റെ നൂതന പദ്ധതിയായ ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയിലൂടെ സമൂഹത്തിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലി രോഗങ്ങൾ കുറച്ച് കൊണ്ടുവരാനുള്ള ഒരു സർവ്വേ നടത്തിവരുന്നു. ശൈലി ആപ്ലിക്കേഷനിലൂടെ സർവേയുടെ ഒന്നാം ഘട്ടത്തിൽ ഒന്നര കോടിയിലധികം പേരേയും രണ്ടാംഘട്ടത്തിൽ 30 ലക്ഷത്തോളം പേരേയും സ്‌ക്രീനിങ്ങിന് വിധേയരാക്കാൻ സാധിച്ചു. പ്രമേഹം, തക്താതിമർദം തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഇത്തരം രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങൾ വരുന്നതിനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. സമൂഹത്തിലെ ഈ വലിയൊരു വിപത്ത് മുൻകൂട്ടി കണ്ടെത്തുന്നതിനും അതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനും കുറച്ച് കൊണ്ടുവരുന്നതിനും സാധിക്കുന്നു.

ഹൃദയം മാറ്റിവെക്കാൻ ശസ്ത്രക്രിയ, ഇന്റർവെൻഷണൽ കാർഡിയോളജി ഉൾപ്പെടെയുള്ള നൂതന ഹൃദയ ചികിത്സാരീതികൾ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഹാർട്ട് ഫെയിലർ ക്ലിനിക്കുകൾ, ഹാർട്ട് വാൽവ് ബാങ്കുകൾ തുടങ്ങിയ നൂതന ആശയങ്ങൾ ആരോഗ്യവകുപ്പ് നടപ്പിലാക്കാൻ ലക്ഷ്യം വയ്ക്കുന്ന പദ്ധതികളാണ്.

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയേറ്റിൽ നടന്ന കൂടിക്കാഴ്ചയിലാണ് നീതി ആയോഗ് മെമ്പർ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചത്.

കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം രോഗ പ്രതിരോധത്തിനും കേരളം വലിയ പ്രാധാന്യം നൽകുന്നു. അർഹമായ കേന്ദ്ര വിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാകും. ഫീൽഡ്തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. മെഡിക്കൽ കോളേജുകളുടെ വികസന പ്രവർത്തനങ്ങൾക്കും കൂടുതൽ സഹായം ആവശ്യമാണ്. ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. നിലവിൽ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാൽ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം ആളുകൾക്കാണ് ചികിത്സാ സഹായം നൽകുന്നത്.

ആ വിഹിതം സംസ്ഥാനമാണ് വഹിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളും ചർച്ചയായി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.