Entertainment (Page 237)

ന്യൂഡല്‍ഹി : ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്ത് അര്‍ഹനായി. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. ഏറെ നാള്‍ കഷ്ടപ്പെട്ട ശേഷം 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തന്റെ ആരാധക കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രത്തെ കേഡര്‍ പാര്‍ട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രജനി പുനസംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ ബൂത്തും പ്രവര്‍ത്തകരും ഉള്ള രീതിയില്‍ രജനി ഒരു സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.