നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്ക് നിശ്ചിത ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗം സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും മലഞ്ചരക്ക് കടകൾക്കും നേരിയ ഇളവ് നൽകിയിരിക്കുകയാണ് സർക്കാരിപ്പോൾ. നിശ്ചിത ദിവസങ്ങളിൽ ഇത്തരം കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.

നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയരുത്.വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസവും ബാക്കി ജില്ലകളില്‍ ആഴ്ചകളില്‍ ഒരു ദിവസവും തുറക്കാം.

റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിശ്ചിത ദിവസം ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ലോക്ക്ഡൗണിലും സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകൾക്കും നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.