വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പേരിൽ വായ്പയെടുത്ത് തട്ടിപ്പ്: മലയാളി ട്രസ്റ്റിനെതിരെ കേസ്

ബംഗളൂരു: വിദ്യാർത്ഥികളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തുന്ന ട്രസ്റ്റിനെതിരെ കേസ്. ബംഗളൂരു നഗരത്തിലെ കോളേജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാർത്ഥികളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മലയാളികളുടെ ട്രസ്റ്റിനെതിരെ കേസെടുത്തത്. ബംഗളൂരു ഹെഗ്‌ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ഗൗരി ശങ്കർ, ശ്യാം, ലിജു ജേക്കബ് ജോൺ, അമോൾ, ജോമോൾ ജോസ്, നിഷാ അനിൽ എന്നിവരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ സ്വകാര്യ കോളേജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് രക്ഷിതാക്കളുടെയും കുട്ടികളുടെയും പേരിൽ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നു എന്നാണ് ഇവർക്കെതിരെയുള്ള പരാതി.

വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാം എന്ന് വാഗ്ദാനം നൽകിയ ശേഷം ആയിരുന്നു ഇവർ വ്യക്തിഗത വായ്പ എടുത്തത്. ഹെഗ്‌ഡെ നഗരത്തിലെ കോളേജിൽ പ്രവേശനം ശരിയായി എന്നും ഫീസ് അടച്ചിട്ടുണ്ടെന്നും ഇവർ പിന്നീട് രക്ഷിതാക്കളെയും കുട്ടികളെയും അറിയിക്കും. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആ കോളേജിൽ എത്തിയെങ്കിലും കാര്യമായ ക്ലാസുകൾ ഒന്നും നടന്നില്ല. ഫീസ് അടച്ചില്ലെന്ന കാരണത്താൽ കുട്ടികളെ കോളേജ് അധികൃതർ പുറത്താക്കിയതോടെയാണ് തട്ടിപ്പിനെ കുറിച്ച് ഇവർക്ക് ബോധ്യപ്പെട്ടത്. തങ്ങളുടെ പേരിൽ ട്രസ്റ്റ് വായ്പയെടുത്തെങ്കിലും ഇത് കോളേജിൽ അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിയുമായി പോലീസിനെ സമീപിച്ചത്.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 200ലേറെ വിദ്യാർഥികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.