ആറ് വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി

റാഞ്ചി: ആറ് വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഫ്‌ളാഗ് ഓഫ് കർമ്മം നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളായിരിക്കും പുതിയ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്.

രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നടത്തി. 660 കോടി രൂപയുടെ പദ്ധതിയാണിത്. അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും ഇന്ന് നടന്നു. ഇതോടെ രാജ്യമെമ്പാടുമായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 60 ആയി.

ടാറ്റാനഗർ- പട്‌ന, ഭാഗൽപൂർ- ഡുംക-ഹൗറാ, ഭ്രമാപൂർ- ടാറ്റാനഗർ, ഗയ-ഹൗറ, ദിയോഗർ- വാരണാസി, റൂക്കേല-ഹൗറ എന്നീ പാതകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുക. 2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.