ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് ഫോഗട്ട് ഭാരതത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷെന്നും വേദനിക്കരുതെന്നും അഭിമാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിനേഷ്, നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! ഇന്ത്യയ്ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്. നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നില്ല. വിനേഷ്, നിങ്ങൾ വേദനിക്കാതെ ശക്തമായി തിരിച്ചു വരിക. വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുക. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിംപിക്‌സിൽ ഇന്ത്യക്ക് ഉറപ്പായ മെഡൽ നഷ്മമായി.