ശ്രീനഗർ: ജമ്മുകശ്മീരിൽ സ്‌ഫോടനം. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സോപോറിലെ ഷേർ കോളനിയിലാണ് കടയുള്ളത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.
ട്രക്കിൽ നിന്ന് ആക്രികൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരണപ്പെട്ടത്. നാസിർ അഹമ്മദ് നാദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റാഷിദ് ഭട്ട് (23), മുഹമ്മദ് അസർ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

