140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തങ്ങൾ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ഒരുമിച്ച് ചേർത്തുകൊണ്ട് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകൾ ഉണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷമാണ്. പാർലമെന്റിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് സംവാദങ്ങളാണ്, അല്ലാതെ നാടകങ്ങളും ബഹളങ്ങളുമല്ല. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുംവിധത്തിൽ, ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രതിപക്ഷം പ്രവർത്തിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നു അടിയന്തരാവസ്ഥ. ജൂൺ 25-ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.