ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ നിശ്ചയിച്ച് എൻ ഡി എ യോഗം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം നേതാക്കൾ അറിയിച്ചത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു.
ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കിയിരുന്നു.
അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജിക്കത്ത് നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം രാഷ്ട്രപതിയ്ക്ക് രാജി സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദ്ദേശം നൽകുകയായിരുന്നു.
ഇതിനിടെ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തിലുള്ള ചർച്ചകളിലേക്ക് കടന്നു. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യതയെന്നാണ് വിവരം.