ഇംഫാൽ: മണിപ്പൂരിലെ വർഗീയ സംഘർഷം തടയുന്നതിൽ സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഘടകം. ജനരോഷവും പ്രതിഷേധവും ഇപ്പോൾ ഭരണകൂടത്തിനെതിരായ മാറിയെന്ന് വ്യക്തമാക്കിയാണ് പാർട്ടി സംസ്ഥാന ഘടകം നദ്ദയ്ക്ക് കത്തയച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ എ ശാരദ ദേവിയുടെ നേതൃത്വത്തിലാണ് സംസ്ഥാന നേതാക്കൾ ആശങ്കയറിയിച്ച് നദ്ദയ്ക്ക് കത്തു നൽകിയത്.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ ജനക്കൂട്ടം ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ കുടുംബ വസതിയ്ക്ക് നേരെയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടിന് നേരെയും ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും കത്തിൽ നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജനരോഷവും പ്രതിഷേധവും ഇപ്പോൾ ഗതിമാറിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നുവെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നമ്മുടെ സർക്കാർ രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് തങ്ങൾക്കറിയാമെന്നും നേതാക്കൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൽ വിശ്വാസം തിരികെ കൊണ്ടുവരാൻ ആർട്ടിക്കിൾ 355 റദ്ദാക്കണമെന്നും മുഖ്യമന്ത്രി ഏകീകൃത കമാൻഡ് പുനഃസ്ഥാപിക്കണമെന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു.

