വീരപ്പനെ പിടിക്കാനുള്ള ദൗത്യത്തിനിടെ സ്ത്രീകളെ ബലാത്സംഗം ചെയ്തു; 215 ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി

ചെന്നൈ: വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് നീതി ലഭിച്ചു. കേസിൽ പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.

2011 മുതൽ പ്രതികൾ നൽകിയ അപ്പീലുകൾ കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് പി വേൽമുരുകനാണ് വിധി പ്രസ്താവം നടത്തിയത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ സെഷൻസ് കോടതി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിനാസ്പദമായ സംഭവം നടന്നത് 1992 ജൂൺ മാസമാണ്. ഇരകൾക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. മരണപ്പെട്ട മൂന്നു സ്ത്രീകളുടെ കുടുംബത്തിന് അധിക ധനസഹായം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽ നിന്ന് ഈടാക്കണം. 4 ഐഎഫ്എസുകാർ ഉൾപ്പെടെ വനംവകുപ്പിലെ 126 പേർ, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. റെയ്ഡിനെന്ന് പറഞ്ഞെത്തിയ ഉദ്യോഗസഥർ 18 സ്ത്രീകളെ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞായിരുന്നു വാചാതി ഗ്രാമത്തിൽ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.